Football Sports

ലോകകപ്പ് യോഗ്യതാ റൗണ്ട്; ഖത്തറിനെതിരെ സുനില്‍ ചേത്രി ഇറങ്ങുന്ന കാര്യത്തില്‍ സംശയം

ലോകകപ്പ്-ഏഷ്യാകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയിന്ന് ഖത്തറിനെ നേരിടും. അസുഖം കാരണം വിശ്രമത്തിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഇന്ന് രാത്രി 7.30 ന് ദോഹയിലാണ് മത്സരം. ഒമാനോട് തോറ്റ ഇന്ത്യയും അഫ്ഗാനെ ആറ് ഗോളിന് തകര്‍ത്ത ഖത്തറും ഏഷ്യന്‍ ചാംപ്യന്മാരുമായി മുഖാമുഖം വരുമ്പോള്‍ അങ്കലാപ്പ് മുഴുവന്‍ ഇന്ത്യന്‍ ക്യാമ്പിലാണ്. സുനില്‍ ചേത്രിയെന്ന വജ്രായുധം ഇന്ന് ഇന്ത്യന്‍ നിരയിലുണ്ടാകുമോയെന്ന കാര്യവും സംശയമാണ്. വൈറല്‍ പനി കാരണം ബുദ്ധിമുട്ടുന്ന ചേത്രി കഴിഞ്ഞ രണ്ട് ദിവസവും ട്രെയിനിങ്ങിനിറങ്ങിയിട്ടില്ല. ചേത്രിക്ക് പകരം മുന്നേറ്റ നിരയില്‍ ബല്‍വന്ത് സിങ് കളിക്കാനാണ് സാധ്യത.

മുന്നേറ്റ നിരയില്‍ മലയാളി താരം ആഷിഖ് കുരുണിയന് പകരം യുവതാരം സഹല്‍ അബ്ദുല്‍സമദിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. റോളണ്ട് ബോര്‍ഗെസിനെ ആശ്രയിച്ചായിരിക്കും മധ്യനിരയില്‍ കോച്ച് ഇഗര്‍ സ്റ്റിമാച്ച് കളി മെനയുക. എന്നാല്‍ അവസാന മിനുട്ടുകളില്‍ ഗോള്‍ വഴങ്ങുന്ന പതിവ് വീഴ്ച്ച ഒമാനെതിരെയും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. പാളിച്ചകള്‍ പരിഹരിച്ചുകൊണ്ടാകും ഖത്തറിനെതിരെ ടീമിറങ്ങുകയെന്ന് ഇന്ത്യന്‍ കോച്ച് ഇഗര്‍ സ്റ്റിമാച്ച് പറഞ്ഞു. ഒമാനെതിരെ രണ്ടാം ഗോള്‍ വഴങ്ങാന്‍ കാരണക്കാരനായ പ്രതിരോധ നിരക്കാരന്‍ രാഹുല്‍ ഭെകെക്ക് പകരം പ്രീതം കോട്ടാല്‍ ഇടം പിടിച്ചേക്കും. മറുഭാഗത്ത് അഫ്ഗാനെതിരെ ഹാട്രിക് നേടി ഫോമിലേക്ക് തിരിച്ചെത്തിയ അല്‍മോയസ് അലി തന്നെയായിരിക്കും ഖത്തറിന്‍റെ കുന്തമുന. ഇന്ത്യയെ അശക്തരായി കാണുന്നില്ലെന്നും സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാണ് ശ്രമിക്കുകയെന്നും ഖത്തര്‍ പരിശീലകന്‍ ഫെലിക്സ് സാഞ്ചസ് പറഞ്ഞു. ഇന്ന് രാത്രി ഖത്തര്‍ സമയം 7.30ന് ദോഹ അല്‍സദ്ദ് സ്റ്റേഡിയത്തിലാണ് മത്സരം.