Cricket Sports

അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിനെതിരെ വിമര്‍ശനവുമായി അനുരാഗ് ഠാക്കൂര്‍

ഐ.സി.സിക്കെതിരെ ആഞ്ഞടിച്ച് ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ഹിമാചല്‍ പ്രദേശില്‍ ഒരു സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.സി.സി.ഐ. ഇല്ലെങ്കില്‍ ഐ.സി.സിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് വകുപ്പ് സഹമന്ത്രി കൂടിയായ അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചത്.

ഐ.സി.സി.യുടെ വരുമാനത്തിന്‍റെ എഴുപത്തിയഞ്ച് ശതമാനവും ബി.സി.സി.ഐ.യാണ് നല്‍കുന്നത്.ബി.സി.സി.ഐ ഇല്ലെങ്കില്‍ ഐ.സി.സി.ക്ക് ഒരു പ്രസക്തിയുമില്ല. ഇതിനെക്കുറിച്ച് സൌരവ് ഗാംഗുലി അദ്ധ്യക്ഷനായ പുതിയ ബി.സി.സി.ഐ ഭരണസമിതി കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഐ.സി.സി.യില്‍ ഇന്ത്യയ്ക്ക് മതിയായ സ്വാധീനമില്ലെന്ന് അരുണ്‍ ധൂമല്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. അനുരാഗ് ഠാക്കൂറിന്‍റെ സഹോദരനായ അരുണ്‍ ധൂമല്‍ ഇപ്പോള്‍ ബി.സി.സിഐ ട്രഷറര്‍ ആണ്. അരുണിന്‍റെ വിമര്‍ശനത്തിന്‍റെ ചുവട് പിടിച്ചാണ് അനുരാട് ഠാക്കൂറിന്‍റെ പരാമര്‍ശം.