കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുന്നു. ശക്തരായ കൊളംബിയയാണ് മിശിഹാ സംഘത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് മത്സരം.
ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വെനസ്വേല പെറുവിനെ നേരിടും. ലയണല്‍ മെസിയും സംഘവും ഇന്ന് പ്രയാണം തുടങ്ങുകയാണ്. കഴിഞ്ഞ രണ്ട് തവണയും കോപ്പയില്‍ വീണ കണ്ണീര് തുടയ്ക്കാന്‍, വിമര്‍ശകരുടെ വായടപ്പിക്കാന്‍.
പതിവുപോലെ വിഭവസമൃദ്ധമാണ് നീലപ്പട. പട നയിക്കാന്‍ നയിക്കാന്‍ മെസി. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ അഗ്യൂറോ, ലോസെല്‍സോയും റോബര്‍ട്ടോ പെരേരയും തൊട്ടുപിന്നില്‍. ഒട്ടാമെന്‍ഡിയും അക്യൂണയും ടാഗ്ലിയാഫിക്കോയും ഒക്കെ അടങ്ങുന്ന പ്രതിരോധവും ശക്തം. ബാറിന് കീഴില്‍ പരിചയ സമ്പന്നനായ ഫ്രാങ്കോ അര്‍മാനിയുണ്ട്.
ഡി മരിയയും ഡിബാലയും അടക്കമുള്ള സൂപ്പര്‍ താരങ്ങളാണ് ലയണല്‍ സ്കലോണിയുടെ സൈഡ് ബെഞ്ചില്‍. എന്നാല്‍ എതിരാളികള്‍ ദുര്‍ബലരല്ല. ഫാല്‍ക്കാവോ നയിക്കുന്ന ടീമില്‍ ഹേമസ് റോഡ്രിഗസ്, ഡുവാന്‍ സപാറ്റ, യുവാന്‍ ക്വാഡ്രാഡോ തുടങ്ങിയ പ്രമുഖരുണ്ട്.
യെറി മിനയുടെ നേതൃത്വത്തിലുള്ള പ്രതിരോധം ഏത് ആക്രമണവും തടയാന്‍ പര്യാപ്തമാണ്. പിന്നില്‍ ഒസ്പിന കൂടിയാകുമ്പോള്‍ കൊളംബിയന്‍ ഗോള്‍ വല തുളയ്ക്കുക അത്ര എളുപ്പമല്ല.
പക്ഷെ കളത്തിലും കണക്കിലും അര്‍ജന്റീനയ്ക്ക് വ്യക്തമായ മേധാവിത്വമുണ്ട്. കഴിഞ്ഞ 8 മത്സരങ്ങളില്‍ ഒന്നില്‍ പോലും അവര്‍ കൊളംബിയയോട് തോറ്റിട്ടില്ല. സീസണില്‍ മിന്നുന്ന ഫോമിലുള്ള മെസി ആകാശ നീലയിലും നിറഞ്ഞാടിയാല്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ അനായാസമാകും.