Football Sports

‘മെസി നേടിയതിന്റെ ഒരു ശതമാനം മറഡോണക്കില്ല” ഷിലാവര്‍ട്ട്

ലോകകപ്പ് മെസി നേടിയിട്ടില്ലെന്ന പോരായ്മ ചൂണ്ടിക്കാണിക്കുന്നവരോട് മെസിയുടെ ട്രോഫികള്‍ വെക്കുന്ന ഷെല്‍ഫ് സംസാരിക്കുമെന്ന മറുപടിയാണ് ഷിലാവര്‍ട്ട് നല്‍കുന്നത്…

മെസിയോ മറഡോണയോ? എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് പരാഗ്വയുടെ എക്കാലത്തേയും മികച്ച ഗോളികളിലൊരാളായ യോസെ ലൂയിസ് ഷിലാവര്‍ട്ട്. മെസിയാണ് ലോകത്തിലെ മികച്ച താരമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പറയുന്ന ഷിലാവര്‍ട്ട് മെസി നേടിയതിന്റെ ഒരു ശതമാനം പോലും മറഡോണ നേടിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. റേഡിയോ റിവാള്‍ഡാവിയയോടായിരുന്നു ഷിലാവര്‍ട്ടിന്റെ പ്രതികരണം.

ലോകകപ്പ് മെസി നേടിയിട്ടില്ലെന്ന പോരായ്മ ചൂണ്ടിക്കാണിക്കുന്നവരോട് മെസിയുടെ ട്രോഫികള്‍ വെക്കുന്ന ഷെല്‍ഫ് സംസാരിക്കുമെന്ന മറുപടിയാണ് ഷിലാവര്‍ട്ട് നല്‍കുന്നത്. സ്‌പെയിന് പകരം അര്‍ജന്റീനക്കുവേണ്ടി മെസി കളിക്കാന്‍ തയ്യാറായതിന് അര്‍ജന്റീനക്കാര്‍ മെസിയോട് നന്ദി പറയണമെന്നും ഷിലാവര്‍ട്ട് പറയുന്നു.

കളിക്കളത്തിലെ പരുക്കന്‍ പെരുമാറ്റമാണ് ബുള്‍ഡോഗ് എന്ന വിളിപ്പേര് ഷിലാവര്‍ട്ടിന് ചാര്‍ത്തിക്കൊടുത്തത്. മറഡോണയും ഷിലാവര്‍ട്ടും കളിക്കുന്ന സമയത്തേ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. മറഡോണയുടെ ബോക്ക ജൂനിയേഴ്‌സും ഷിലാവര്‍ട്ടിന്റെ വെലസ് സാര്‍സ്ഫീല്‍ഡും ഏറ്റുമുട്ടിയപ്പോള്‍ ഇരു താരങ്ങളും കൊമ്പുകോര്‍ത്തതും ഷിലാവര്‍ട്ട് ഓര്‍ത്തു. മറഡോണ എന്നെ ബഹുമാനിച്ചില്ല. ഞാന്‍ പ്രതികരിച്ചു. ഇവിടെ ഉത്തേജക നിയന്ത്രണ പരിപാടികളുണ്ടെന്ന് പറഞ്ഞപ്പോള്‍ മറഡോണ ദേഷ്യപ്പെട്ടുവെന്നാണ് ഷിലാവര്‍ട്ട് പറഞ്ഞത്.

ഗോളടിക്കുന്ന ഗോളികളില്‍ ശ്രദ്ധേയനാണ് ഷിലാവര്‍ട്ട്. പരാഗ്വെ ദേശീയ ടീമിനും ക്ലബുകള്‍ക്കുമായി 67 ഗോളുകളാണ് ഷിലാവര്‍ട്ട് അടിച്ചിട്ടുള്ളത്. അര്‍ജന്റെയ്ന്‍ ക്ലബ് വെലസ് സാര്‍സ്പീല്‍ഡിന്റെ താരമായിരുന്നപ്പോള്‍ ഹാട്രിക് നേടിയും ഷിലാവര്‍ട്ട് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.