Cricket Sports

പാക് പൗരത്വത്തിന് അപേക്ഷിച്ച് വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം; കാരണമിതാണ്…

പെഷവാര്‍ സാല്‍മി ടീമിന്റെ നായകനാണ് ഡാരന്‍ സമി. വിൻ‌ഡീസ് താരത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം അധികൃതര്‍ പറഞ്ഞു. 

വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സമി പാകിസ്താൻ പൗരനാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഓണററി പൗരത്വം തേടിയുള്ള അപേക്ഷ താരം പാക് പ്രസിഡന്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പാകിസ്താൻ സൂപ്പർ ലീഗ് (പി‌.എസ്‌.എൽ) ഫ്രാഞ്ചൈസി പെഷവാർ സാൽമിയുടെ ഉടമയാണ് പൗരത്വവുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നത്. പെഷവാര്‍ സാല്‍മി ടീമിന്റെ നായകനാണ് ഡാരന്‍ സമി. വിൻ‌ഡീസ് താരത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം അധികൃതര്‍ പറഞ്ഞു.

”ഡാരൻ സമിക്ക് വേണ്ടി പാകിസ്താന്റെ ഓണററി പൗരത്വം അപേക്ഷിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അപേക്ഷ നിലവിൽ പ്രസിഡന്റിന്റെ മേശയിലാണ്. പി.സി.ബി ചെയർമാന്റെ പിന്തുണയും തേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അപേക്ഷ അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്,” ജാവേദ് അഫ്രീദിയെ ഉദ്ധരിച്ച് cricketpakistan.com.pk റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് സീസണുകളിലും പാകിസ്താൻ സൂപ്പർ ലീഗിന്റെ (പി.‌എസ്‌.എൽ) ഭാഗമായ സമിക്ക് പാകിസ്താനോട് പ്രത്യേക ഇഷ്ടം തന്നെയുണ്ട്. രാജ്യത്തെ ജനങ്ങളും സമിയെ അവസരം കിട്ടുമ്പോഴൊക്കെ ആഘോഷിക്കാറുമുണ്ട്. പ്രതിസന്ധികളെ തരണംചെയ്ത് പാകിസ്താൻ ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിച്ചപ്പോള്‍, രാജ്യത്ത് കളിക്കാനുള്ള കരാർ നൽകിയ ആദ്യത്തെ അന്താരാഷ്ട്ര താരങ്ങളിൽ ഒരാളാണ് സമി. “എനിക്ക് പാസ്‌പോർട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഈ രാജ്യത്തിനുള്ള എന്റെ സംഭാവനയെല്ലാം ഉള്ളിൽ നിന്നാകണമെന്ന് ഞാൻ കരുതുന്നു. ഈ രാജ്യവുമായി എന്നെ ബന്ധപ്പെടുത്താൻ എനിക്ക് പാസ്‌പോർട്ട് ആവശ്യമില്ല,” സമിയെ ഉദ്ധരിച്ച് cricketpakistan.com.pk റിപ്പോര്‍ട്ട് ചെയ്തു.