Football Sports

ഹൈദരാബാദ് മുട്ടുകുത്തി; ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഹൈദരാബാദ് എഫ്.സിയെ ബ്ലാസ്റ്റേഴ്സ് തകര്‍ത്തെറിഞ്ഞത്. പതിനാലാം മിനുറ്റില്‍ ബോബോയിലൂടെ ഹൈദരാബാദ് ആധിപത്യം നേടിയെങ്കിലും പിന്നീടൊരിക്കലും ബ്ലാസ്റ്റേഴ്സ് വല കുലുക്കാന്‍ ഹൈദരാബാദിനായില്ല. പക്ഷെ, തുടരെ തുടരെ അഞ്ച് തവണ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു.

മുപ്പത്തിമൂന്നാം മിനുറ്റില്‍ ബാര്‍ത്തലോമ്യോ ഓഗ്ബെച്ചെ ആദ്യ ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിന്‍റെ വെടിക്കെട്ടിന് തിരി കൊളുത്തി. പിന്നീട് ഡ്രൊബാറോവ്, മെസി ബൌളി, സെത്യാസിങ് സെന്‍, ഒടുവില്‍ ഓഗ്ബെച്ചെ എഴുപത്തിയഞ്ചാം മിനുറ്റില്‍ അഞ്ചാം ഗോളും നേടി ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചു. ടൂര്‍ണ്ണമെന്‍റിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. ഒരു മത്സരം മാത്രം വിജയിച്ച ഹൈദരാബാദ് പത്താം സ്ഥാനത്താണ്.