Football Sports

കോപക്ക് നാളെ കിക്കോഫ്

കോപ്പ അമേരിക്ക ഫുട്‌ബോളിന് നാളെ കിക്കോഫ്. ആതിഥേയരായ ബ്രസീലും ബൊളീവിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. മൂന്ന് ഗ്രൂപ്പുകളിലാണ് 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ക്രിക്കറ്റ് ലോകകപ്പ് മഴയില്‍ മുങ്ങുമ്പോള്‍ കോപ്പയിലെ കൊടുങ്കാറ്റിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. പ്രതാപം തിരിച്ചുപിടിച്ച് ലാറ്റിനമേരിക്കയുടെ സിംഹാസനം സ്വന്തമാക്കാന്‍ ലോകഫുട്‌ബോളിലെ നക്ഷത്രങ്ങള്‍ ബൂട്ട് കെട്ടുമ്പോള്‍ രാപ്പകലുകളില്‍ ആവേശം നിറയും.

ചിലിയാണ് 2015 മുതല്‍ ലാറ്റിനമേരിക്ക അടക്കി ഭരിക്കുന്നത്. ചിലിയെ താഴെയിറക്കി കിരീടം നേടാനൊരുങ്ങുകയാണ് മെസിയും അര്‍ജന്റീനയും… സമീപകാലത്തെ മുറിവുണയ്ക്കാന്‍ നെയ്മറിന്റെ അഭാവത്തിലും ഒരു കിരീടം വേണം ബ്രസീലിന് കടലാസിലെ കരുത്ത് കളത്തിലും കാണിക്കണം… കൊളംബിയക്ക്, പഴയ പ്രതാപം തിരിച്ചു പിടിക്കണം യുറുഗ്വായ്ക്ക്… ഈ മോഹങ്ങളെല്ലാം തച്ചുടച്ച് മൂന്നാം കിരീടത്തിനായി പ്രതിരോധം തീര്‍ക്കണം ചിലിക്ക്…

ബ്രസീലിലെ അഞ്ച് നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ പങ്കെടുക്കും. ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കൊപ്പം ക്ഷണിതാക്കളായ ജപ്പാനും ഖത്തറും ഭാഗ്യം പരീക്ഷിക്കും. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് പുറമെ മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാര്‍ട്ടറിലേക്ക് മുന്നേറുന്ന തരത്തിലാണ് ടൂര്‍ണമെന്റിന്റെ ഘടന. നാളെ രാവിലെ ഇന്ത്യന്‍ സമയം 6 മണിക്ക് ബ്രസീലും ബൊളീവിയയും തമ്മിലാണ് ഉദ്ഘാടന മത്സരം.