ലയണൽ മെസി ബാഴ്സലോണയിൽ തുടർന്നാൽ താൻ രാജി വെക്കാമെന്ന് ബാഴ്സ പ്രസിഡൻ്റ് ജോസപ് മാർതോമ്യു. വിവിധ സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താൻ ക്ലബിൽ തുടരുമെന്ന് പരസ്യമായി മെസി അറിയിച്ചാൽ രാജിവെക്കാമെന്ന് ബാഴ്സ പ്രസിഡൻ്റ് പറഞ്ഞു എന്നാണ് റിപ്പോർട്ട്. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമായി മെസി കരാറിലെത്തിയെന്നും തീരുമാനം ഉടൻ അദ്ദേഹം പരസ്യമായി അറിയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ബാർതോമ്യു രാജിവച്ച് മെസി ക്ലബിൽ തുടരണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിനു പുറത്ത് തടിച്ചു കൂടിയ ബാഴ്സലോണ ആരാധകർ ഇതേ ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും ബാർതോമ്യുവിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. ഇതേ ആവശ്യവുമായി ബാഴ്സലോണ അംഗങ്ങളുടെ ഏറ്റവും വലിയ സംഘടനയായ മാനിഫെസ്റ്റ് ബ്ലോഗ്രാനയും രംഗത്തെത്തി. ബാഴ്സ ബോർഡിനെതിരെ ഇവർ വിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബാർതോമ്യു രാജിവെക്കണമെന്ന് ബോർഡ് മീറ്റിംഗിൽ അംഗങ്ങൾ ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടുണ്ട്.
ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.