ഇംഗ്ലണ്ടിനെതിരെ 150 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും അഫ്ഗാനിസ്ഥാന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഇന്നലത്തെ മത്സരം. ഈ ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്‍ ബാറ്റിങില്‍ 50 ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ നേടിയ 247 റണ്‍സാണ് അഫ്ഗാനിസ്ഥാന്റെ ഈ ലോകകപ്പിലെ ടോപ് സ്കോറും.
398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ പോലും ജയത്തിനായി ശ്രമം നടത്തിയില്ല. നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാര്‍ ഇംഗ്ലണ്ടിന് അനായാസ ജയം നിഷേധിക്കാനാണ് ശ്രമിച്ചത്. അതില് അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അഫ്ഗാനിസ്ഥാന്‍ ആദ്യമായാണ് 50 ഓവര്‍ തികച്ചും ബാറ്റ് ചെയ്തത്.
ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് അഫ്ഗാന്റെ 8 വിക്കറ്റുകളാണ് നേടാനായത്. ഇതിലും ഏഷ്യന്‍ ടീമിന് അഭിമാനിക്കാന്‍ വകയുണ്ട്. മധ്യനിര ബാറ്റ്സ്മാന്‍ ഹഷ്മത്തുള്ള ഷാഹിദിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന്‍ 247 റണ്‍സ് നേടിയത്. നിലവിലെ ലോകകപ്പിലെ അഫ്ഗാന്റെ ഉയര്‍ന്ന സ്കോറും ഇത് തന്നെ. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ക്രിക്കറ്റില്‍ പടിപടിയായി ഉയര്‍ന്നുവരികയും ചെയ്ത അഫ്ഗാന്‍ ഇത്തവണത്തെ ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ നിരവധിയാണ്.
എന്നാല്‍ ശ്രദ്ധേയ താരങ്ങളായ റഷീദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍ എന്നീ ബൗളര്‍മാര്‍ നിരാശപ്പെടുത്തി. വെടിക്കെട്ട് ബാറ്റിങിന് പേരുകേട്ട അഹമ്മദ് ഷെഹ്സാദ് ടീമിന് പുറത്താവുകയും ചെയ്തു.