സ്വിസ് പൗരത്വം ഉള്ള എല്ലാവർക്കും കഴിഞ്ഞ ദിവസങ്ങളിൽ ബാലറ്റ് തപാൽമാർഗം ലഭിച്ചിട്ടുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബർ 20 ആണെങ്കിലും പോസ്റ്റ് വഴി ബാലറ്റ് മടക്കി അയക്കുന്നവർ ഒക്ടോബർ 15 നകം പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുമല്ലോ.
ചെറിയൊരു രാജ്യമെങ്കിലും നിരവധി പാർട്ടികൾ വിവിധ ലിസ്റ്റുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുകയും ആ ലിസ്റ്റുകൾക്ക് പ്രത്യേകം നമ്പർ നൽകിയശേഷം സ്ഥാനാർത്ഥികളുടെ പേരുകൾ ചേർത്ത് ബാലറ്റിലാക്കിയിട്ടുണ്ട്. ബാലറ്റുകൾ വോട്ടു നൽകി മടക്കി അയക്കേണ്ട രീതി ഓരോ കന്റോണിലും വ്യത്യസ്ഥമായിരിക്കും. എന്നാൽ വലിയ വ്യതാസം ഉണ്ടാവുകയുമില്ല.
പാർലമെന്റിന്റെ ഇരു സഭകളിലേക്കും വോട്ട് നൽകുന്നതിന് രണ്ടു കളറിലുള്ള ബാലറ്റുകൾ ആണ് ഉപയോഗിക്കുന്നത്. കൗൺസിൽ ഓഫ്സ്റ്റേറ്റ്സിലേക്ക് ( Ständerat ) പൂർണ്ണ കന്റോൺ രണ്ടു പ്രതിനിധികളെയും പകുതി കന്റോൺ ഒരു പ്രതിനിധിയെയുമാണ് തെരഞ്ഞെടുക്കുക. നാഷണൽ കൗൺസിലിലേക്ക് ( Nationalrat ) തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം ഓരോ കന്റോണിലും ജനസംഖ്യാടിസ്ഥാനത്തിൽ വ്യത്യസപ്പെ ട്ടിരിക്കുന്നു. 35 പ്രതിനിധികളെ തെരഞ്ഞെടുക്കന്ന സൂറിച്ച് കന്റോൺ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ്. ബേൺ 24, ആറാവ് 16, ബാസൽ ലാൻഡ് 7, ബാസൽ സ്റ്റാഡ്റ്റ് 5 എന്നിങ്ങനെ പോകുന്നു കൺടോണിൽ നിന്നും തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണം. നാഷണൽ കൗൺസിലിലേക്ക് 200 അംഗങ്ങളും കൗൺസിൽ ഓഫ് സ്റ്റേറ്റ്സിലേക്ക് 46 അംഗങ്ങളുമാണ് ആകെ തെരഞ്ഞെടുക്കപ്പെടുന്നത്.
ചില കൺടോണിൽ ഇതോടൊപ്പം തന്നെ പ്രാദേശിക നിയമസഭയിലേക്ക് ഒഴിവു വന്നിരിക്കുന്ന ചില സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഉദാഹരണത്തിന് ബാസൽ സ്റ്റാഡ്റ്റിൽ സംസ്ഥാന ഭരണസമിതിയിലേക്ക് ഒരാളുടെ തെരഞ്ഞെടുപ്പും നടത്തുന്നുണ്ട്.
Council of States (Ständerat)
കൗൺസിൽ ഓഫ് സ്റ്റേറ്റ്സിലേക്ക് ആറ് പകുതി കന്റോണുകൾ ഒരാളെ വീതവും 20 പൂർണ്ണ കന്റോൺ രണ്ടു പേരെ വീതവും തെരഞ്ഞെടുക്കുന്നു. അതിനായി ലഭിച്ചിരിക്കുന്ന ബാലറ്റുകളുടെ രീതി കൺട്രോണുകളിൽ വ്യത്യാസപ്പെട്ടിരിക്കും. ചിലയിടങ്ങളിൽ ലഭിച്ചിരിക്കുന്ന ലിസ്റ്റിൽ നിന്നും നിശ്ചിത സ്ഥലത്ത് പേരുകൾ എഴുതണം. എന്നാൽ മറ്റു ചില കൺട്രോണുകളിൽ പേരുകളുടെ നേരെ ഗുണനചിഹ്നം അടയാളപ്പെടുത്തിയാൽ മതി. ഓരോരുത്തരും ലഭിച്ചിരിക്കുന്ന ബാലറ്റുകളിലെ നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കി വോട്ടു ചെയ്യുമല്ലോ.
National Council (Nationalrat)
നാഷണൽ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പിനായി ലഭിച്ചിരിക്കുന്ന ബാലറ്റ് ചെറിയൊരു പുസ്തകരൂപത്തിലായിരിക്കും. അതിലെ പേജുകൾ ഓരോന്നും ഓരോ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ആയിരിക്കും. ഉദാഹരണത്തിന് സൂറിച്ചിൽ ഓരോ പാർട്ടിയും 35 പേരെ വീതം ലിസ്റ്റിൽ പെടുത്തുമ്പോൾ ബാസലിൽ അഞ്ചുപേരുടെ ലിസ്റ്റ് ആയിരിക്കും ഉണ്ടാവുക. നമുക്ക് താല്പര്യമുള്ള പാർട്ടിയുടെ ലിസ്റ്റ് കീറിയെടുത്ത് അതേപോലെ തന്നെ അയക്കുകയോ അല്ലായെങ്കിൽ ചിലരുടെ പേരുകൾ വെട്ടിയ ശേഷം മറ്റു ലിസ്റ്റിൽ നിന്നും താല്പര്യമുള്ളവരുടെ പേരുകൾ വെട്ടിയ സ്ഥലങ്ങളിൽ എഴുതിയ ശേഷം അയക്കാവുന്നതുമാണ്. മറ്റൊരു സാധ്യത കൂടി ഉപയോഗിക്കാൻ അവസരമുണ്ട്. ഒന്നും എഴുതാതെ ലഭിച്ചിരിക്കുന്ന ബാലറ്റിൽ തെരഞ്ഞെടുക്കപ്പെടേണ്ട അത്രയും ആളുകളുടെ പേരുകൾ വിവിധ ലിസ്റ്റുകളിൽ നിന്നും ശേഖരിച്ച് എഴുതി അയക്കുക. ആളുടെ പേരിനൊപ്പം നമ്പറും എഴുതാൻ മറക്കരുത്. നമുക്ക് ഇഷ്ടമുള്ള ഒരാൾക്ക് മാത്രം രണ്ട് വോട്ട് നൽകാവുന്നതാണ്. അതിനായി മറ്റൊരാളുടെ പേര് വെട്ടിയ ശേഷം തൊട്ടുമുകളിൽ ഇഷ്ടമുള്ള ആളുടെ പേരും നമ്പറും പേന കൊണ്ട് എഴുതുക.
Stimmrechtausweis
പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വോട്ടവകാശ രേഖ (Stimmrechtausweis) ഓരോ കവറിലും ലഭിച്ചിട്ടുണ്ടാകും. അതുകൂടി മറുപടിക്കവറിൽ ഉൾപ്പെടുത്തിയാൽ മാത്രമേ വോട്ട് സാധു ആവുകയുള്ളൂ. ചില കൺടോണിൽ ഈ രേഖ ഒപ്പിട്ട ശേഷം മാത്രമേ അയക്കാൻ പാടുള്ളൂ.
NIK GUGGER (ZÜRICH)
സൂറിച്ച് കന്റോണിലെ മലയാളികൾ മറക്കാതെ വോട്ട് നൽകേണ്ട വ്യക്തിയാണ് Nik Gugger. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന EVP പാർട്ടിയുടെ ബാലറ്റിൽ (Liste 8 ) ഒന്നാമതായി അദ്ദേഹത്തിന്റെ പേരും നമ്പറും കാണാം.രേഖപ്പെടുത്തുന്ന ഓരോ വോട്ടും സ്ഥാനാർഥി പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കാണ് ലഭിക്കുക.
സൂറിച്ചിൽ 35 പേർ വിജയിക്കേണ്ടതുണ്ട്. ആകെ വോട്ടുകളായ 100 ശതമാനത്തെ 35 കൊണ്ട് ഹരിക്കുമ്പോൾ 2 .86 ശതമാനം ലഭിക്കുന്നു. എന്ന് പറഞ്ഞാൽ 2 .86 ശതമാനം വോട്ടു ലഭിക്കുന്ന പാർട്ടിക്ക് ഒരു പ്രതിനിധിയെ വിജയിപ്പിക്കാൻ അവകാശമുണ്ട്. ആ പാർട്ടിയുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർഥി ആയിരിക്കും വിജയത്തിന് അർഹത നേടുക.
Nik Gugger വിജയിക്കുവാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് :
1 . ബാലറ്റുകളിൽ നിന്നും EVP യുടെ ബാലറ്റായ Liste 8 കീറിയെടുക്കുക. അതിൽ ഒന്നാമത് നിക് ഗുഗ്ഗറുടെ പേരും നമ്പറും കാണാം. ആ ലിസ്റ്റിൽ മറ്റൊരാളുടെ പേര് വെട്ടിയ ശേഷം തൊട്ടു മുകളിൽ പേന കൊണ്ട് നിക് ഗുഗ്ഗറുടെ പേരും നമ്പറും എഴുതുക. അങ്ങനെ ചെയ്യുമ്പോൾ രണ്ട് വോട്ടുകൾ അദ്ദേഹത്തിന് ലഭിക്കും. ആ പാർട്ടിയുടെ ബാലറ്റ് ഉപയോഗിക്കുന്നതുകൊണ്ട് വോട്ടുകളുടെ ശതമാനം ആ പാർട്ടിക്ക് കൂടുതലായി ലഭിക്കുകയും ഗുഗ്ഗറുടെ വിജയ സാധ്യത കൂട്ടുകയും ചെയ്യും.
2 . Ständerat (കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് ) അദ്ദേഹം മത്സരിക്കുന്നുണ്ട്. അതിനായി ലഭിച്ചിരിക്കുന്ന ബാലറ്റിൽ സൂറിച്ചിൽ നിന്നും രണ്ടുപേരുടെ പേരുകൾ എഴുതേണ്ടതാണ്. അതിൽ ഒരു പേര് നിക് ഗുഗ്ഗറുടെതാകാൻ ശ്രദ്ധിക്കുക.
3 . Stimmrechtausweis ഒപ്പിട്ട ശേഷം കവറിൽ (Zustell und Antwortcouvert) Cover window യിലൂടെ അഡ്രസ്സ് വായിക്കത്തക്കവിധം ഇടേണ്ടതാണ്.
4 . ഇലക്ഷൻ പ്രചാരണച്ചിലവിലേക്ക് ചെറിയൊരു സംഭാവന ഓൺലൈൻ ആയി നൽകുന്നതും വിജയ സാധ്യത വർദ്ധിപ്പിക്കും. വൈവിധ്യമാർന്ന പ്രചാരണങ്ങൾക്ക് പണം ആവശ്യമാണ്.
ARSLAN SIBEL (Basel stadt)
2015 ലെ തെരഞ്ഞെടുപ്പിൽ പ്രമുഖ പാർട്ടികളെ ഞെട്ടിച്ചുകൊണ്ട് ബാസലിൽ നിന്നും പാർലമെന്റിൽ എത്തിയ അഞ്ചുപേരിൽ ഒരാളാണ് Sibel Arslan. ഗ്രിൻ പാർട്ടിയുടെ മറ്റൊരു ഘടകമായി ചെറുപ്പക്കാർ രൂപം കൊടുത്ത
Basels Starke Alternative (Bast A ) എന്ന പാർട്ടിയുടെ പ്രതിനിധി ആയിട്ടാണ് സിബൽ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിലും ഈ പാർട്ടിയുടെ പാനലിൽ സിബൽ മത്സരിക്കുന്നു. മൈഗ്രെഷൻ പശ്ചാത്തലമുള്ള സിബൽ വലതു പക്ഷ പാർട്ടിയായ SVP യുടെ നയങ്ങൾക്ക് എതിരായി വിശാലമായൊരു കാഴ്ചപ്പാടുള്ള വ്യക്തിയാണ്.
പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീസുരക്ഷ, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ആഗ്രഹിക്കുന്ന പാർട്ടിയാണ് Grün Bast A. വർഷം തോറുമുള്ള മെഡിക്കൽ ഇൻഷുറൻസ് വർദ്ധന, (Krankenkassen ) വിട്ടു വാടകയിലുണ്ടാകുന്ന വർദ്ധനവ്, വാർദ്ധക്യ പെൻഷനിൽ ഉണ്ടാകുന്ന കുറവ് എന്നീ മൂന്ന് കാര്യങ്ങളാണ് സാമൂഹ്യ സുരക്ഷയുടെ പോരായ്മയായി ഈ പാർട്ടി കാണുന്നത്. പ്രമുഖ പാർട്ടികൾ മൗനമായി വൻ കമ്പനികൾക്ക് ഈ മേഖലകളിൽ പ്രോത്സാഹനം നൽകുമ്പോൾ ശക്തമായ ഇടപെടൽ ഗ്രിൻ പാർട്ടികൾ ആവശ്യപ്പെടുന്നു.
തമീഡിയ ഗ്രുപ്പ് നടത്തിയ എക്സിറ്റ്പോൾ സർവ്വേയിൽ ഗ്രിൻ പാർട്ടികൾക്ക് പിന്തുണ വർദ്ധിച്ചതായി മാദ്ധ്യമങ്ങളിൽ വായിച്ചത് ഓർമ്മിക്കുമല്ലോ. പ്രധാന കാരണമായി ചുണ്ടിക്കാണിച്ചത് മെഡിക്കൽ ഇൻഷുറൻസ് തുകയിലുണ്ടാകുന്ന അമിത വർദ്ധനവ് ജനങ്ങൾക്ക് ഭാരമായി മാറുന്നു എന്നതാണ്. ഇക്കാര്യത്തിൽ ഗ്രിൻ പാർട്ടികൾ ജനങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് പിന്തുണയിൽ വർദ്ധന ഉണ്ടതായിരിക്കുന്നത്.
ഇന്ത്യൻ കമ്മ്യുണിറ്റിയുമായി നല്ലൊരു ബന്ധം തുടരുവാൻ സിബൽ ആഗ്രഹിക്കുന്നു.മൈഗ്രേഷൻ പശ്ചാത്തലമുള്ളവർക്കും സാധാരണക്കാർക്കും വേണ്ടി പാർലമെന്റിൽ ശബ്‌ദിക്കാൻ ആഗ്രഹിക്കുന്ന സിബൽ വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് ആവശ്യമാണ്. ബാസൽ സിറ്റിയിൽ വോട്ടുള്ള മലയാളി സുഹൃത്തുക്കൾ Liste 8 Bündnis Grüne Bast A ബാലറ്റ് മാത്രം ഉപയോഗിക്കുമല്ലോ. അവിടെ ഒന്നാമതായി 08.01 Arslan Sibel എന്ന പേര് കാണാം. ആ ബാലറ്റിലെ മറ്റു നാല് പേരുകളിൽ ഒന്ന് വെട്ടിയ ശേഷം സിബലിന്റെ പേരും നമ്പറും ഒന്ന് കൂടെ എഴുതുക. അങ്ങനെ രണ്ട് വോട്ടുകൾ നൽകി സിബലിന്റെ വിജയ സാധ്യത വർദ്ധിപ്പിക്കുമല്ലോ. പ്രമുഖ പാർട്ടിയായ SP ഉൾപ്പെടെ ഇതര പാർട്ടികളുമായി ചില ധാരണകളും ഇവർക്കുള്ളത് (Listenverbindung ) വിജയ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സിൽ തുർക്കിയിൽ നിന്നും സ്വിറ്റ്സർലന്റിലെത്തിയ സിബൽ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം വക്കിൽ ആയി ജോലി ചെയ്യുന്നു. 2015 വരെ CVP കൈവശം വച്ചിരുന്ന സീറ്റ് ആണ് സിബൽ പിടിച്ചെടുത്തത്. എന്ത് വില കൊടുത്തും ആ സീറ്റ് തിരികെ പിടിക്കാൻ CVP പരിശ്രമിക്കുന്നു. അതോടൊപ്പം സീറ്റ് കൈക്കലാക്കാൻ SVP യും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ വോട്ടും വിലപ്പെട്ടതാണ്.
കൗൺസിൽ ഓഫ് സ്റ്റേറ്റ്സിലേക്ക് (Ständerat) അഞ്ചു പേരുടെ പേരുകളാണ് ബാസലിലെ മഞ്ഞ ബാലറ്റിൽ ലഭിച്ചിരിക്കുന്നത്. ഇതിൽ ഒരാളുടെ പേരിനു നേരെ മാത്രം വോട്ടു ചെയ്യുവാനാണ് അവകാശമുള്ളത്. ഗ്രിൻ പാർട്ടി SP യുടെ സ്ഥാനാർഥി herzog Eva യുമായാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്.
Stimmrechtausweis കൂടി അയക്കാൻ മറക്കാതിരിക്കുക. ബാസലിൽ മാത്രം അതിൽ ഒപ്പ് ഇടേണ്ട ആവശ്യമില്ല.
==========================================================
OTHER ARTICLE BY JOSE –