നാളെയാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റിൽ പറത്തി 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2 മണി മുതൽ പരസ്പരം കൊമ്പുകോർക്കും.അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയമാണ് നവീകരിച്ച് പേരുമാറ്റിയത്.
മൊട്ടേരയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതായിരുന്നു. എന്നാൽ, സമീപകാലത്ത് പിച്ച് ബാറ്റിംഗിനെ കുറച്ചുകൂടി സഹായിക്കുന്നതായിട്ടുണ്ട്. പ്രത്യേകിച്ചും ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ട് എന്ന നിലയിൽ പിച്ച് ബാറ്റിംഗിനെ അല്പം കൂടി സഹായിക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിൽ ലീഗ് മത്സരം നടന്ന അതേ പിച്ചാവും ഫൈനലിനും ഉപയോഗിക്കുക എന്നാണ് വിവരം. പിച്ച് സ്ലോ ആണ്. സ്പിന്നർമാർ നേട്ടമുണ്ടാക്കുന്നതുമാണ്.
പാകിസ്താനെ 191 റൺസിനു പുറത്താക്കിയ ഇന്ത്യ കളി 7 വിക്കറ്റിന് വിജയിച്ചിരുന്നു.സ്പിന്നർമാർക്കാണ് കൂടുതൽ പിന്തുണയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ പേസർമാർക്കും പിച്ചിൽ നിന്ന് ആനുകൂല്യം ലഭിക്കും. അതിനർത്ഥം ബാറ്റിംഗ് വളരെ ദുഷ്കരമാവുമെന്നല്ല. ലോകകപ്പിൽ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 300നു മുകളിൽ സ്കോർ നേടിയിട്ടില്ല. ഉയർന്ന സ്കോർ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 286 റൺസാണ്.
നാലിൽ മൂന്ന് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചപ്പോൾ ചേസ് ചെയ്ത് ജയിച്ചതും ഓസ്ട്രേലിയ തന്നെ. അഫ്ഗാനിസ്താനെതിരെ ഗ്ലെൻ മാക്സ്‌വലിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു അത്. ലോകകപ്പിൽ ഈ പിച്ചിലെ ശരാശരി സ്കോർ 251 ആണ്. ആകെ നാല് മത്സരങ്ങളിലായി ആകെ 58 വിക്കറ്റുകൾ വീണപ്പോൾ പേസർമാർ നേടിയത് 35 വിക്കറ്റും സ്പിന്നർമാർ നേടിയത് 22 വിക്കറ്റും. സ്പിന്നർമാർ നേടിയ വിക്കറ്റുകളിൽ 14ഉം ആദ്യ ഇന്നിംഗ്സിലാണ്.