ട്വന്റി 20 ക്രിക്കറ്റില്‍ കരീബിയന്‍ താരം ക്രിസ് ഗെയ്‍ലിനോളം ആക്രമണകാരിയായ ബാറ്റ്സ്മാന്‍മാര്‍ കുറവായിരിക്കും. ക്രീസില്‍ താളം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ഗെയ്‍ലിനെ തളക്കുക എന്നത് ബോളര്‍മാര്‍ക്ക് ബാലികേറമല പോലെയാണ്. സംഹാരതാണ്ഡവം തുടങ്ങിയാല്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണൊഴുകും.
കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലും ഗെയ്‍ല്‍, ബോളര്‍മാരുടെ മേല്‍ ആക്രമണം അഴിച്ചുവിടുകയാണ്. ഇന്നലെ എഡ്മണ്ട് റോയല്‍സിനെതിരായ മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെ ഗെയ്‍ല്‍ വെടിക്കെട്ട് ബാറ്റിങിലൂടെയാണ് വിജയത്തിലേക്ക് എത്തിച്ചത്. കേവലം 44 പന്തില്‍ നിന്ന് ഗെയ്‍ല്‍ അടിച്ചുകൂട്ടിയ 94 റണ്‍സാണ് വാന്‍കോവര്‍ നൈറ്റ്സിനെ വിജയതീരത്തെത്തിച്ചത്. 9 സിക്സറും 6 ബൌണ്ടറികളും അടങ്ങുന്നതായിരുന്നു ഗെയ്‍ലിന്റെ ഇന്നിങ്സ്.
എഡ്മണ്ട് റോയല്‍സിന്റെ പാക് താരം ഷബാദ് ഖാനാണ് ഗെയ്‍ലിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. ഷബാദിന്റെ ഒരോവറില്‍ 32 റണ്‍സാണ് ഗെയ്‍ല്‍ അടിച്ചുകൂട്ടിയത്. 6-6-4-4-6-6 ഇങ്ങനെയായിരുന്നു ഗെയ്‍ലിന്റെ വെടിക്കെട്ട്.