ഫിഫ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസിനെ തകർത്തത്. അർജന്റീനിയൻ താരം അൽവാരസ് തുടങ്ങിവെച്ച ഗോൾ വേട്ടയിലൂടെയാണ് ക്ലബ് ലോകകപ്പ് കിരീടം വീണ്ടുമൊരിക്കൽ കൂടി മാഞ്ചസ്റ്റർ സിറ്റി ഉയർത്തിയത്. ക്ലബ് ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് അൽവാരസ് നേടിയത്.
ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസ് എഫ്.സിക്കെതിരെ സിറ്റി ഗോൾ നേടി. ജൂലിയൻ അൽവാരസാണ് ആദ്യ മിനിറ്റിൽ വലചലിപ്പിച്ചത്. 27-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ഗോൾ നേട്ടം ഇരട്ടിയാക്കി. ഫ്ലൂമിനൻസെ താരത്തിന്റെ സെൽഫ് ഗോളാണ് സിറ്റിയുടെ ലീഡ് ഉയർത്തിയത്. സിറ്റി താരം ഫിൽ ഫോഡന്റെ ഷോട്ട് തടയാൻ ശ്രമിച്ച നിനോയുടെ കാലിൽ തട്ടി ഗോൾ പോസ്റ്റിലേക്ക് ഉയർന്ന് വീഴുകയായിരുന്നു.
ആദ്യ പകുതിയിൽ പിന്നീടും മാഞ്ചസ്റ്റർ സിറ്റി ഗോൾ ശ്രമങ്ങൾ തുടർന്നു. പക്ഷേ വലചലിപ്പിക്കാൻ കഴിഞ്ഞില്ല. 72-ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയ്ക്കായി വീണ്ടും വലകുലുക്കി. 88-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് തന്റെ ഗോൾ നേട്ടം രണ്ടാക്കി. ഇതോടെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളിന് മുന്നിലെത്തി.
ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരു വർഷത്തിൽ സ്വന്തമാക്കുന്നത്.