സ്വിറ്റസർലണ്ടിലെ പ്രകൃതി സുന്ദരമായ ടെസ്സിനിൽ ആദ്യകാല കുടിയേറ്റക്കാരായ മലയാളീ സീനിയർ സിറ്റിസൺസ് (pensioners ) ന്റെ ആദ്യ മീറ്റിംഗ് ജൂൺ 11നു ഉച്ച കഴിഞ്ഞു 3 മണിക്ക് കാമോറീനോ യിൽ ശ്രീ എബ്രഹാം പാലപുരക്കൽ ന്റെ വസതിയിൽ വെച്ച് കൂടുകയുണ്ടായി.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ജീവിതയാത്രയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപേ കുടിയേറിയ ഇരുപതുപേർ പേര് പങ്കെടുത്ത മീറ്റിംഗിൽ ശ്രീ എബ്രഹാം പാലപുരക്കൽ പഴയകാല സ്‌മരണകൾ ഓർമ്മിപ്പിച്ചുകൊണ്ട് സ്വാഗതം പറയുകയും ഈ കൂട്ടായ്മ – legends – ന്റെ ലക്ഷ്യവും പ്രവർത്തന നിബന്ധനകളും വിവരിക്കുകയുമുണ്ടായി .
മത- രാഷ്ട്രീയ പരാമർശനങ്ങൾ കർശനമായി ഗ്രുപ്പിൽ ഒഴിവാക്കേണ്ടതും, സാമ്പത്തികമായ യാതൊരു ഇടപാടുകളും ഉണ്ടായിരിക്കുകയില്ലെന്നും ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗങ്ങൾ ഐകകണ്ഠേന അംഗീകരിച്ചു. പരസ്പര സഹകരണവും, അത്യാവശ്യ സമയങ്ങളിൽ, പ്രതെയ്കിച്ചു രോഗാവസ്ഥയിൽ, ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ വോളന്ററി ആയിട്ട് സഹായിക്കുക, വിനോദ യാത്രകൾ, ഹൈക്കിങ്, ചീട്ടുകളി, ഷട്ടിൽ കളി തുടങ്ങിയ കായിക-വിനോദ പരിപാടികൾ ഓർഗനൈസ് ചെയ്യുക ഇതൊക്കെ ആണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. കൂട്ടായ്മയുടെ ഭാവി പരിപാടികൾ, താല്പര്യമുള്ള വിഷയങ്ങൾ, ഉപകാരപ്രദമായ ഇൻഫർമേഷൻ എല്ലാം ലെജൻഡ് എന്ന വാട്സ്ആപ് ഗ്രുപ്പിലൂടെ അറിയിക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും .

ശ്രീ എബ്രാഹവും ഭാര്യ ആനിയും തയ്യാറാക്കിയ ചായ സൽക്കാരത്തിനോടൊപ്പം നാട്ടു രുചി ഉണർത്തിയ ചെണ്ട മുറിയൻ കപ്പയും മുളകും ആസ്വദിച്ചു ആദ്യ മീറ്റിംഗ് പര്യവസാനിച്ചു. മീറ്റിങ്ങിൽ പങ്കെടുത്തവർക്ക് പ്രത്യേകമായും, വ്യക്തിപരമായ അസൗകര്യങ്ങളാൽ പങ്കുടുക്കാൻ കഴിയില്ല എന്ന് അറിയിച്ച എല്ലാവരോടും ഈ കൂട്ടായ്മയുടെ പേരിൽ നന്ദിയും പറയുകയുണ്ടായി .

റിപ്പോർട്ട് -ആന്റണി പനക്കൽ