ഇസ്രേയേലിൽ ഭീകരലാൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ശ്രീ അപ്പു ജോൺ ജോസഫ് മുഖപത്രത്തിൽ എഴുതിയ പോസ്റ്റ് വൈറലാകുന്നു
സഹോദരങ്ങളെ ,
ഇന്നു ഞാൻ ഇസ്രായേലിൽ മരിച്ച സൗമ്യ എന്ന യുവതിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അതിജീവനത്തിനുവേണ്ടി സ്വന്തം നാടിനെയും ഉറ്റവരെയും ഉടയവരെയും വിട്ട് പ്രശ്നങ്ങളാൽ ഉഴലുന്ന ഇസ്രായേൽ പോലെയുള്ള ഒരു രാജ്യത്ത് ജോലി തേടിപ്പോയ ഈ യുവതിയുടെ ദാരുണാന്ത്യം നമ്മളെ എല്ലാവരെയും വിഷമിപ്പിക്കുന്നു. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന ഈ സഹോദരി അവരെയെല്ലാം കണ്ണീരിലാഴ്ത്തി ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി ഇന്ന് മണ്ണോട് ചേർന്നു. ആ കുടുംബത്തിൻറെ ദുഃഖത്തിൽ നാമെല്ലാവരും പങ്കുചേർന്നു.
ഇസ്രായേൽ പാലസ്തീൻ പ്രശ്നം കുറെനാളുകളായി നിലനിൽക്കുന്നത് ആണെങ്കിലും നമ്മുടെ നാട്ടുകാരി അവിടെ മരിച്ചപ്പോഴാണ് ഇത് മലയാളികളും വ്യാപകമായി ഏറ്റെടുത്തത്. ഇസ്രായേലും പാലസ്തീനുമായി ഒരു ബന്ധവുമില്ലങ്കിലും, ആ പ്രദേശത്തിന്റെ ആയിരക്കണക്കിന് വർഷങ്ങളായുള്ള ചരിത്രമോ വിവിധ അധിനിവേശങ്ങളോ ആ മേഖയിലെ രാഷ്ട്രീയമോ ഒന്നുമറിയില്ലങ്കിലും, ആരൊക്കെയോ എഴുതിവിടുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ വായിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ട് സാമുദായികമായി ചേരിതിരിഞ്ഞ് പക്ഷം പിടിക്കുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ന് സമൂഹ മാധ്യമങ്ങൾ നിറയെ. എന്തുകൊണ്ട് എന്ന് വ്യക്തമാണ്. അന്ധമായ മത വിദ്വേഷത്തിൽ നിന്നുമുണ്ടാകുന്ന നിലപാടുകൾ ! ഒന്നറിയണം സഹോദരരെ, ഇതല്ല നാമറിയുന്ന മലയാളികളുടെ സംസ്കാരം! മതസൗഹാർദത്തിന് ലോക ശ്രദ്ധ പിടിച്ച് പറ്റിയ എല്ലാവരെയും ഉൾക്കൊണ്ട് പോകുന്ന കേരളീയ സംസ്കാരവും ഇതല്ല.
വിവിധ മതവിഭാഗങ്ങൾ കാലാകാലങ്ങളായി സൗഹൃദത്തിലും സാഹോദര്യത്തിലും വസിച്ചിരുന്ന എന്റെ നാടിന് ഇത് എന്ത് പറ്റി ? ആരാണ് ഈ സഹോദരങ്ങളെ വഴിതെറ്റിക്കുന്നത്? രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി വിശ്വാസ സമൂഹങ്ങളെ തമിലടിപ്പിക്കാനാണോ ? പണ്ട് സ്കൂളിൽ പഠിച്ച കഥയിലെ മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കനോ കുറുക്കന്മാരോ ആരൊക്കെയാണ്? ചിന്തിക്കൂ സഹോദരങ്ങളെ. വേദനയോടെയാണ് ഇത് എഴുതുന്നത്.
ഇസ്രായേലിലായാലും പാലസ്തീനിയലാണെങ്കിലും പിടഞ്ഞു മരിക്കുന്നത് മനുഷ്യരാണ് എന്ന് തിരിച്ചറിയുക. അനാഥരാകുന്നത് ഇതിലൊന്നും പങ്കില്ലാത്ത കുഞ്ഞുങ്ങളാണ്. നഷ്ടപ്പെടുന്നത് മക്കളെയാണ്, പിതാവിനെയാണ് , മാതാവിനെയാണ് , സഹോദരങ്ങളെയാണ് , സുഹൃത്തുക്കളെയാണ്. ചിന്തിക്കുക!
ഇനിയൊരു സൗമ്യ ഉണ്ടാകാതിരിക്കട്ടെ. ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ഇടപെട്ട് പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കട്ടെ. മലയാളികൾ ചേരിതിരിഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിൽ പോരടിച്ചതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടുമോ? എത്രയോ പ്രശ്നങ്ങൾ നമ്മുടെ നാട്ടിലുണ്ട്? കോവിഡ് പ്രശ്നങ്ങൾ, ദാരിദ്ര്യം, പ്രകൃതിക്ഷോഭത്തിൽ വിഷമിക്കുന്നവർ അങ്ങനെ അനവധി വിഷയങ്ങൾ. രോഗത്താലും പട്ടിണിയാലും വിഷമിക്കുന്ന നിരവധി മനുഷ്യ ജീവിതങ്ങൾ! നമ്മുടെ വിലയേറിയ സമയം ഈ പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്കായി വിനിയോഗിക്കാം. ആദ്യം നമ്മുടെ നാട് നന്നാക്കാം. എന്നിട്ടായാൽ പോരെ ആയിരക്കണക്കിന് മൈലുകൾ അപ്പുറത്തുള്ളവരുടെ പ്രശ്നപരിഹാരം?
ആവർത്തിക്കുന്നു ,
വേണ്ടത് പാലസ്തീൻ പക്ഷമോ ഇസ്രായേൽ പക്ഷമോ അല്ല, മറിച്ച് മനുഷ്യപക്ഷം!
സൗമ്യാ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.