സ്വിറ്റ്‌സർലാന്റിൽ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്‌സ്. സ്വിറ്റ്സർലാന്റിലെ റുംലാങ്ങിൽ സൂറിച്ച് വിമാനത്താവളത്തിനടുത്ത് ഇന്റർ സിറ്റി ഹോട്ടൽ നിർമിക്കാൻ സ്വിസ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ നെക്രോൺ എജിയുമായി ധാരണയിലായതോടെയാണിത്. ഇന്റർസിറ്റി ഹോട്ടലിലൂടെ യൂറോപ്പിലെ പ്രധാനമേഖലയിൽ സാന്നിദ്ധ്യമുറപ്പിച്ച ട്വന്റി 14 ഹോൾഡിംഗ്‌സിന് യു.കെ, മിഡിലീസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി 750 ദശലക്ഷം യു.എസ് ഡോളറിന്റെ ആസ്തിയാണ് ആഡംബര ഹോട്ടൽ രംഗത്ത് മാത്രമുള്ളത്.
260 മുറികളുള്ള 4 സ്റ്റാർ വിഭാഗത്തിൽപ്പെടുന്ന ഇന്റർസിറ്റി ഹോട്ടൽ റുംലാങ്ങ് സ്റ്റേഷൻ എ വൺ മോട്ടോർവേയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. 10 മിനുട്ട് കൊണ്ട് സൂറിച്ച് വിമാനത്താവളത്തിലേക്കും സിറ്റി സെന്ററിലേക്ക് 15 മിനുട്ടും കൊണ്ട് എത്താൻ സാധിക്കും. യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കാനുള്ള സൗകര്യങ്ങൾ, ഭക്ഷണശാല, ഫിറ്റ്നെസ് സെന്റർ, സ്പാ, അകത്തും പുറത്തുമുള്ള പാർക്കിംഗ് സൗകര്യം എന്നിവയെല്ലാം ഇതിലുണ്ട്. 2020 ഓടെ ട്വന്റി 14 ഹോൾഡിംഗ്‌സിന്റെ ഉടമസ്ഥതയിൽ പ്രവർത്തനമാരംഭിക്കും. ടോയിഷേ ഹോസ്പിറ്റാലിറ്റിയുടെ (സ്റ്റൈഗൻബർഗർ ഹോട്ടൽ എ.ജി) കീഴിൽ 20 വർഷ ഉടമ്പടി പ്രകാരമാണ് ഹോട്ടൽ പ്രവർത്തിക്കുക. ബിസിനസ് യാത്രികരുടെയും വിനോദ സഞ്ചാരികളുടെയും അഭിരുചികൾക്കനുസരിച്ച് നൂതന സംവിധാനങ്ങളോടെയായിരിക്കും ഹോട്ടൽ പ്രവർത്തനം കുറിക്കുക. ടോയിഷേ ഹോസ്പിറ്റാലിറ്റിയുമായി ചേർന്ന് നെക്രോൺ ഏറ്റെടുത്ത നിരവധി പദ്ധതികളിൽ ആദ്യത്തേതാണ് ഇന്റർസിറ്റി ഹോട്ടൽ. എച്ച്.വി.എസ് ഹോഡ്ജ്സ് വാർഡ് എല്ലിയോട്ടാണ് നെക്രോണിന്റെ ഉപദേശകർ. യൂറോപ്പിന്റെ മുഖ്യധാരയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ട്വന്റി 14 ഹോൾഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. 2020 ഓടെ ബില്യൺ ഡോളർ നിക്ഷേപം എന്ന വലിയ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന കമ്പനിയുടെ നിർണ്ണായക ചുവടുവെപ്പാണ് സൂറിച്ചിൽ ഇന്റർസിറ്റി ഹോട്ടൽ ഏറ്റെടുക്കലെന്ന് അദീബ് പറഞ്ഞു. ടോയിഷേ ഹോസ്പിറ്റാലിറ്റിയോടും ട്വന്റി 14 ഹോൾഡിംഗ്‌സുമായി ചേർന്നുള്ള പ്രവർത്തനം ഏറെ ആവേശം നൽകുന്നതാണെന്ന് നക്രോൺ സി.ഇ.ഒ ജെറാർഡ് വാൻ ലിംപെട്ട് പറഞ്ഞു. ഇത് ദീർഘകാലം നീണ്ട് നിൽക്കുന്ന പങ്കാളിത്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വിറ്റ്‌സർലാന്റിലെ ഏറ്റവും മികച്ച സ്ഥലത്താണ് ഇന്റർസിറ്റി ഹോട്ടലിലൂടെ തങ്ങളുടെ ബ്രാൻഡ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ടോയിഷേ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ തോമസ് വിൽമ്സ് പറഞ്ഞു. ടോയിഷേ ഹോസ്പിറ്റാലിറ്റിയുമായി ചേർന്ന് ഇത് രണ്ടാമത്തെ ഹോട്ടൽ പദ്ധതിയാണ് ട്വന്റി 14 ഹോൾഡിംഗ്‌സ് നടപ്പാക്കുന്നത്. ആദ്യത്തേത് ദുബായ് ബിസിനസ് ബേയിലുള്ള സ്റ്റൈഗൻബർഗർ ഹോട്ടലാണ്.