സ്വപ്ന സെമിയിൽ അർജന്റീനയെ തളച്ച് ബ്രസീല്‍ ഫൈനലിലേക്ക്. എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറികളുടെ വിജയം. ആദ്യ പകുതിയുടെ രണ്ടാം മിനിറ്റിൽ തന്നെ അർജന്റീനിയൻ പ്രതിരോധത്തിലെ വിള്ളലുകൾ മനസ്സിലാക്കി ബ്രസീലിൽ നിന്നും ഒരു ഗോൾ ശ്രമം വന്നെങ്കിലും അർമാനി അത് കൈപ്പിടിയിലൊതുക്കി. എന്നാൽ അതേ പ്രതിരോധ വിള്ളലുകൾ കൈമുതലാക്കി ബ്രസീൽ നായകൻ ഡാനിയാൽവിസിന്റെ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസസിന്റെ മനോഹരമായ ഫിനിഷ്. പത്തൊമ്പതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ. സ്കോർ 1-0.
അതിനുശേഷം പല തവണ അർജന്റീന മുന്നേറ്റങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. മെസി എടുത്ത ഫ്രീക്കിക്ക് അഗ്വേറോയുടെ ഹെഡ്ഡറിലൂടെ ഗോൾ വല ചലിപ്പിക്കാൻ മുന്നേറിയെങ്കിലും ക്രോസ് ബാറിൽ തട്ടി അത് മിസ് ആവുകയായിരുന്നു. ആദ്യ പകുതിയിൽ 51 ശതമാനം പൊസെഷനും അർജന്റീനക്കൊപ്പമായിരുന്നു. ആദ്യ പകുതിയിൽ മൂന്ന് മഞ്ഞ കാർഡുകൾ പിറന്നു.
രണ്ടാം പകുതിയുടെ തുടക്കം മുതലേ അർജന്റീനിയൻ ആക്രമണത്തിനാണ് മത്സരം സക്ഷ്യം വഹിച്ചത്. മെസിയുടെയും അ
ഗ്വേറോയുടെയും നിരവധി അവസരങ്ങൾ ഗോൾ പോസ്റ്റിനടുത്ത് കൂടെ വിളയാടി. അറുപത്തിയാറാം മിനിറ്റിൽ മെസിയുടെ ഫ്രീക്കിക്ക് ബ്രസീലിയൻ ഗോളി അലിസെൻ ബെക്കർ തടഞ്ഞു. എന്നാൽ എഴുപത്തിയൊന്നാം മിനിറ്റിൽ ഗബ്രിയേൽ ജീസസിന്റെ മുന്നേറ്റത്തിൽ റൊബേർട്ടോ ഫെർമീന്വോ അർജന്റീനിയൻ ഗോൾ വല കുലുക്കി. ശേഷമുള്ള കാര്യങ്ങൾ ബ്രസീലിന് എളുപ്പമായിരുന്നു. സ്വപ്ന സെമിയിൽ മിശിഹായുടെ അർജന്റീനയെ മുട്ടുകുത്തിച്ച് കാനറി പക്ഷികൾ കോപ അമേരിക്ക ഫൈനലിലേക്ക് പറന്നുയർന്നു. അഞ്ച് മഞ്ഞ കാർഡുകൾ അർജന്റീനക്ക് ലഭിച്ചപ്പോൾ രണ്ടെണ്ണമാണ് ബ്രസീലിന് ലഭിച്ചത്.