സ്വിറ്റ്സർലണ്ടിലെ മലയാളി വനിതകൾക്കായി പ്രവർത്തിക്കുന്ന ഏക സ്വതന്ത്ര വനിതാ സംഘടനയാണ് സ്വിസ്സ് കേരളാ വനിതാ ഫോറം. പരോപകാരമേ പുണ്യം എന്ന ഉന്നത്തോടെ ഫോറം സ്വദേശികളേയും വിദേശകളേയും ഉൾപ്പെടുത്തി 2019 ഫെബ്രുവരി ഒൻപതാം തിയതി നടത്തിയ ചാരിറ്റി ചടങ്ങിൽ നിന്നും സമാഹരിച്ച മൊത്തം തുകയും നാട്ടിലെ നിർദ്ധനരായ മൂന്നു കുടുംബങ്ങളുടെ ഉന്നമനത്തിനായാണ് ഉപയോഗിച്ചത്.
മനുഷ്യർ പരസ്പരം ദയാവായ്പോടും കാരുണ്യത്തോടും കൂടി സഹവർത്തിക്കുമ്പോഴാണ് സമൂഹവും സംസ്കാരവും പൂർണ്ണത പ്രാപിക്കുന്നത്. പരിമിതിയുടേയും പരാധീനതയുടേയും നടുക്കടലിൽ മുങ്ങികൊണ്ടിരുന്ന മൂന്നു കുടുംബങ്ങളെ പ്രതീക്ഷയുടെ ജീവിത തീരത്തേയ്ക്ക് തിരികെ കൈകൊടുത്ത് ഉയർത്തി നടത്തുവാനായത് നിങ്ങളെല്ലാം തന്ന സമ്പൂണ്ണ സഹായ സഹകരണമൊന്നുകൊണ്ട് മാത്രമാണ്.
മഴയത്തൊരു കൂട് എന്ന ചിറകൊടിഞ്ഞ സ്വപ്നവുമായി താളം തെറ്റി ജീവിതം തള്ളി നീക്കിക്കൊണ്ടിരുന്ന ഒരു കുടുംബത്തിന്റെ ചിരകാല അഭിലാഷത്തെ കാരുണ്യ ചിറകിലേറ്റി മെച്ചപ്പെട്ട അടച്ചുറപ്പുള്ള വീട് എന്ന ജീവിതസാഫല്യത്തിന് പൂർണ്ണതയേകാൻ ഫോറത്തിന് കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. സുരക്ഷിതമായ ഭവനത്തിൽ അന്തിയുറങ്ങാൻ സാധിച്ചതിന്റെ സന്തോഷം അവർ പങ്കുവയ്ക്കുന്നത് കാണുമ്പോൾ മറ്റൊന്നിൽ നിന്നും കിട്ടാത്ത സന്തോഷപ്രദവും സുഖകരവുമായ ഒരു അനുഭൂതിയാണ് ജീവകാരുണ്യ പ്രവർത്തിയിലൂടെ നാം അനുഭവിക്കുന്നത്. അതുപോലെ സ്വരൂപിച്ച ബാക്കി തുകയും സുരക്ഷിതമായി എത്തേണ്ട കരങ്ങളിൽ തന്നെ എത്തിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു.
ദൈവം മനുഷ്യമനസ്സിനുള്ളിൽ തന്നെയാണ് കുടിയിരിക്കുന്നത് അതുകൊണ്ടാണ് ദൈവം നിങ്ങളുടെ ഒരോരുത്തരുടേയും രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. ലോകത്തിന് ശാന്തി സമ്മാനിക്കുന്ന സ്നേഹവും കരുണയും നമ്മുടെ ഇടയിൽ ഇനിയും ധരാളമായി വളരട്ടെ. ഞങ്ങളോടൊത്ത് സഹകരിച്ചവർക്കും, സഹായിച്ചവർക്കും നല്ലവരായ സ്വിസ്സ് ജനതയ്ക്കും പ്രത്യേകം നന്ദിയർപ്പിക്കുന്നു. തുടർന്നും നിങ്ങളുടെ വിലപ്പെട്ട സഹായസഹകരങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ഈ വർഷം ഞങ്ങൾ ചെയ്ത സേവന പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ വീഡിയോ സഹിതം പൊതുജന സമക്ഷം സമർപ്പിക്കുന്നു.
Report by PRO Roshan Purackal