Football Sports

മെസിയോ ലെവൻഡോസ്‌ക്കിയോ? ഫുട്ബോൾ ലോകം കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം …

ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2015 ചാമ്പ്യൻസ് ലീഗ് സെമിയിലാണ്.

ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പോരാട്ടത്തിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിക്കുക. ചാമ്പ്യൻസ് ലീഗ് രണ്ടാം ക്വാർട്ടറിൽ ഇന്ന് സ്പാനിഷ് ക്ലബ്‌ ബാഴ്‌സലോണ ജർമന്‍ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലുകളിലെ തന്നെ ക്ലാസിക്ക് പോരാട്ടമാണ് ബാഴ്സ – ബയേൺ മത്സരം.

നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഒരു നേരിയ മുൻതൂക്കം ബയേണിനാണ്. പ്രീക്വാർട്ടറിൽ ബയേൺ ചെൽസിയെ ഇരുപാദങ്ങളിലുമായി 7 -1ന് തകർത്തിരുന്നു. പതിമൂന്ന് ഗോളുകൾ നേടി ചാമ്പ്യന്‍സ് ലീഗിൽ ഗോൾ വേട്ടയിൽ മുന്നിലാണ് ലെവൻഡോസ്‌കി. താരം മിന്നും ഫോമിലാണെന്നത് ബയേണിന്റെ കരുത്ത്‌ കൂട്ടുന്നു. ബുണ്ടസ്‍ലിഗില്‍ 34 ഗോളുകള്‍ നേടി ലെവൻഡോസ്‌കി ബയേണിനെ കിരീടത്തിലെത്തിച്ചു. തോമസ് മുള്ളർ ഫോം വീണ്ടെടുത്തതും ടീമിന് പ്രതീക്ഷനൽകുന്നു. പരിക്കേറ്റ ബെഞ്ചമിൻ പവാർഡിന് പകരം ജോഷ്വ കിമ്മിച്ച് ബയേണിന്‍റെ പ്രതിരോധകോട്ട കാക്കും.

ബാഴ്‌സ ഇപ്പോൾ അത്ര നല്ല ഫോമിലെല്ലെങ്കിലും പ്രീ ക്വാർട്ടറിൽ നാപോളിയെ തകർത്തത് ബാഴ്‌സ ആരാധകർക്ക് ആശ്വാസം പകരുന്നുണ്ട്. മെസി മികച്ച ഫോമിലാണെകിലും മറ്റു താരങ്ങൾ അതിനൊത്ത് ഉയരാത്തത് ബാഴ്‌സയെ പ്രതിരോധത്തിലാക്കും. ഗ്രീസ്മാനും സുവാരസും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്തത് ബാഴ്സ ക്യാമ്പിൽ തലവേദന സൃഷ്ടിക്കും. സെർജിയോ ബുസ്കെറ്റ്സും വിദാലും ടീമിലേക്കു തിരിച്ചെത്തിയതും ഡിയോങ്ങ് ക്വാർട്ടറിൽ പുറത്തെടുത്ത മികച്ച പ്രകടനവും ബാഴ്‌സക് പ്രതീക്ഷ നൽകുന്നുണ്ട്.

ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2015 ചാമ്പ്യൻസ് ലീഗ് സെമിയിലാണ്. അന്ന് ബാഴ്‌സ 5 – 3 ന് വിജയിച്ചിരുന്നു. അതിന് പകരം വീട്ടാൻ കൂടിയാണ് ബയേൺ ഇന്ന് ഇറങ്ങുന്നത്. ഇന്ന് രാത്രി 12:30 എസ്റ്റാദിയോ ദാ ലൂസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക