ക്രിക്കറ്റിന്റെ സ്വന്തം മണ്ണില്‍ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു കൊഹ്‍ലിയും കൂട്ടരും ഇംഗ്ലണ്ടിലേക്ക് പറന്നത്. പക്ഷേ വിധിയുടെ വിളയാട്ടം പോലെ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യന്‍ ടീം പുറത്തായി.
ഫൈനല്‍ കളിക്കുമെന്ന് അത്രയും വിശ്വാസമുണ്ടായിരുന്നതു കൊണ്ട് ടീമിന്റെ മടക്ക ടിക്കറ്റൊന്നും ബി.സി.സി.ഐ ബുക്ക് ചെയ്തിരുന്നുമില്ല. ഇപ്പോഴിതാ തങ്ങളെ തോല്‍പ്പിച്ചവര്‍ ഫൈനല്‍ കളിക്കുന്നത് കണ്ട് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലാണ് ടീം ഇന്ത്യ. സെമിയില്‍ പുറത്തായതോടെ ടീം അംഗങ്ങള്‍ക്കും സ്റ്റാഫിനും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബി.സി.സി.ഐക്ക് കഴിയാതെ പോയതാണ് കൊഹ്‍ലിയെയും കൂട്ടരെയും കുരുക്കിലാക്കിയത്.
ടീം ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കുമെന്ന് തന്നെയായിരുന്നു ബി.സി.സി.ഐയുടെ ഉറച്ച പ്രതീക്ഷ. എന്നാല്‍ സെമില്‍ കിവീസിനോട് അപ്രതീക്ഷിത തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്. ഇതോടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. സെമി ഫൈനലിന് ശേഷമാണ് നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് ബി.സി.സി.ഐ ശ്രമിച്ചത്. എല്ലാം പെട്ടെന്ന് ആയതുകൊണ്ടാകും ടിക്കറ്റ് ലഭിച്ചതുമില്ല. ഇതോടെ ലോകകപ്പ് ഫൈനല്‍ നടക്കുന്ന 14 വരെ ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ തുടരേണ്ടി വരും എന്ന സ്ഥിതിയിലാണ്. അടുത്തമാസം മൂന്നിനാണ് ഇനി ഇന്ത്യയുടെ അടുത്ത പോരാട്ടം ആരംഭിക്കുക. വെസ്റ്റിന്‍ഡീസിലാണ് പര്യടനം.