Cricket Sports

പാണ്ഡ്യയുടെ തിരിച്ചുവരവ്

ഡിവൈ പാട്ടില്‍ ടി20 കപ്പ് സെമിയില്‍ 55 പന്തില്‍ 158 റണ്‍സ് അടിച്ച് ഹാര്‍ദിക് പാണ്ഡ്യ. ബി.പി.സി.എലിനെതിരെയായിരുന്നു പാണ്ഡ്യയുടെ സ്‌ഫോടനാത്മകമായ ബാറ്റിംങ്. പരിക്കേറ്റ് ഭേദമായി ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്ന പാണ്ഡ്യയുടെ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കുന്നതാണ് ഈ ഇന്നിംങ്‌സ്.

പാണ്ഡ്യയുടെ ബാറ്റിംങ് മികവില്‍ റിലയന്‍സ് വണ്‍ നിശ്ചിത ഓവറില്‍ 4ന് 238 റണ്‍സ് അടിച്ചു. ഡിവെ പാട്ടില്‍ ടി20കപ്പില്‍ ഹാര്‍ദികിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ചൊവ്വാഴ്ച്ച നടന്ന ലീഗ് മത്സരത്തില്‍ പാണ്ഡ്യ 39 പന്തില്‍ 105 റണ്‍സ് അടിച്ചിരുന്നു.

സന്ദീപ് ശര്‍മ്മ(0/37) സില്‍വെസ്റ്റര്‍ ഡിസൂസ(1/56), സാഗര്‍ ഉദേഷി(0/45), ശിവം ദുബെ(2/32) തുടങ്ങി ബി.പി.സി.എല്‍ ടീമിലെ ബൗളര്‍മാരെല്ലാം ഹാര്‍ദികിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താമെന്ന ഹാര്‍ദിക്കിന്റെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ ഇന്നിംങ്‌സ്.
അതേസമയം പരിക്കില്‍ നിന്നും മോചിതനായി തിരിച്ചുവരവിന് ശ്രമിക്കുന്ന മറ്റൊരു താരമായ ശിഖര്‍ധവാന്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിംങില്‍ ബി.പി.സി.എല്‍ 134 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ റിലയന്‍സ് വണ്‍ 104 റണ്‍സിന്റെ കൂറ്റന്‍ജയം ആഘോഷിച്ചു.