മലപ്പുറം സ്വദേശിയായ അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ. എം.എസ്.പി ഫുട്ബോൾ അക്കാദമിയില്‍ നിന്ന് കാല്‍പ്പന്ത് കളി തുടങ്ങിയ അര്‍ജുന്‍, 2012 ല്‍ സുബ്രതോ കപ്പിലെ മികച്ച താരമായി വളര്‍ന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാല ടീമിന്റെ കുന്തമുന ആയി. കാലിക്കറ്റ് യൂണിവേഴ്‍സിറ്റിയും ഗോകുലം എഫ്.സിയുമായി നടന്ന സൗഹൃദ മത്സരത്തിലെ മിന്നും പ്രകടനം അര്‍ജുനെ ഗോകുലം കേരള എഫ്.സിയില്‍ എത്തിച്ചു.
കേരള പ്രീമിയര്‍ ലീഗില്‍ അര്‍ജുന്റെ മാന്ത്രികതാളം ഗോകുലം മാത്രമല്ല, എതിരാളികളും ശരിക്കുമറിഞ്ഞു. 2017- 18 സീസണില്‍ ആകെയൊരു ഗോളായിരുന്നു അര്‍ജുന്റെ സമ്പാദ്യം. പക്ഷേ ആ സുവര്‍ണഗോള്‍ കലാശപ്പോരിലായിരുന്നു. ഗോകുലത്തെ ജേതാക്കളാക്കിയ ഗോള്‍. തുടര്‍ന്ന് ഗോകുലം ഐ-ലീഗ് ടീമിലേക്ക് അര്‍ജുനെ ഉയര്‍ത്തി. 2017 ലാണ് അര്‍ജുന്‍ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയത്. ഇന്ത്യന്‍ ആരോസിനെതിരെയായിരുന്നു അരങ്ങേറ്റം.
പന്തിന് വെടിയുണ്ടയുടെ വേഗം പകരാന്‍ ഇരു കാലുകളും ഒരുപോലെ പ്രയോഗിക്കുന്ന താരമാണ് അര്‍ജുന്‍. ഇതു തന്നെയാണ് അര്‍ജുനെ ടീമിലെ ശക്തനാക്കുന്നതും. ഐ.എസ്.എല്ലിൽ കളിക്കുക എന്നത് ഓരോ ഇന്ത്യൻ ഫുട്ബോൾ കളിക്കാരന്റെയും സ്വപ്നമാണെന്ന് അര്‍ജുന്‍ പറഞ്ഞു.