Football Sports

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടം ; മെസിയും ലെവൻഡോസ്‌കിയും നേർക്കുനേർ; ടീമും സാധ്യതകളും..

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പി.എസ്ജി- അറ്റ്‌ലാന്റ മത്സരമാണ് ആദ്യം

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങൾ ക്വാര്‍ട്ടറിലേക്ക് എത്തിനിൽക്കുമ്പോൾ തീപാറും എന്നതിൽ സംശയമില്ല. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പി.എസ്.ജി- അറ്റ‌ലാന്റ മത്സരമാണ് ആദ്യം.

2015/16 ന് ശേഷം ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലാണ് പാരീസ് എസ്‌ജി. ഗ്രൂപ്പ് ഘട്ടങ്ങളിൽ അജയരായിട്ടാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തിയത്. നെയ്മർ എംബപ്പേ പോലുള്ള ലോകോത്തര താരങ്ങളിലാണ് പി.എസ്.ജിയുടെ പ്രതീക്ഷ. എന്നാൽ അറ്റലാന്റായെ തള്ളിക്കളയാനും കഴിയില്ല. ഏത് വമ്പന്മാരെയും വിറപ്പിക്കാൻ കെല്പുള്ള ടീമാണ് അറ്റ‌ലാന്റ.

ബയേൺ -ബാഴ്സ പോരാട്ടം

ക്വാര്‍ട്ടര്‍ ഫൈനലിലെ തന്നെ മികച്ച പോരാട്ടമാണ് ബാഴ്സ – ബയേൺ മത്സരം. ശനിയാഴ്ച എസ്റ്റാദിയോ ദാ ലൂസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പതിമൂന്ന് ഗോളുകൾ നേടി ചാമ്പ്യന്‍സ് ലീഗിൽ ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്ന ലെവൻഡോസ്‌കി മിന്നും ഫോമിലാണ്. കരിയറിലെ തന്നെ മികച്ച ഫോമിലാണ് ലെവൻഡോസ്‌കി. ബുണ്ടസ്‍ലിഗില്‍ 34 ഗോളുകള്‍ നേടി ലെവൻഡോസ്‌കി ബയേണിനെ കിരീടത്തിലെത്തിച്ചു. എന്നാൽ ബാഴ്സയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. സ്പാനിഷ് ലീഗ് കിരീടം നഷ്ടമായതും താരങ്ങളുടെ ഫോമില്ലായ്മയും ബാഴ്‌സയെ വലയ്ക്കുന്നുണ്ട്. മെസി മികച്ച ഫോമിലാണെകിലും മറ്റു താരങ്ങൾ അതിനൊത്ത് ഉയരാത്തത് ബാഴ്‌സയെ പ്രതിരോധത്തിലാക്കും. ഗ്രീസ്മാനും സുവാരസും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്തത് ബാഴ്സ ക്യാമ്പിൽ തലവേദന സൃഷ്ടിക്കും. മധ്യനിരയിൽ റാകിറ്റിച്ചും ,ഡിയോങ്ങും ഇനിയും മുന്നേറണം.

കോവിഡ് ഭീതിയിൽ അത്‌ലറ്റികോ മാൻഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റെഡ്ബുൾ ലീപ്‌സിഷിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി രണ്ട് കളിക്കാരുടെ കോവിഡ് പരിശോധനാ ഫലങ്ങൾ. വിംഗർ എയ്ഞ്ചൽ കൊറയ, റൈറ്റ് ബാക്ക് സിമി വിർസാലികോ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇരുവർക്കും ക്വാർട്ടർ ഫൈനൽ മത്സരം കളിക്കാനാവില്ലെന്നുറപ്പായി. ഇരുവരും തങ്ങളുടെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്ന് ക്ലബ്ബ് അറിയിച്ചു. കഴിഞ്ഞ ഏഴു സീസണുകളിൽ അഞ്ചാം തവണയും അറ്റ്ലാറ്റിക്കോ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തി. ബാഴ്സലോണയും ബയേൺ മ്യൂണിക്കും മാത്രമാണ് ഈ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റു ടീമുകൾ. അതേസമയം റെഡ്ബുൾ ലീപ്‌സിഷിന്റെ ആദ്യ ക്വാട്ടർ ഫൈനൽ പോരാട്ടമാണിത്. ലിവര്‍പൂളിനെ മറികടന്നാണ് അത്‌ലറ്റികോ ക്വാര്‍ട്ടറിലെത്തിയത്. ഇരുപാദങ്ങളിലുമായി 4-2നായിരുന്നു അത്‌ലറ്റികോയുടെ ജയം. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30നാണ് അത്‌ലറ്റികോ-റെഡ്ബുൾ ലീപ്‌സിഷ് മത്സരം.

മാഞ്ചസ്റ്റര്‍ സിറ്റി- ലിയോൺ പോരാട്ടം

ക്വാർട്ടറിൽ ചൊവ്വാഴ്‌ച സിറ്റിയും ലിയോണും ഏറ്റുമുട്ടും. ലിസ്‌ബണിലാണ് മത്സരം. റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയും യുവന്റസിനെ മുട്ടുകുത്തിച്ചാണ് ലിയോണും ക്വാര്‍ട്ടറില്‍ എത്തിയത്. ക്വാർട്ടറിൽ ചൊവ്വാഴ്‌ച സിറ്റിയും ലിയോണും ഏറ്റുമുട്ടും. ലിസ്‌ബണിലാണ് മത്സരം. കണക്കുകളിൽ മുൻപൻ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണെകിലും യുവന്റസിനെ അട്ടിമറിച്ച ലിയോണും ശക്തർ തന്നെ. ജെസ്യൂസും,റഹിം സ്‌റ്റെർലിങ്ങും മികച്ച ഫോമിലാണ് എന്നത് മാഞ്ചസ്റ്റർ സിറ്റിക് മുൻതൂക്കം നൽകും.