സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും ,സംഘാടകനും ,വാക്മിയും ,സാഹിത്യരചയിതാവുമാണ് ലേഖകൻ .
ഓർമക്കുറിപ്പുകൾ ( 8 ) Shillong 1973
When Appearence Becomes a Burden – ബാഹ്യരൂപങ്ങൾ ഭാരമാവുമ്പോൾ
കമ്പ്യൂട്ടർ വിപ്ലവത്തിനും ഒത്തിരി മുൻപ്, ഗുഗിൾ മാപ്പും തിരച്ചിലുമൊക്കെ അന്യമായിരുന്ന കാലത്ത്, ഷില്ലോങ്ങിനെപ്പറ്റി പരിമിതമായ വിവരങ്ങളെ ഞങ്ങൾക്കു ശേഖരിക്കാനായുള്ളു.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനം, ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ചിറാപുഞ്ചിയിൽ നിന്നും 50 കിലോമീറ്റർ അകലം.
മാർച്ചു മുതൽ നവംബർ വരെ മൺസൂൺ കാലം.
അങ്ങെത്തിപ്പെടണമെങ്കിൽ 6 ദിവസത്തെ യാത്ര, അവസാനത്തെ 31/2 മണിക്കൂർ -ഗോഹട്ടിയിൽ നിന്നും ഷില്ലോങ് ഔട്ട് പോസ്റ്റ് വരെ – ബസ്സിലും ശേഷം എയർ ഫോഴ്സ് സ്റ്റേഷനിലേയ്ക്ക് ഒരു മണിക്കൂറോളം പട്ടാള വണ്ടിയിലും.
ഞങ്ങൾ 9 പേരുണ്ടായിരുന്നതുകൊണ്ട് യാത്രയെപ്പറ്റി ആർക്കും ആശങ്കകളൊന്നുമുണ്ടായില്ല.
അങ്ങനെയിരിക്കെ ഞങ്ങളിൽ ചിലർക്കു ഷില്ലോങ്ങിൽ നിന്നും ഓരോ അപ്രതീക്ഷിത എഴുത്തു ലഭിച്ചു. യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഷില്ലോങ്ങിലെത്തിയാൽ ഞങ്ങളെ സ്വീകരിക്കാൻ എത്തുമെന്നും അറിയിച്ചു കൊണ്ടുള്ള ഒരു ചങ്ങനാശ്ശേരിക്കാരൻ അച്ചായന്റെ കത്തായിരുന്നു.
ഇത്രയും മലയാളികൾ ഒരുമിച്ചെത്തി മദ്രാസികളുടെ അംഗബലം വർധിക്കുന്നതിൽ അവർക്കെല്ലാം പെരുത്ത സന്തോഷമാണെന്ന് പ്രത്യേകം എഴുതിയിരുന്നു.
ആ എഴുത്തു കൂടിയായപ്പോൾ യാത്രയെപ്പറ്റിയുള്ളു ആധി ഒട്ടുമേ ഇല്ലാതായി.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും യാത്ര തിരിച്ച ഞങ്ങൾ മദ്രാസ് സെൻട്ര ലിൽ ഒന്നിച്ചു. അവിടെ നിന്നും ഹൗറ എക്പ്രസ്സിൽ കൽക്കട്ടയിലെ ഹൗറ റയിൽവേ സ്റ്റേഷനിൽ എത്തണം.
ഹൗറ യിൽ വീണ്ടും മാറിക്കയറി വേണം ഗോഹട്ടിയിലെത്താൻ.
കുളിച്ചു ഫ്രഷ് ആയി ബ്രേക്ക്ഫാസ്റ്റും ഒക്കെ കഴിച്ചു ഞങ്ങൾ ഗോഹട്ടി ട്രെയിൻ വരുന്ന പ്ലാറ്റ്ഫോമിൽ എത്തി.
ട്രെയിൻ എത്തേണ്ട സമയം അടുക്കും തോറും പ്ലാറ്റുഫോം യാത്രക്കാരെക്കൊണ്ടു നിറഞ്ഞു. ഇരുന്നു പോകുവാനുള്ള സൗകര്യം പോലും കിട്ടാൻ സാധ്യത കാണുന്നില്ല. സീറ്റു പിടിച്ചു നൽകുന്നു കൂലികളുമായി സംസാരിച്ചു നോക്കി, അവർ ശ്രമിക്കാമെന്നല്ലാതെ തീർച്ച പറഞ്ഞില്ല.
ആരെങ്കിലും വന്നു മസ്സിൽ പവർ കാട്ടിയാൽ ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്ന സീറ്റിനു കൂലി ചോദിക്കുന്നത് അന്യായ പൈസയും.
കൂലികൾ സീറ്റ് പിടിച്ചെടുക്കുന്നത് ട്രെയിൻ അടുത്ത ഓട്ടത്തിനു വേണ്ടി കഴുകി, ചെറിയ പരിശോധനകളും നടത്തി റെഡിയാക്കി നിറുത്തുന്ന യാർഡിൽ ചെന്നിട്ടാണ്.
അവിടെ അവർ നേരത്തേയെത്തി സീറ്റിനു മുകളിൽ CPM കാർ ചെയ്യുന്നതു പോലെ കൊടി നാട്ടും. കൊടിയെന്നു പറഞ്ഞാൽ അവരുടെ ചുവന്ന നിറത്തിലുള്ള തലയിൽകെട്ടോ, ഇവരെ ഏർപ്പാടാക്കിയ യാത്രക്കാർ നൽകിയ ബെഡ്ഷീറ്റോ എന്തെങ്കിലുമാവും.
ഞങ്ങളും യാർഡിൽ പോകാൻ തീരുമാനിച്ചു.
4 പേരെ ലഗേജ് നോക്കാനേൽപ്പിച്ചിട്ടു ഞങ്ങൾ 5 പേർ യാർഡിലേയ്ക്കു നടന്നു; ഒരു കിലോമീറ്ററോളം ദൂരമുണ്ട്. ട്രെയിൻ പ്ലാറ്റഫോമിലെത്താൻ ഇനി അധികസമയമില്ല.
ആവുന്നത്ര വേഗം നടന്നെങ്കിലും ഞങ്ങൾ അങ്ങെത്തുന്നതിനു മുൻപ് ട്രെയിൻ സ്റ്റാർട്ട് ചെയ്തിരുന്നു.
ഫുൾ സ്പീഡ് എടുക്കാൻ തുടങ്ങുന്ന ട്രെയിനിൽ ഓടികയറാൻ കാട്ടിയ സാഹസം , ഓർക്കുമ്പോൾ ഇപ്പോളും തരിപ്പു കയറും. ഭാഗ്യം ഒന്നു കൊണ്ട് മാത്രം ആർക്കും അപകടം സംഭവിച്ചില്ല.
സീറ്റുകൾക്കു മുകളിൽ കൊടി നാട്ടിക്കൊണ്ടു ഞങ്ങളും ആധിപത്യം ഉറപ്പിച്ചു.
കൊടി നാട്ടിയാൽ പിന്നെ ആ സീറ്റുകൾക്കടുത്തേയ്ക്കു സാധാരണ ഗതിയിൽ വിവരമുള്ള മുട്ടാളന്മാരല്ലാതെ ആരും എത്തി നോക്കില്ല.
അങ്ങനെ ആരെങ്കിലും വന്നാൽ സാഹചര്യമനുസരിച്ചു ചിലപ്പോൾ കൊടി മാറ്റികൊടുക്കേണ്ടിയൊക്കെ വരും.
അങ്ങനെ ഹൗറ യിൽ നിന്നും ഇരുന്നും കിടന്നുമൊക്കെയായി വീണ്ടും യാത്ര തുടർന്നു.
അടുത്ത ചേഞ്ച് ഇനി ന്യൂ ജൽപായഗുരിയിലാണ്. അവിടെവരെയേ ബ്രോഡ് ഗേജ് സൗകര്യമുള്ളു. പിന്നെ ഗോഹട്ടി വരെ മീറ്റർ ഗേജ് ആണ്.
ന്യൂ ജൽപായഗുരിയിലും ഭയങ്കര തിരക്കായിരുന്നു. ലഗേജ് ഒക്കെയായി ഞങ്ങൾ എത്തിയപ്പോളേക്കും മുഴുവൻ സീറ്റും നിറഞ്ഞു.
അവിടെ ട്രയിനിലെ ഒരു ജോലിക്കാരൻ ഞങ്ങളുടെ സഹായത്തിനെത്തി. എഞ്ചിനോടടുത്തുണ്ടായിരുന്ന ഒരു ബ്രേക്ക് വാൻ അയാൾ ഞങ്ങൾക്കു തുറന്നു തന്നു
.
സീറ്റുകളില്ല , ടോയ്ലറ്റ് ഇല്ല, കാലി കംപാർട്മെന്റ്.
ലഗേജുകൾ സീറ്റുകളായി മാറിയപ്പോൾ യാത്ര പരമ സുഖം.
മൂത്രശങ്ക തീർക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല, വാതിൽ തുറന്നു പുറത്തേയ്ക്കു നീട്ടിപിടിച്ചു കാര്യം നടത്തി.
കൂടെ കൂടിയ ഒരു ഫാമിലിയുടെ കാര്യം ബുദ്ധിമുട്ടിലായിപ്പോയി. ഗോഹട്ടിയിലെത്തിയിട്ടേ അവർക്കൊന്നു ടോയ്ലെറ്റിൽ പോകാൻ സാധിച്ചുള്ളൂ.
ഗൗഹാട്ടിയിൽ നിന്നും ഷില്ലോങ്ങിനുള്ള 3 1/ 2 മണിക്കൂർ ബസ് യാത്രയാണ് ഞങ്ങളെ ശരിക്കും അവശരാക്കിയത്. ആറു ദിവസത്തെ യാത്രയ്ക്കു ശേഷം മലമ്പാതകളിൽ കൂടി വയനാട്ടിനുള്ള ചുരം കയറുന്നതിലും അധികം വളവുതിരിവുകളുള്ള വഴി പിന്നിടുമ്പോൾ, എല്ലാവരും തന്നെ ശർദ്ധിച്ചവശരായിരുന്നു.
ആ മലംചെരുവുകളുടെ അപൂർവ സൗന്ദര്യം ശർദ്ധിച്ചു മലീമസമാക്കാനല്ലാതെ ആസ്വദിക്കാൻ ഞങ്ങൾക്കായില്ല.
ഷില്ലോങ് ഔട്ട് പോസ്റ്റിൽ ബസിറങ്ങുമ്പോൾ ഞങ്ങൾക്ക് എഴുത്തെഴുതിയിരുന്ന തോമസും, ഒരു കുര്യക്കോസും കൂടി ഞങ്ങളെ സ്വീകരിച്ചു കൊണ്ടുപോവാൻ വണ്ടിയുമായെത്തിയിരുന്നു.
ആറു ദിവസത്തെ യാത്രയ്ക്ക് ശേഷം ഞങ്ങളെ കാത്തൊരു വണ്ടി ഉണ്ടായിരുന്നത് ആശ്വാസമായി.
ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഈസ്റ്റേൺ എയർ കമാൻഡിന്റെ ക്യാമ്പിലെത്തി.
തോരാമഴയും,തണുപ്പും എല്ലാമായി ഈറനണിഞ്ഞ ഷില്ലോങ്ങിലേക്കാണ് ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥയ്ക്കനുയോജ്യമായ മാറ്റങ്ങൾ യൂണിഫോമിലും ആവശ്യമായിരുന്നു.
തണുപ്പടിക്കാതിരിക്കാനായി കമ്പിളി കോട്ടും,
ഗം ബൂട്ടും( Steefil ), മഴക്കോട്ടും.
പുതച്ചുറങ്ങാൻ രജായി- അകത്തു പഞ്ഞി നിറച്ച പ്രത്യേക പുതപ്പ്- ഇതു പുതച്ചാൽ പിന്നെ തണുപ്പറിയില്ല, തീ കൂട്ടി മുറി ചൂടാക്കാനായുള്ള സൗകര്യങ്ങളും, കത്തിക്കാൻ വിറകും കൽക്കരിയും, കുളിക്കാനുള്ള വെള്ളം ചൂടാക്കാൻ പ്രത്യേകം ഹീറ്റർ അങ്ങനെ തണുപ്പിനെ അകറ്റി നിറുത്താനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.
അപ്രതീക്ഷിതമായി ഇടക്കിടക്കുണ്ടാവുന്ന ചെറിയ ഭൂമികുലുക്കങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്ന മുന്നറിയിപ്പ് ആദ്യ ദിവസം തന്നെ കിട്ടി. കെട്ടിടഭിത്തികൾക്കിടയിൽ ഈറ്റകൊണ്ടുള്ള പനമ്പ് വയ്ച്ചു സുരക്ഷിതമാക്കിയിട്ടുള്ളതുകൊണ്ട് കുലുങ്ങിയാലും സാധാരണയുണ്ടാവുന്ന ചെറിയ കുലുക്കങ്ങൾ അപകടകാരികളല്ലത്രെ.
ട്രെയിനിങ്ങു കാലം കഴിഞ്ഞാലുള്ള എയർ ഫോഴ്സ് ജീവിതം മറ്റു ഫോഴ്സു കളെ അപേക്ഷിച്ചു സുഖകരമാണെന്നു പറയാം. ആഴ്ചയിൽ
40 മണിക്കൂറിൽ താഴെയുള്ള ജോലിസമയം കഴിഞ്ഞാൽ പ്രത്യേക ടാസ്കുകളൊന്നുമുണ്ടാവില്ല. ഇഷ്ടമുള്ളത് ചെയ്യാൻ ധാരാളം സമയം.
ഷില്ലോങ്ങിൽ പരിചയപ്പെട്ട മുഖങ്ങളിൽ ഇന്നും പച്ച പിടിച്ചു നിൽക്കുന്നത് ചില ചങ്ങനാശ്ശേരിക്കാരുടേതാണ്.
രാജ കലയുള്ള മുഖവും അതിനു ചേർന്ന വലിയ കൊമ്പൻ മീശയുമായി , ആഢ്യത്തവും സൗമ്യതയും കൊണ്ട് എല്ലാവർക്കും സമ്മതനായിരുന്ന പെരുമ്പുഴക്കടവിൽ സെബാസ്റ്റ്യൻ- ടെലിപ്രിന്റർ കീ ബോർഡിൽ ഇദ്ദേഹത്തിന്റെ കൈവിരലുകൾ മെഷീന്റെ സ്പീഡിനെക്കാൾ വേഗത്തിൽ ചലിക്കുമ്പോൾ ടെലിപ്രിന്റർ ഇടയ്ക്കു പണി മുടക്കുമായിരുന്നു.
ആറടിയോടടുത്തു പൊക്കവും എണ്ണക്കറുപ്പു നിറവുമുള്ള മുള്ള ബഷീർ- പുരുഷത്വത്തിന്റെ പ്രതീകമായിരുന്നു. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം.
ബാറിൽ ചെന്നാൽ ഒരു ഗ്ലാസിൽ നാലു പെഗ് വാങ്ങി അതിൽ തുള്ളി വെള്ളവും ചേർത്ത് കൗണ്ടറിൽ നിന്നു തന്നെ അകത്താക്കിയിട്ട് അടുത്ത രണ്ടു പെഗും വാങ്ങിയേ ഇരിപ്പിടത്തിൽ പോയിരുന്നു കുടി തുടങ്ങുകയുള്ളു.
പത്തു പൈസ റമ്മി പപ്ലു, കിപ്ലു അകമ്പടിയോടെ കളിക്കുമ്പോൾ അന്നത്തെ നിലവാരത്തിൽ അത് ഏറ്റവും വലിയ ചൂതാട്ടമാണ്. ബഷീറിന്റെ കളി വെളുക്കുവോളം കൂടെയിരുന്നു കണ്ടാസ്വദിച്ചിട്ടുണ്ട്. പിക്ക് ആൻഡ് ഡിക്ക് കൈ വച്ചു രണ്ടു മുന്ന് റൗണ്ട് വരെ ഭാഗ്യംപരീക്ഷിക്കുന്ന ബഹഷീറിന്റെ കണക്കു കൂട്ടലുകൾ തെറ്റാറില്ലായിരുന്നു. രണ്ടാമത്തെ റൗണ്ടിൽ റൺ ( ലൈഫ്) തികയ്ക്കാനുള്ള കാർഡിനെ ഒരു മന്ത്രവാദിയെപ്പോലെ വിളിച്ചു വരുത്തി മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന ബഷീറിനെ കാർഡുകൾ ഒരിക്കലും ചതിച്ചിട്ടില്ല.
അടുത്തത് ആക്രി കച്ചവടക്കാരൻ ജോസി ആണ്. 69 -70 കളിലൊക്കെ അമേരിക്കക്കാരി ഒരു പെൻ ഫ്രണ്ട് ഉണ്ടാവുകയും അവരെ വളച്ച് ഇടക്കിടക്കു സമ്മാനമായി ഡോളർ സ്വീകരിക്കുകയും ചെയ്തിരുന്ന ജോസി ചെയ്യാത്ത കച്ചവടങ്ങൾ ഒന്നും തന്നെയില്ല.
കോഴി ഫാമിൽ നിന്നും വാങ്ങുന്ന കോഴികളെയും മുട്ടകളും ഒക്കെ വീടുകളിൽ എത്തിച്ചു കൊടുക്കുക മാത്രമല്ല ആവശ്യക്കാർക്ക് കോഴിയുടെ പപ്പു പറിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. അതിന് 25 പൈസ കൂടുതൽ വാങ്ങും. ജാം നഗർ ജെട്ടികൾ കച്ചവടം ചെയ്തിരുന്ന കാലത്തു ജോസി കൊടുക്കുന്ന സ്പെഷ്യൽ ഓഫർ ആയിരുന്നു ജെട്ടി ഇട്ടു നോക്കി ബോധ്യപ്പെടാനുള്ള അവസരം. മിക്കവാറും എല്ലാ കുടുംബങ്ങളുമായും സുഹൃദ്ബന്ധത്തിലായിരുന്ന ജോസി അവധി ദിവസങ്ങളിൽ ജെട്ടികളുമായി വീടുകളിലെത്തുന്നത് വീട്ടമ്മമാർക്കൊരു സഹായമായിരുന്നു !
പെൻഷൻ പ്രായമടുത്ത പാലാക്കാരൻ മാസ്റ്റർ വാറണ്ട് ഓഫീസർ ജോസഫിന് വൈകുന്നേരങ്ങളിൽ മദ്യപിക്കാതെ പറ്റില്ലായിരുന്നു. വീട്ടിൽ തനിച്ചിരുന്നു ബോറടിച്ച പാലക്കാരി പറഞ്ഞു -എനിക്കു തനിച്ചിരുന്നു മടുത്തു, ഞാനും കുടി ചേട്ടന്റെ കൂടെ മെസ്സിൽ വന്നിരുന്നുകൊള്ളാമെന്ന്. അങ്ങനെ രണ്ടു പേരും കുടി ഒന്നിച്ചു മെസ്സിൽ പോക്കു തുടങ്ങി, ബാറിൽ നിന്ന് രുചി അറിയാൻ അര പെഗ്ഗിൽ തുടങ്ങിയ ചേച്ചി അവസാനം ചേട്ടനെയും തോൽപ്പിച്ച് കളഞ്ഞു. രണ്ടു പേരും മദ്യത്തിന് അടിമകളായി.
സമയത്തു കുടിക്കാൻ പറ്റിയില്ലെങ്കിൽ രണ്ടു പേരും ഒന്നിച്ചിരുന്നു വിറക്കും.
ബോഡി ബിൽഡർ നാണു അവധി കഴിഞ്ഞു വരുമ്പോൾ കൊണ്ടു വരുന്ന സ്വാദിഷ്ടമായ കറികൾ മെസ്സിൽ വന്ന് എല്ലാവരോടുമൊത്തു ഭക്ഷണത്തിനിരിക്കുമ്പോൾ, പ്ലേറ്റിൽ നിരത്തി വച്ചിട്ട് മറ്റാരും എടുത്തു കഴിക്കാതിരിക്കാൻ, എല്ലാവരും കാൺകെ തുപ്പൽ തൊട്ടു വയ്ക്കുമായിരുന്നു. മറ്റുള്ളവരുടെ പ്ലെയ്റ്റുകളിൽ കൈയിട്ടു വരാൻ വിരുതനായ നാണുവിന്റെ പ്രതിപക്ഷ ബഹുമാനമില്ലായ്മയെ ഞങ്ങൾ ദൂരെ മാറിനിന്നു വിമർശിച്ചു.
മേൽ പറഞ്ഞവരിൽ നിന്നെല്ലാം വ്യത്യസ്തനായി, എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് നിലമ്പുർ സ്വദേശി പാപ്പച്ചനായിരുന്നു.
ഒരു മാതിരി പൊക്കവും,ചുരുണ്ട മുടിയും വെളുത്തു ചുമന്ന നിറവും അല്പം മാംസളമായ സ്ത്രൈണ ശരീരപ്രകൃതിയുമുള്ള, മുക്കിനു താഴെയും താടിയുടെ അറ്റത്തും മാത്രം
പുരുഷ ലക്ഷണങ്ങളുള്ള പാപ്പച്ചൻ.
രണ്ടാം വർഷ ഡിഗ്രിക്കു പ്രൈവറ്റ് ആയി പഠിച്ചുകൊണ്ടിരുന്ന പാപ്പച്ചൻ മിക്കവാറും പുസ്തകങ്ങളുടെ മുന്നിലാണ്. ബാർ ദിവസങ്ങളിൽ രണ്ടു പെഗ്ഗും ഗ്ഗും വാങ്ങി തനിച്ചിരുന്നു ഭക്ഷണവും കഴിച്ചു വീണ്ടും പുസ്തകമെടുക്കും.
എന്നു വച്ച് ആരോടും മിണ്ടാതിരിക്കില്ല. എല്ലാവരുമായും ആവശ്യത്തിനുള്ള സൗഹൃദം.
എയർ ഫോഴ്സിൽ 1970 നു മുൻപും അതിനു ശേഷവും ചേർന്നവർ തമ്മിൽ, ഒരു തരം തിരിവുണ്ടായിരുന്നു.
70 നു മുൻപുള്ളവർ (കള്ളടിയിൽ മാസ്റ്റേഴ്സും, ഒരു കുപ്പി, 12 1/2 പെഗ്ഗ് , ഒറ്റഇരുപ്പിൽ ഒരു തീർക്കുന്നതാണ് മാസ്റ്റേഴ്സിനുള്ള മാനദണ്ഡം. 7 പെഗ്ഗിൽ കൂടുതൽ കപ്പാസിറ്റിയാവുമ്പോൾ ബാച്ചിലർ പദവി കിട്ടും, അല്പം പരാക്രമങ്ങളുമൊക്കെയായി ജീവിതം ആഘോഒഷമാക്കിയപ്പോൾ ,
70 നു ശേഷം വന്നവർ പ്രൈവറ്റ് ആയി പഠിച്ചു ഡിഗ്രിയും പോസ്റ്റ് ഗ്രാഡുവേഷനും ഒക്കെ പൂർത്തിയാക്കി 15 വർഷത്തിന് ശേഷം പുറത്തു വന്ന് മറ്റു മേഖലകളിൽ ജോലി നേടി.
പഴയ തലമുറ ഉയർച്ചയുടെ പടവുകൾ താണ്ടി 55 വയസ്സു വരെ തുടർന്നു.
പാപ്പച്ചൻ തന്റെ ശരീര പ്രകൃതിയെപ്പറ്റി ബോധവാനായിരുന്നു.
ബാത് റൂമിൽ കുളിക്കാൻ പോകുമ്പോൾ പലരുടെയും ആർത്തിപിടിച്ചുള്ള നോട്ടം കാണുമ്പോൾ തനിച്ചെങ്ങാനുമാണെങ്കിൽ വേഗം കുളിച്ചു സ്ഥലം വിടും.
പാപ്പച്ചന്റെ പഴയ യൂണിറ്റ് ബിക്കാനീറിൽ വച്ചുണ്ടായ ഒരു സംഭവം അദ്ദേഹം തന്നെ വിവരിച്ചത് ഇങ്ങിനെയായിരുന്നു.
വേനൽക്കാലമായാൽ പിന്നെ ഫാനിന്റെ അടിയിൽ കിടന്നാലും സഹിക്കാൻ വയ്യാത്തത്ര ചൂടാണ്, അത് കൊണ്ട് മിക്കവരും കട്ടിലുമെടുത്തു പുറത്തു പോയിക്കിടക്കും. മുകളിൽ നക്ഷത്രങ്ങളെക്കണ്ട് രാത്രി 12 മണിയോടെ തുടങ്ങുന്ന ഇളം തണുപ്പുള്ള കാറ്റും ആസ്വദിച്ച് ഉറങ്ങാൻ നല്ല സുഖമാണ്.
അങ്ങിനെയൊരു ദിവസം പാപ്പച്ചൻ രണ്ടു പെഗ്ഗും ഭക്ഷണവും കഴിഞ്ഞു പുറത്തു കിടന്നുറങ്ങി.
ഏതാണ്ട് പതിനൊന്നു മണിയോടെ അടിച്ചു പിമ്പിരിയായി ഭക്ഷണവും കഴിഞ്ഞു വരുന്ന മൂന്നു സർദാർജിമാർ കാണുന്നത് വെളിയിൽ കിടന്നുറങ്ങുന്ന പാപ്പച്ചനെയാണ്.
നോട്ടമിട്ടു നാളേറെയായെങ്കിലും ഇതു വരെ അവസരമൊത്തുവന്നിട്ടില്ല.
പുറത്തു കിടന്നുറങ്ങുന്ന പാപ്പച്ചനെ പൊക്കികളയാമെന്നു സർദാർജിമാർ പ്ലാൻ ചെയ്തു.
രണ്ടു പേർ കട്ടിലിന്റെ മുൻപിലും പിറകിലും നിന്ന് കട്ടിലിന് അല്പം പോലും ഇളക്കം തട്ടാതെ പൊക്കിയെടുത്തു വിജനതയിലേയ്ക്കു കൊണ്ട് പോയി.
മൂന്നാമൻ കൂടെ നിന്ന് മറ്റാരും ശ്രദ്ധിക്കുന്നില്ലെന്നും കട്ടിൽ ഇളകുന്നില്ലെന്നുമൊക്കെ ഉറപ്പു വരുത്തി. ആരുമില്ലാത്ത ദുരത്തിലെത്തിയപ്പോൾ അവർ കട്ടിൽ പതിയെ താഴെ വയ്ച്ചു.
കള്ള ടിച്ചിരുന്നതിനാൽ ഒരുത്തന്റെ കൈൽ നിന്നും കട്ടിലിന്റെ കാൽ തെന്നി പോയി.
പിടഞ്ഞെണീറ്റ പാപ്പച്ചൻ മുന്നിൽ നിൽക്കുന്ന തലേക്കെട്ടുകളെക്കണ്ട് അന്ധാളിച്ചു.
പിന്നെ പുതച്ചിരുന്ന ലുങ്കിയുമെടുത്തു് ഒറ്റ ഓട്ടമായിരുന്നു
ഓർമക്കുറിപ്പുകൾ ( 7 )
കൈയക്ഷരം ചതിക്കുഴിയാകുമ്പോൾ
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന രണ്ടര വർഷത്തെ ട്രെയിനിങ് പീരിയഡിലൂടെ കടന്നു പോരുമ്പോൾ ഇലക്ട്രോണിക്സ് ടെലികമ്മ്യൂണിക്കേഷൻ
വിഭാഗത്തിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നവർ സ്വായത്തമാക്കുന്നത് ഒരു പക്ഷെ മറ്റൊരു ഇൻസ്റ്റിട്യുഷനും വാഗ്ദാനം ചെയ്യാൻ സാധിക്കാത്തത്ര വിപുലമായ, വിവിധ വിഷയങ്ങളിലും തലങ്ങളിലുമുള്ള പാടവമാണ്.
രാഷ്ട്രത്തിന്റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കപ്പെടുന്ന റിപ്പബ്ലിക് ഡേ പരേഡിന്റെ മാർച്ച് പാസ്റ്റിൽ എയർ ഫോഴ്സ് യൂണിറ്റിനെ പ്രതിനിധീകരിച്ചു കണ്ട് ഞങ്ങളിലാരെങ്കിലുമൊക്കെ മാർച്ചു ചെയ്തിട്ടുണ്ടാവും.
( ഒരു റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുക്കണമെന്ന പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹം ഇന്നും ഒരു നീറ്റലായി അവശേഷിക്കുന്നു. പരിശീലനകാലത്തു ബെസ്റ്റ് ഡ്രില്ലിനുള്ള വ്യക്തിഗത ട്രോഫി കരസ്ഥമാക്കിയിട്ടു പോലും രണ്ടു സെന്റി മീറ്റർ പൊക്കം കുറവാണെന്ന കാരണത്താൽ പരേഡിൽ നിന്നും ഔട്ട് )
മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നവരുടെ നിലവാരത്തിലേക്കെത്തുവാൻ ഞങ്ങൾ ധാരാളം വിയർപ്പും കണ്ണുനീരുമൊഴുക്കേണ്ടി വന്നു.
NCC മുൻപരിചയമുണ്ടായിരുന്നവർക്ക് പരേഡ് മൂവ്മെന്റുകൾ എളുപ്പമായിരുന്നെങ്കിലും, തവളച്ചാട്ടവും, ക്രൗളിംഗും പുറത്തു ഭാരം കെട്ടി വച്ചും അല്ലാതെയുമൊക്കെയുള്ള മണിക്കുറുകൾ നീളുന്ന ഓട്ടവും – പലപ്പോളും മറ്റുള്ളവർ വിശ്രമിക്കുമ്പോൾ – ഒക്കെ ശിക്ഷാ നടപടികളായി ഏറ്റു വാങ്ങിക്കൊണ്ടാണ് പലരും ഡ്രില്ലിൽ മികവു നേടിയത്.
ഹെലികോപ്റ്ററുകൾ തുടങ്ങി അത്യാധുനിക യുദ്ധ വിമാനങ്ങൾ വരെ പറക്കുവാൻ സന്നദ്ധമാവുന്നത് ഞങ്ങളിലൊരാളുടെ കൂടി പരിശോധനയ്ക്കും സെർട്ടിഫിക്കേഷനും ശേഷമായിരുന്നു.
റഡാർ സംവിധാനങ്ങളും, സിഗ്നൽ യൂണിറ്റുകളും ടെലിഫോൺ ശ്രുംഖലയും 24 മണിക്കൂറും പ്രവർത്തന സഞ്ജമാക്കുവാൻ പിന്നിൽ പ്രവർത്തിച്ചതിരുന്നത് ഞങ്ങളുടെ കരങ്ങളായിരുന്നു.
യെമെൻഡൻ ട്രാൻസ്മിറ്ററുകൾ മുതൽ സിഗ്നൽ ജനറേറ്റർസ്, ഓസ്സിലോസ്കോപസ്, ഫ്രിക്ക്വൻസി കൗണ്ടെർസ് തുടങ്ങി എല്ലാ വിധ ആധുനിക ഇലക്ട്രോണിക് എക്വിപ്മെന്റുകളുടെയും പ്രവർത്തന ക്ഷമത ഞങ്ങളുടെ കൈകളിൽ ഭദ്രമായിരുന്നു.
വെൽഡിങ്ങും,ലയിത്തു മൊഴിച്ചുള്ള എല്ലാ ടൂൾസും വിദഗ്ദമായി കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്യം ഞങ്ങൾ ആർജിച്ചിരുന്നു.
കാലഹരണപ്പെട്ടു പോയ ടെലിപ്രിന്ററും, മോഴ്സും
( പോസ്റ്റിലെ ടെലിഗ്രാഫിക്കു പകരം ആഗോളതലത്തിൽ മോഴ്സ് കോഡുകളാണ് ഉപയോഗത്തിലിരുന്നത്) കൈകാര്യം ചെയ്തിരുന്നതും ഞങ്ങൾ തന്നെ.
ടെലിപ്രിന്ററിൽ മിനിറ്റിൽ 50 വാക്കുകളും, മോഴ്സ് മിനിറ്റിൽ 24 വാക്കുകളുമൊക്കെ യായിരുന്നു സാധാരണ വേഗത.
രഹസ്യ സ്വഭാവമുള്ള സൈഫർ കോഡുകളിൽ നടത്തുന്ന ആശയ വിനിമയങ്ങൾ പിന്നീട് ഡീകോഡ് ചെയ്താണ് സന്ദേശം മനസ്സിലാക്കുന്നത്.
ആരംഭത്തിൽ മോഴ്സ് കോഡുകൾ തീരെ പതിയയെ എഴുതി പഠിക്കാൻ സാധിക്കുകയുള്ളു. ആദ്യം കോഡ് പഠിക്കണം, പിന്നെ അതു കേട്ട് എഴുതാൻ സാധിക്കണം. 4 വാക്കുകൾ മിനിറ്റിൽ കേട്ടെഴുതിക്കൊണ്ടായിരുന്നു തുടക്കം. അതിനു ശേഷം 5, 6, 10, 20 വാക്കുകൾ ആയി ഏതാണ്ട് ആറേഴു മാസം കൊണ്ട് 24 വാക്കുകൾ ഒരു മിനിറ്റിൽ എന്ന സ്പ്പീഡിലേക്കെത്തും.
മോഴ്സ് കോഡിന്റെ വ്യക്തിഗത ഉപയോഗം പലർക്കും പല വിധത്തിലായിരുന്നു. പ്രണയിനിമാർക്ക് വീട്ടുകാരെ വെട്ടിച്ചു കോഡ് ഭാഷയിൽ അവളുടെ അപ്പനുള്ള എഴുത്തുകളിൽ വരെ സന്ദേശങ്ങൾ പറത്തിയവരുണ്ടായിരുന്നു.
എനിക്കു പക്ഷെ ഈ കോഡു പഠനം തുണയായത് എന്റെ കൈയക്ഷരം മെച്ചപ്പെടുത്താനാണ്. വെള്ളക്കടലാസിൽ വരകൾ വരച്ചു മുന്നിലും നാലിലും പഠിക്കുന്ന കുട്ടികളെപ്പോലെ ഞാൻ പതിയെ ആ വരകൾക്കുള്ളിൽ എഴുതി തുടങ്ങി.
ചില സമയങ്ങളിൽ സ്വന്തം കൈയക്ഷരത്തിൽ എഴുതിയതു വായിക്കാനാവാതെ വിഷണ്ണനായി നിന്നു കരയേണ്ടി വന്ന പൂർവകാലം.
8 ആം ക്ലാസ്സിലെ ആദ്യ ടേമിലെ പരീക്ഷ കഴിഞ്ഞു മാർക്ക് അനൗൺസ് ചെയ്തുകൊണ്ട് ഉത്തരക്കടലാസുകൾ തിരിച്ചു നൽകുന്ന ജോസഫ് സാർ.
അന്നു വരെ ഒരു വിഷയത്തിനും തോറ്റിട്ടില്ലാത്ത എന്നെ ജോസഫ് സാർ ഇംഗ്ലീഷ് സെക്കൻഡ് പേപ്പറിന് 1/ 2 മാർക്കിനുതോൽപിച്ചു കളഞ്ഞു.
എല്ലാ ഉത്തരങ്ങളും ശരിക്കും അറിയാമായിരുന്ന ,കൃത്യമായി ഉത്തരമെഴുതിയ എനിക്ക് മാർക്കു കുറഞ്ഞിരിക്കുന്നത് ജോസഫ് സാറിനു പറ്റിയ എന്തെങ്കിലും പിശകു തന്നെ, തീർച്ച.
മാർക്കു കുറഞ്ഞതിലുള്ള നാണക്കേടിനപ്പുറം, പ്രോഗ്രസ്സ് കാർഡിൽ തോറ്റ വിഷയത്തിനു കീഴിൽ ചുമന്ന വരയുമായി ചെല്ലുമ്പോളുണ്ടാവുന്ന ഭൂകമ്പമോർത്തപ്പോളാണ് പേടി വന്നത്.
.
പുളി വാറുകൊണ്ടുള്ള അടിയുടെ വേദന അപ്പോളേ മനസ്സിൽ തെളിഞ്ഞു.
ഞാൻ സാറിന്റെയടുത്ത് ഉത്തരക്കടലാസ്സുമായി ചെന്ന് സങ്കടം ബോധിപ്പിച്ചു.
എല്ലാ ഉത്തരങ്ങളും എനിക്കറിയാമെന്നും എല്ലാം ശരിയായിട്ടു തന്നെ എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.
സാർ എന്റെ ഉത്തരക്കടലാസ് വാങ്ങി നോക്കിയിട്ടു തിരിച്ചു തന്ന് ഒരുത്തരം ചുണ്ടിയിട്ടു വായിച്ചു കേൾപ്പിക്കാൻ പറഞ്ഞു;
ശരിയാണെങ്കിൽ ജയിപ്പിക്കാം.
ഉത്തരക്കടലാസിൽ ഞാൻ വരച്ചിരുന്ന അർത്ഥമില്ലാത്ത വരകൾ എന്നെ നോക്കി പരിഹസിച്ചു.
ഞാൻ വീണ്ടും അവിടെ നിന്ന് കരഞ്ഞു. സാറിനു പക്ഷെ ദയ തോന്നിയില്ല.
കൈയക്ഷരം നന്നാക്കാൻ സൗജന്യമായ ഉപദേശം തന്നു വിട്ടു.
സാറിനെ എന്തെങ്കിലുമൊക്കെ ചെയ്യുവാനുള്ള അരിശവുമായി തിരിച്ചു പൊന്നു.
വിജയകരമായി ട്രെയിനിങ് പൂർത്തിയാക്കിയ ഞങ്ങളിൽ 9 പേരെ ഷില്ലോങ്ങിലേയ്ക് പോസ്റ്റിങ്ങ് നടത്തിയ ഓർഡറും കൈപ്പറ്റികൊണ്ട് ആദ്യത്തെ അവധി ആഘോഷിക്കാൻ ഞങ്ങൾ നാട്ടിലേക്കുള്ള തീവണ്ടി കയറി.
ഓർമക്കുറിപ്പുകൾ (6 ) പാൻ സിംഗ് തോമർ
ട്രെയിനിങ് തുടങ്ങി രണ്ടു മൂന്നാഴ്ചകൾ കഴിഞ്ഞ്, ഒരു ദിവസം വൈകുന്നേരം ഫിസിക്കൽ ട്രെയിനിങ്ങും കഴിഞ്ഞു തിരിച്ചു പോരുമ്പോളാണ്, അടുത്ത അത്ലറ്റിക്സ് മീറ്റിനു വേണ്ടി പ്രാക്റ്റീസു തുടങ്ങിയ അരവിന്ദനു തോന്നുന്നത്, എല്ലാവരെയും കൂട്ടി ഒന്നോടി നോക്കിയാലോ എന്ന്.
ഞങ്ങൾ ആറേഴു പേരുണ്ട്;
അവൻ എല്ലാവരോടുമായി ചോദിച്ചു, നമുക്കൊന്നോടി നോക്കിയാലോ ?
അരവിന്ദന്റെ അടുത്തെങ്ങും എത്താൻ പറ്റില്ലെങ്കിലും വെറുതെ ഒന്നോടി നോക്കുന്നതിൽ ആർക്കും എതിർപ്പൊന്നുമില്ലായിരുന്നു,
ഒരു തമാശ.
അവൻ വൺ, റ്റു, ത്രീ പറഞ്ഞു; ഞങ്ങൾ എല്ലാവരും പറ്റുന്ന വേഗതയിൽ ഓടി. അരവിന്ദൻ കഴിഞ്ഞാൽ ആർക്കാണ് സ്പീഡ് എന്നറിയണം.
80 മീറ്ററോളം പിന്നിട്ടപ്പോൾ അരവിന്ദനോടൊപ്പമെന്നപോലെ ഞാനും ഓടുകയാണ്.
ഞങ്ങൾ ഓട്ടം നിറുത്തി.
നീ എവിടെയൊക്കെ ഓടാൻ പോയിട്ടുണ്ട്, നാട്ടിലെ മത്സരങ്ങളിലൊന്നും കണടിട്ടില്ലല്ലോ,
അരവിന്ദന്റെ ഒരു തമാശ, ഞാൻ വിചാരിച്ചു.
പിന്നെ ഒന്നോർത്തെടുത്തു നോക്കി.
ഇവിടെയെത്തുന്നതിനു മുൻപ് ഓടേണ്ടി വന്നിട്ടുള്ളത് എപ്പോളൊക്കെയായിരുന്നെന്ന്.
പള്ളിക്കൂടത്തിലെ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും അനുവാദമില്ലായിരുന്നു,
വീണു കൈയോ കാലോ ഒടിഞ്ഞാൽ അതിന്റെ പിറകെ നടക്കാൻ ഇച്ചാച്ചനും, അമ്മച്ചിക്കും സമയമില്ല.
അനുവാദമില്ലാതെ മത്സരത്തിനു കൂടിയെന്നറിഞ്ഞാൽ പൂരേ തല്ലും.
പഠിക്കാനുള്ള നേരം ഓടിക്കളയണ്ട, അതാണ് നിയമം.
100 മീറ്റർ ഓട്ടത്തിൽ മത്സരിക്കുന്നവരുടെ സ്പീഡ് കാണുമ്പോൾ, ഇവരുടെ അടുത്തെങ്ങുമെത്താനുള്ള സ്പീഡ് എനിക്കില്ലാതെ പോയല്ലോ എന്ന വിഷമം തോന്നും.
കോളേജിൽ ചെന്നപ്പോൾ രണ്ടു പ്രാവശ്യം ഓട്ട മത്സരത്തിൽ പങ്കെടുത്തു, 800 മീറ്ററിന്. അതാവുമ്പോൾ സമയമെടുത്ത് നമുക്കോടാമല്ലോ.
രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു പോന്നു.
പിന്നെ ഓടിയിട്ടുള്ളത്, പശുക്കിടാവു കയറുപൊട്ടിച്ചോടുമ്പോൾ അതിനെ പിടിച്ചു തൊഴുത്തിൽ കേറ്റാനായി അതിന്റെ പിറകെയും, കൂട്ടിൽ നിന്നും പുറത്തു ചാടുന്ന പന്നിയെ തിരിച്ചു പന്നിക്കൂട്ടിലെത്തിക്കാനുമായിരുന്നു.
പശുക്കിടാവിന്റെ കഴുത്തിൽ കയറുണ്ടാവും, അതു കുറെ ഓടി മടുക്കുമ്പോൾ എങ്ങിനെയും പിടിക്കാം;
പക്ഷെ പന്നിയുടെ പിറകെ ഓടി അതിനെ പിടിച്ചു കുട്ടിലാക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സർവ ശക്തിയുമെടുത്തു പിറകെ ഓടിയാലും, അതു മടുത്തു വായിലൂടെ നുരയും പതയുമൊക്കെ വന്നാലേ തോൽവി സമ്മതിക്കത്തൊള്ളു.
പന്നിക്കൂടെന്നൊക്കെ പറയുമ്പോൾ പുതു തലമുറയക്ക് ചിലപ്പോൾ പിടി കിട്ടില്ലായിരിക്കും.
70 കളുടെ അന്ത്യം വരെയെങ്കിലും നാട്ടിൻപുറങ്ങളിലെ കർഷക കുടുംബങ്ങളിൽ പന്നി വളർത്തലുണ്ടായിരുന്നു.
ഭക്ഷണത്തിന്റെ ബാക്കിയും കാടി വെള്ളവും പിന്നെ മനുഷ്യ വിസർജ്യവുമാണു പന്നിക്കു ഭക്ഷണം.
പന്നിയില്ലെങ്കിൽ ഇതെല്ലം വേസ്റ്റ് ആയിപ്പോകും.
ഇങ്ങനെ വളർത്തുന്ന പന്നികളുടെ ഇറച്ചിക്ക് ശീമ പോർക്കിനെക്കാളും ടേസ്റ്റ് ആയിരുന്നത്രെ, അതുകൊണ്ടു തന്നെ നല്ല വിലയും.
കർഷകർക്ക് പ്രത്യേക മുടക്കില്ലാത്ത ഒരാദായമാർഗ്ഗം .
വീടുകളിൽ പന്നി കൂടിനോടനുബന്ധിച്ചു കക്കൂസ് പണുത് അവിടെയായിരുന്നാണു വെളിക്കിറങ്ങുക. ആ സൗകര്യങ്ങളില്ലാഞ്ഞവർ പ്രഭാത കൃത്യങ്ങൾക്കായി കുറ്റിക്കാടുകൾ തേടിയിറങ്ങും.
ചേട്ടന്മാരുടെയും , ചേച്ചിമാരുടെയും പ്രവാസം കൊണ്ടു തീർത്ത ബംഗ്ലാവുകളും യൂറോപ്യൻ കക്കൂസുകളും കണ്ടു വളർന്ന തലമുറയ്ക്ക്, അവരില്ലായിരുന്നെങ്കിൽ, നമ്മൾ ട്രോളുന്ന വ ടക്കേ ഇന്ത്യയിലെ പാവങ്ങളെ പോലെ റെയിൽവേ ട്രാക്കുകളും കുറ്റിക്കാടുകളും തേടി ഇന്നും അലയേണ്ടി വന്നേനെ,
പ്രത്യേകിച്ചും ട്രേഡ് യുണിയനിസം ജീവിത മാർഗമാക്കിയിരിക്കുന്ന ദൈവത്തിന്റെ നാട്ടിൽ.
അരവിന്ദൻ എന്നെ അവനോടൊപ്പം പ്രാക്ടിസിനു ചെല്ലാൻ നിർബന്ധിച്ചു; എന്നെ പരിശീലിപ്പിക്കുന്ന ജോലി അവൻ സ്വമേധയാ ഏറ്റെടുത്തു.
പിന്നെ കുറേക്കാലം അവനോടൊപ്പം അവൻ പറഞ്ഞു തന്ന ട്രെയിനിങ് ഷെഡ്യൂൾ പിന്തുടർന്ന് , മറ്റുള്ളവർ സുഖമായി വിശ്രമിക്കുന്ന സമയങ്ങളിൽ ഞാൻ വിയർപ്പൊഴുക്കി.
ആ വർഷത്തെ സ്പോർട്സ് മീറ്റിൽ അവന്റെ ഒരു പഴയ സ്പൈക്സ്ഉം ( അത്ലറ്റുകൾ ട്രാക്കിൽ ഉപയോഗിക്കുന്ന പ്രത്യേക തരം ഷൂ ). ധരിച്ചു ഞാനും പങ്കെടുത്തു.
100,200 മീറ്ററിൽ രണ്ടാം സ്ഥാനവും, റിലേയിൽ ഒന്നാം സ്ഥാനവും !!
B. Pilla നിലവിലുള്ള ചാമ്പ്യനെ പിന്നിലാക്കി 10000 മീറ്റർ ജേതാവായി.
അരവിന്ദൻ ബാംഗ്ലൂർ വച്ച് നടന്ന എയർ ഫോഴ്സ് മീറ്റിൽ 800 മീറ്ററിൽ ജേതാവായികൊണ്ട് പത്രവാർത്തകളിൽ സ്ഥാനം പിടിച്ചു.
കുറച്ചു കാലത്തേക്കു കൂടി പ്രാക്ടീസ് ചെയ്യുകയും ഹ്രസ്വ ദൂര ഓട്ടത്തിൽ അന്നത്തെ ഏറ്റവും നല്ല സമയത്തിനടുത്തെത്തുകയും ചെയ്തെങ്കിലും കഠിനമായ പരിശീലനം തുടർന്ന് കൊണ്ടുപോകാനായില്ല.
അന്നു കൂടെയുണ്ടായിരുന്ന മറ്റെല്ലാവരും തമ്മിൽ ഇപ്പോളും പരസ്പരം ബന്ധപ്പെടുകയും, വാർഷിക ഒത്തുചേരലുകളിലൂടെ സൗഹൃദം പുതുക്കുകയും ചെയ്യുമ്പോൾ, അരവിന്ദനെ മാത്രം ഞങ്ങൾ മിസ് ചെയ്യുന്നു.
ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു നീയിതു വായിക്കുന്നുണ്ടെങ്കിൽ പഴയകാല സുഹൃത്തുക്കളിൽ ആരെങ്കിലുമായി ബന്ധപ്പെടുമല്ലോ.
വടക്കേ ഇന്ത്യയിലെ ഏതോ കുഗ്രാമത്തിൽ നിന്നും ആർമിയിൽ ചേർന്ന, പിൽകാലത്തു തന്റെ കുടുംബം നശിപ്പിച്ച ഉയർന്ന ജാതിക്കാർക്കെതിരെ നിയമവഴികളിലൂടെ നീതി ലഭിക്കാതായപ്പോൾ കൊള്ളത്തലവനായി കാടു കയറിയ, ടോക്കിയോ ഒളിമ്പിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സ് ഓടിയ, പാൻ സിങ് തോമർ; ഇർഫാൻ ഖാൻ സിനിമയിലൂടെ നിങ്ങളിൽചിലർക്കെങ്കിലും സുപരിചിതനായിരിക്കും.
പശുവിന്റെയും പന്നിയുടെയും പിറകെ ഓടിതളർന്ന അനവധി നാട്ടും പുറത്തുകാരുടെ കായിക മികവുകൾ യഥാസമയം കണ്ടെത്തി പരിശീലിപ്പിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങൾ എത്രയോ പണ്ടേ സാക്ഷാത്കരിക്കപ്പെടുമായിരുന്നു
ഓർമ്മക്കുറിപ്പുകൾ (5 ) Justin Perez
എയർ ഫോഴ്സ് സ്വപ്നമോ ആ സമയത്തൊരു ജോലിയോ വിദൂര ചിന്തകളിൽ പോലുമില്ലാത്ത കാലത്ത് 1971 ഡിസംബറിൽ പാകിസ്താനുമായുള്ള മൂന്നാം യുദ്ധം നടക്കുമ്പോളാണ് കോട്ടയത്തു വച്ച് എയർ ഫോഴ്സിന്റെ ടെക്നിക്കൽ വിഭാഗത്തിലേയ്ക് റിക്രൂട്മെന്റു നടത്തുന്ന വാർത്ത വരുന്നത്.
PDC മാത്തമാറ്റിക്സ്സ് ആണു യോഗ്യത ആവശ്യപ്പെട്ടിരിക്കുന്നത്. PDC മാത്സ് കഴിഞ്ഞവർ എല്ലാം തന്നെ അന്ന് ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്ന സമയ൦.
വാർത്ത എന്നെ ഒട്ടും തന്നെ ആകർഷിച്ചില്ല.
എന്നാൽ സഹപാഠിയും, എയർ ഫോഴ്സ് മോഹം കേറി രണ്ടു തവണ ബാംഗളൂരിൽ റിക്രൂട്ടിട്മെന്റിനു പോയി നിരാശയോടെ മടങ്ങേണ്ടി വന്ന, അയൽവാസിയുമായ സുഹൃത്ത് കോട്ടയതതു വന്ന സാധ്യത ഒരവസരമായി കണ്ടതിൽ തെറ്റു പറയാൻ പറ്റില്ലല്ലോ.
അവനു കൂട്ടു ചെല്ലാൻ നിർബന്ധിച്ചപ്പോൾ നാലു ദിവസത്തെ ക്ലാസും കട്ട് ചെയ്തു കോട്ടയം ടിബി യിൽ വച്ചു നടന്ന റിക്രൂട്മെന്റിൽ അവനോടൊപ്പം ഞാനും കൂടി.
2500 ഓളം, ഒന്നും രണ്ടും വർഷ ഡിഗ്രി സ്റ്റുഡന്റസ് മാത്രംപങ്കെടുത്ത റിക്രൂട്മെന്റിൽ, കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട, തെക്കൻ കേരളത്തിൽ നിന്നുള്ള ആറു പേരിൽ ഒരാളായപ്പോൾ എയർ ഫോഴ്സിലെ സാധ്യതകളെ പറ്റി കൂടുതൽ അന്വേഷിച്ചു. ട്രെയിനിങ് കഴിഞ്ഞാൽ പഠനം തുടരേണ്ടവർക്ക് ഇഷ്ടം പോലെ അവസരങ്ങളുണ്ടെന്ന അറിവു പ്രചോദനമായപ്പോൾ ഫോഴ്സിൽ ചേരുവാനും തീരുമാനമെടുത്തു.
( സുഹൃത്തിന് ഈ തവണയും കടന്നു കൂടാനായില്ല. റിക്രൂട്ടിങ് ഓഫീസറോടു പ്രത്യേക അഭ്യർത്ഥന നടത്തി നോൺ ടെക്. ട്രേഡിൽ അവൻ കയറി പറ്റി )
അതിനടുത്ത ദിവസങ്ങളിൽ കോഴിക്കോട്ട് വച്ചു നടന്ന റിക്രൂട്മെന്റിലും അഞ്ചു പേർ സെലക്ട് ചെയ്യപ്പെട്ടു.
49 വർഷങ്ങൾക്കു മുൻപ് ഒരു ജാനുവരി 22 നു ബാംഗളൂരിലെ ജലഹാലി എയർ ഫോഴ്സ് സ്റ്റേഷനിൽ ട്രെയിനിങ്ങിനെത്തുമ്പോൾ കുടെയുണ്ടായിരുന്നവരിൽ പലരും കേരളത്തിന്റെ പ്രതിഭകളായിരുന്നു.
10000 മീറ്റർ ഓട്ടത്തിലെ യൂണിവേഴ്സിറ്റി താരം B.Pilla യും (ചിരിക്കുമ്പോൾ കവിളുകളിൽ നുണക്കുഴി വിരിയുന്ന സുമുഖനായ ഇവനെ കണ്ടാൽ ഒരു അതിലിറ്റിക് ലുക്ക് കണ്ടെത്താൻ പ്രയാസമായിരുന്നു. കാക്കകറുപ്പു മാറിക്കിട്ടുമെന്ന് മാന്നാനം കോളിജിലെ ഏതോ പെൺകുട്ടി കൊടുത്ത ഉപദേശമനുസരിച്ചു കുട്ടിക്കുറ പൗഡറിൽ പാലൊഴിച്ചു മറ്റാരും കാണാതെ സേവിച്ചു നടന്നവൻ, അവൾ തന്നെ കളിപ്പിക്കാൻ പറഞ്ഞതായിരുന്നോ എന്ന് ഇടയ്ക്കു സന്ദേഹിച്ചിരുന്നു ).
100 മീറ്റർ മുതൽ 800 മീറ്റർ വരെയുള്ള ഓട്ടത്തിലും ലോങ്ങ് ജംപിലും, ട്രിപ്പിൾ ജംപിലും അജയ്യനായിരുന്ന മങ്കൊമ്പുകാരൻ അരവിന്ദനെത്തിയിരുന്നത് ഒരു സ്യുട്ട്കേസ് നിറയെ അവനു കിട്ടിയ സെർട്ടിഫിക്കറ്റുകളുമായിട്ടായിരുന്നു.
കോഴി ക്കോട്ടു നിന്നെത്തിയ ബുദ്ധിരാക്ഷസന്മാരായ പട്ടരും അയ്യരും തുടങ്ങി, ബാംഗ്ലൂരിൽ നിന്നും വന്നവരെയും കൂട്ടി ഞങ്ങൾ ഏതാണ്ടു 25 ഓളം മലയാളികൾ.
അതിൽ ഒരുവനായിരുന്നു ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ഉണ്ടായിരുന്നിടത്തെല്ലാം തന്റെ വ്യക്തിമുദ്രകൾ അവശേഷിപ്പിച്ചു കടന്നു പോയ ജസ്റ്റിൻ പെരെസ്.
കോളേജ് യൂണിയൻ സെക്രട്ടറിയായി, സമരങ്ങൾ സംഘടിപ്പിക്കുകയും, പ്രതിയോഗികളെ ആക്രമിക്കയും ചെയ്യേണ്ട വലിയ ഉതിരവാദിത്വം ചുമലിലേറ്റയിരുന്ന പെരേസ്, ജീനുകളിൽ അക്രമവാസനയുമായി ജനിച്ചവനായിരുന്നിരിക്കണം.
ട്രാൻസ്പോർട്ട് ബസുകൾ തടഞ്ഞുകൊണ്ട് നടത്തിയ ഒരു സമരത്തിൽ ഉദ്ദേശിച്ച ഓളം
കാണാതിരുന്നപ്പോൾ കണ്ടക്ടറുമായി വാഗ്വാദത്തിലേർപ്പെട്ടിരുന്ന പെരേസ് പതിയെ പിറകോട്ടു മുങ്ങി, കോളേജ് കോമ്പൗണ്ടിലെത്തി.
കൂടികിടന്ന കല്ലുകളിലൊന്നെടുത്തു കണ്ടക്ടറെ ലക്ഷ്യമാക്കി എറിഞ്ഞു. കല്ലു കൃത്യം കണ്ടക്ടറുടെ തലയ്ക്കു തന്നെ കൊണ്ടു, അയാളവിടെ വീണു.
പെരേസ് സംഭവസ്ഥലത്തുനിന്നും ആരും കാണാതെ രക്ഷ പെട്ടെങ്കിലും,എറിഞ്ഞത് അവനായിരിക്കുമെന്നതിൽ ആർക്കും സംശയമില്ലായിരുന്നു.
കുട്ടികളിൽ മറ്റാർക്കും അങ്ങിനെയൊന്നും ചെയ്യാൻ സാധിക്കില്ല
കണ്ടക്ടർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരവേ, മകനെ ഇനി നാട്ടിൽ നിറുത്തുന്നതു പന്തിയല്ലെന്ന് പിതാവിനു മനസ്സിലായി.
താൻ പറഞ്ഞാൽ ഇനി അവൻ നേരെയാവില്ല.
എയർ ഫോഴ്സ് റിക്രൂട്ടിങ് ബോർഡിലുള്ള തന്റെ ബന്ധുവിനെ വിളിച്ചു സാഹചര്യങ്ങൾ വിശദീകരിച്ചു.
ജനുവരി 22 നു ജസ്റ്റിനും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
ഹിപ്പിയിസം ട്രെൻഡ് ആയിരുന്ന എഴുപതുകളിൽ തലമുടി അല്പം നീട്ടി വളർത്തുന്നതായിരുന്നു ഫാഷൻ.
അങ്ങനെ തലമുടിയൊക്കെ നീട്ടി വളർത്തി നല്ല സുന്ദരകുട്ടപ്പന്മാരായി ചെന്ന ഞങ്ങളെ രണ്ടാം ദിവസം ആറേഴു ബാച്ചുകളായി തിരിച്ചു ബാർബർ ഷോപ്പിലെത്തിച്ചു.
നാട്ടിലെ മുടിവെട്ടുകാരന്റെയടുത്ത് ഓരോ മുടി മുറിക്കുമ്പോളും അഭിപ്രായം പറഞ്ഞു കൊടുത്തിരുന്നവർ തങ്ങളുടെ തലയിൽ നിന്നും ഒരു സെന്റിമീറ്റർ നിറുത്തി ബാക്കിയുള്ള മുടി മുറിച്ചു നീക്കുമ്പോൾ നിശബ്ദം കണ്ണീരൊഴുക്കി.
അടുത്ത ദിവസം എല്ലാവർക്കും കിട്ടി ഓരോ നിക്കർ .(Half pant ), സാധാരണ സമയങ്ങളിലും ഫിസിക്കൽ ട്രെയിനിങ് സമയത്തുമൊക്കെ ഉപയോഗിക്കേണ്ട വേഷം. മുട്ടറ്റം വരെ തൂങ്ങിക്കിടക്കുന്ന അയഞ്ഞ ആ സാധനവുമിട്ടു മൊട്ടത്തലയന്മാരായി കണ്ണാടിയുടെ മുന്നിൽ നിക്കുമ്പോൾ, ഞങ്ങൾ കണ്ടത് അപരിചിതരെയായിരുന്നു.
അടുത്തത് ഒരു പരിചയപ്പെടുത്തലായിരുന്നു. ഫോഴ്സിൽ ഡിസിപ്ലിനും അനുസരണവും സീനിയേഴ്സിനെ എങ്ങനെ ബഹുമാനിക്കണമെന്നു പഠിപ്പിക്കലുമൊക്കെയാണെന്നു വേണമെങ്കിൽ പറയാം.
ഒരു ചെറിയ ഹാളിൽ എല്ലാവർക്കും ഇരിപ്പിടങ്ങളൊരുക്കി.
ഞങ്ങളുടെ മുൻപിൽ ഫിസിക്കൽ ഇൻസ്ട്രക്ടർ സാർജന്റ് ദേശ്മുഖ് പ്രത്യക്ഷപ്പെട്ടു.
പിന്നെ ഒരു വെടിക്കെട്ടായിരുന്നു.
ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാൻ മിടുക്കനായിരുന്ന അയാൾ രണ്ടു ഭാഷകളിലെയും ഏറ്റവും വൃത്തികെട്ട തെറി വാക്കുകളുപയോഗിച്ചു ഞങ്ങളുടെ അഭിമാനത്തെ മുറിപ്പെടുത്തി. ` ബസ്റ്റാർഡ്, സൺ ഓഫ് എ ബിച്ച്, ഫക് യു, ബെഗർ , പിന്നെ ഹിന്ദിയിലെ ‘അമ്മ പെങ്ങന്മാരുടെ മാനത്തെ അധിക്ഷേപിക്കുന്ന, ഞങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത എണ്ണം പറഞ്ഞ തെറികൾ,( അതു വടക്കൻമാരെ ഉദ്ദേശിച്ചുള്ളതായിരിക്കണം). ഇതൊക്കെ വരും ദിവസങ്ങളിൽ ഞങ്ങൾ സ്ഥിരമെന്നോണം കേൾക്കേണ്ടി വരുമെന്നും അച്ചടക്കമാണ് പ്രധാനമെന്നും പറഞ്ഞു.
” First ObeyThen Question, and now Get Out ” ,ആദ്യം അനുസരിക്കുക,പിന്നെ ചോദ്യം ചെയ്യാം.
ഞങ്ങൾ ഹാളിൽ നിന്നും പുറത്തു വന്നു.
പലർക്കും അവിടെ നിന്നും ഓടിപ്പോകണമെന്നു തോന്നി.
പക്ഷെ ഒരിക്കൽ അകപ്പെട്ടാൽ ആരും കാണാതെ ക്യാംമ്പിൽ നിന്നും പുറത്തുകടക്കുക ബുദ്ധിമുട്ടാണ്.
ആ പരിചയപ്പെടുത്തലിൽ നിന്നാണ് ഒരു പട്ടാളക്കാരനെന്നനിലയിൽ ഞങ്ങളോരോരുത്തരുടെയും വ്യക്തിത്വ വികസനത്തിന്റെ ആരംഭം.
ക്ഷമ നശിക്കുകയോ, പ്രകോപിതരാവുകയോ ചെയ്യാതെ ഏതു സാഹചര്യത്തെയും തരണം ചെയ്യുവാനുള്ള പരിശീലന കളരിയായിരുന്നു അത്.
അടുത്ത മുന്നു മാസങ്ങൾ കടന്നു പോയതറിഞ്ഞില്ല, രാവിലെ 5.30 തിനെഴുന്നേറ്റാൽ വൈകിട്ട് ആറു മണി വരെ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാൻ സമയം കിട്ടിയില്ല. പരേഡും,തിയറി ക്ലാസും ഫിസിക്കൽ ട്രെയിനിങ്ങും എല്ലാം കഴിഞ്ഞു 9 മണിയോടെ ബെഢിൽ കയറുമ്പോൾ തന്നെ ഉറങ്ങി പോകും.
എല്ലാ ആഴ്ചകളിലും മുടി വെട്ടിക്കേണ്ടതുകൊണ്ട് ഞങ്ങളുടെ പുതിയ രൂപം കണ്ണാടിയിൽ ഞങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. നാട്ടിലെ സുഹൃത്തുക്കളും വീട്ടുകാരും ഒക്കെ വീണ്ടും മനസ്സിൽ തെളിയാൻ തുടങ്ങി.
ട്രെയിനിങ് തുടങ്ങി അഞ്ചാം മാസത്തിലായിരുന്നു ജസ്റ്റിൻ പെരെസിന്റെ ആദ്യത്തെ അരങ്ങേറ്റം.
വൈകിട്ട് 9 മണി. അല്പം മദ്യസേവയും കഴിഞ്ഞു മെസ്സിൽ ചെന്നപ്പോൾ ആവശ്യപ്പെട്ടതെന്തോ കിട്ടിയില്ല. രാജസ്ഥാൻ കാരനായ ഒരു ജാട്ടു മായി അവൻ വഴക്കിട്ടു.
ജാട്ടുകൾ സാധാരണ തടിമിടുക്കുള്ളവരായിരിക്കും, വഴക്കുണ്ടാകുമ്പോൾ അവരുടെ പിടിയിലകപ്പെട്ടാൽ പിന്നെ രക്ഷപെടുക പ്രയാസമാണ്.
അഞ്ചരയടി മാത്രം പൊക്കവും 52 കിലോ തുക്കവുമുള്ള ജസ്റ്റിനെ അവൻ രണ്ടു കൈകൊണ്ടും എടുത്തു പൊക്കി, നിലത്തടിക്കുവാനുള്ള തയാറെടുപ്പിലാണ്.
അവന്റെ കൈകളിൽകിടന്നു പിടഞ്ഞു കൊണ്ട് രക്ഷക്കായി മലയാളത്തിൽ അലറി വിളിച്ച ജസ്റ്റിനെ തമിഴരും ഒന്ന് രണ്ടു മലയാളികളും കുടി രക്ഷപെടുത്തി പറഞ്ഞു വിട്ടു.
ജാട്ടിനെ അവർ പറഞ്ഞു സമാധാനിപ്പിച്ചു.
ജസ്റ്റിൻ പക്ഷെ തിരിച്ചു പോകുന്നതിനു പകരം അടുക്കളയിൽ കടന്ന്, നന്നായി തിളച്ചു കിടന്നിരുന്ന വെള്ളം ഒരു പാത്രത്തിലാക്കി വീണ്ടും തിരിച്ചെത്തി.
പുറം തിരിഞ്ഞു നിന്നിരുന്ന ജാട്ടിന്റെ മുതുകിലേയ്ക് ആ വെള്ളം അവൻ തൂവിയൊഴിച്ചു.
പൊള്ളലേറ്റ ജാട്ടിനു കുറച്ച ദിവസങ്ങൾ ചികിത്സയിൽ കഴിയേണ്ടി വന്നു.
ട്രെയിനിങ് കാലത്തെ കുരുത്തക്കേടുകൾക്കു കഠിനമായ ശിക്ഷകൾ പതിവില്ലാത്തതിനാൽ അരങ്ങേറ്റത്തിൽ പോറലേൽക്കാതെ ജസ്റ്റിൻ രക്ഷ പെട്ടു.
മാസങ്ങൾ കടന്നു പോയ്ക്കൊണ്ടിരിക്കെ പല വികൃതിത്തരങ്ങൾക്കും ജസ്റ്റിൻ ശിക്ഷിക്കപ്പെട്ടെങ്കിലും അവന്റെ ഏറ്റവും ഗംഭീരമായ പ്രകടനം നടക്കുന്നത് ട്രെയിനിങ് തുടങ്ങി പത്തം മാസത്തിലാണ്.
ബാറിൽ നിന്നും കള്ളു കുടിയും ഒക്കെ കഴിഞ്ഞു ഭക്ഷണത്തിനെത്തിയ ജസ്റ്റിൻ ഞങ്ങളെക്കാൾ മൂന്നു മാസം സീനിയേർസ് ആയ ആന്ധ്രക്കാരുടെ അടുത്തിരുന്നാണ് ഭക്ഷണം കഴിച്ചത്.
അവർ അവനെ പറ്റിയാണു സംസാരിക്കുന്നതെന്ന് അവനു മനസ്സിലായി. അവരുമായി ചെറിയ ഒരു വാഗ്വാദത്തിനു തുടക്കമിട്ടശേഷം ഭക്ഷണവും കഴിച്ച് അവൻ തിരിച്ചു പോയി.
ഇതെല്ലം കണ്ടിരുന്ന ഞാനും ഭക്ഷണമൊക്കെ കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ജസ്റ്റിൻ മെസ്സിലേയ്ക്കു മടങ്ങി വരുകയാണ്.
നല്ല ഒരു തല്ലു കാണണമെങ്കിൽ കൂടെ ചെല്ലാൻ എന്നെ അവൻ ക്ഷണിച്ചു.
ഞാനില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു പോന്നെങ്കിലുംഅല്പസമയം കഴിഞ്ഞു തിരിച്ചു പോയി,
എന്താണ് നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷ.
മൂന്നു പേർക്കെതിരെ ഒറ്റയ്ക്ക് നിന്നു പൊരുതിയ ജസ്റ്റിൻ അവരെ അടിച്ചു നിലം പരിശാക്കിക്കളഞ്ഞു.
ഒന്നും സംഭവിക്കാത്തതുപോലെ അവൻ തിരിച്ചു പോകുന്നതു ഞാൻ മാറി നിന്നു കണ്ടു.
ശരീരത്തിലേറ്റ ചതവുകളും മുറിവുകളുമായി അടുത്ത ദിവസം മെഡിക്കൽ റിപ്പോർട്ടു ചെയ്യാൻ തയാറെടുക്കുന്ന ആന്ധ്ര സുഹൃത്തുക്കളെ അതിരാവിലെ പോലീസും ഡ്യൂട്ടി ഓഫീസറും വന്നു കൂട്ടികൊണ്ടു പോയി.
ജസ്റ്റിൻ പേരേസ് തലയിൽ നാലഞ്ചു സ്റ്റിച്ചുകളുമായി ആ രാത്രിയിൽ തന്നെ അഡ്മിറ്റഡ് ആയിരുന്നു.
രക്ഷപെടാനായി, ഫീൽഡ് മെസ്സർ ഉപയോഗിച്ച് തലയിൽ അവൻ സ്വയം മുറിവുകളുണ്ടാക്കി !
72 ജനുവരി ബാച്ചിൽ നിന്നും പതിനഞ്ചു വർഷത്തെ എയർ ഫോഴ്സ് ജീവിതം നൽകിയ അവസരങ്ങൾ ഉപയോഗിച്ച് കേരളത്തിൽ നിന്നുണ്ടായിരുന്ന എല്ലാവരും തന്നെ യൂണിവേഴ്സിറ്റി ഡിഗ്രികൾ പ്രൈവറ്റ് ആയി നേടി പുറത്തു പോരുകയും, മിക്കവരും ഇന്നു വലിയ സ്ഥാനങ്ങളിൽ നിന്നും വിരമിച്ചു വിശ്രമജീവിതം നയിക്കയും ചെയ്യുന്നു.
ജോലിചെയ്ത സ്ഥലങ്ങളിലെല്ലാം പ്രശ്നക്കാരനായിരുന്ന ജസ്റ്റിനെ കോൺട്രാക്ട് തീരുന്നതിനു മുൻപ് ഡിസ്സിപ്ലിനറി ഗ്രൗണ്ടിൽ സർവീസിൽ നിന്നും പുറത്താക്കി.
വാങ്ങിക്കൂട്ടിയ ക്ഷതങ്ങൾ അവന്റെ ഓർമശക്തിയെ തന്നെ താറുമാറാക്കിയിരിക്കുന്നു.
ഞങ്ങളുടെ വാർഷിക ഒത്തുകൂടലുകൾക്കുള്ള ക്ഷണം സ്വീകരിക്കാൻ അവനാകുന്നില്ല, ക്ഷണിതാവാരെന്നു തിരിച്ചറിയാൻ സാധിക്കാത്തതിനാൽ.
ഓർമ്മക്കുറിപ്പുകൾ -1
പെൻഷൻ പറ്റി വീട്ടിലിരിക്കുമ്പോൾ ഏറ്റവും കൂടുതൽ അലട്ടുന്നത് എങ്ങനെ സമയം തള്ളി നീക്കുമെന്നതാണ്. നാട്ടിലാണെങ്കിൽ ചെറിയ തോതിൽ കൃഷിയും അല്പം നാടു നന്നാക്കലുമൊക്കെയായി സമയം കളയാം.ഇവിടെ സ്വിറ്റസർലൻഡിലിരുന്നു കൊണ്ട് ഇട്ട വട്ടത്തിലുള്ള തോട്ടത്തിലെ തൂമ്പാ പണി കഴിഞ്ഞും ധാരാളം സമയം ബാക്കി.അപ്പോൾ തോന്നിയ പൂതിയാണ് കടന്നു പോന്ന ഇന്നലെകളിലെ രസകരങ്ങളായ സംഭവങ്ങളും, ഓർമകളിൽ തങ്ങി നിൽക്കുന്ന രസികന്മാരുമൊക്കെ നിങ്ങൾക്കും രസം പകരട്ടെയെന്നത്
യൗവനത്തിലേയ്ക് ചുവടു വയ്ക്കും മുൻപ് വായുസേനയിൽ എത്തിപ്പെട്ടവന്റെ അനുഭവങ്ങളിൽ ചിലത് വരും ദിവസങ്ങളിൽ നിങ്ങൾക്കായി പങ്കു വയ്ക്കുകയാണ്.
പരാമർശിച്ചിരിക്കുന്ന വ്യക്തികളെല്ലാം തന്നെ ഇപ്പോളും ജീവിച്ചിരിക്കുന്നവരായതിനാൽ പ്രാണഭയത്താൽ അവരുടെ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല..
സ്ഥലം ; ബറേലി Air Force Station, 1982 ലെ വേനൽക്കാലം.
ഉത്തരേന്ത്യയിലെ വേനൽക്കാലദിനിങ്ങളിൽ തെർമോമീറ്റർ 38 ഉം,40 ഉം ഡിഗ്രി വരെ ചൂടു രേഖപ്പെടുത്തും.
ഈ പൊരിവെയിലത്തു ടാർമെക്കിൽ ( ഹാങ്ങറിനും റൺവേയ്ക്കുമിടയിൽ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപുള്ള തയാറെടുപ്പുകൾ നടത്തുന്ന സ്ഥലം) നിന്നു ജോലി ചെയ്യേണ്ടി വരിക, മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കും. എങ്ങിനെയെങ്കിലും ജോലിസമയം തീർന്നു കിട്ടിയാൽ മതിയെന്നാണ് എല്ലാവർക്കും
അങ്ങിനെയൊരു ദിവസം, തൊടുപുഴക്കാരൻ കോർപറൽ മാത്തൻ, ഇവിടത്തെ കഥാപുരുഷൻ, ജോലി കഴിഞ്ഞു ക്ഷീണിതനായി, മെസ്സിൽ വന്നു ഭക്ഷണവും കഴിച്ച്, എത്രയും വേഗം ഉച്ചയുറക്കത്തിനു തയാറെടുത്തുകൊണ്ടു ബില്ലറ്റിലേയ്ക്കു( ജൂനിയർ സേനാംഗങ്ങളുടെ വാസസ്ഥലം) നടന്നടുക്കുകയാണ്.
ക്യാപ് തോളിലെ ഫ്ലാപ്പിനിടയിൽ തിരുകി ഒരു മൂളിപ്പാട്ടുമായി മുകളിലത്തെ നിലയിലുള്ള തന്റെ റൂമിലേയ്ക്ക് പോകേണ്ട മാത്തനെ വരവേൽക്കുന്നത് ഉച്ചത്തിലുള്ള അലർച്ചയും ഹിന്ദിയിലുള്ള തെറിവിളിയുമാണ്
അടുത്തെത്തും തോറും തെറി വിളി മാത്തനു വ്യക്തമായി കേൾക്കാം
“കോയി ഹേ ഇഥർ ,തേരി മാ കി ച്ചൂത്ത്കിസ്നേ ചോരി കിയാ മേരാ സൂട്ട്കേസ്
പക്കട് കെ മാർ ഡാലുംഗാ സാലെ കോ,
മാ കി ച്ചൂത്ത്,
ഹിമ്മത് ഹേ തോ സാംനെ ആജാ സാലെ,
കോയി ഹേ ഇഥർ, ബഹൻ ച്ചൂത്ത് “
ബില്ലെറ്റിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ബീഹാറുകാരൻ ബെൻസിലാൽ,അടുത്ത ദിവസം പെങ്ങളുകുട്ടിയുടെ കല്യാണം നടത്താൻ വേണ്ടി രണ്ടു മാസത്തെ അവധിക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു കാന്റീനിൽ നിന്നും പുതിയ അരിസ്ട്രോകാറ്റ് സൂട്ട്കേസും അതിൽ നിറയെ കൊണ്ടുപോകാനുള്ള സാധനങ്ങളും കരുതിയിരുന്നു
ഏതാണ്ട് 12 മണിയോടെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ട്രെയിൻ വാറന്റും (ഫ്രീ ട്രെയിൻ ടിക്കറ്റ്) വാങ്ങി, ഭക്ഷണവും കഴിച്ചു ബില്ലറ്റിലെത്തിയ ബെൻസിലാലിനു തന്റെ പെട്ടി കാണാഞ്ഞതു സഹിക്കാൻ പറ്റുന്നില്ലകള്ളൻ ആരെന്നറിഞ്ഞിരുന്നെങ്കിൽ ഗുസ്തിക്കാരനായ ബെൻസിലാൽ അവനെ ഞെരിച്ചു കൊന്നു കളഞ്ഞേനെ;ഇതിപ്പോൾ പ്രതി ആരെന്നറിയാതെ എന്തു ചെയ്യാൻ പറ്റുംഅദൃശ്യനായ എതിരാളിയെയാണ് അവൻ തെറി വിളിയിലൂടെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്
ഗുസ്തിക്കാർക്ക് മുട്ടേലാണു ബോധമെന്നാണ് ഞങ്ങൾ ബുദ്ധിമാന്മാർ വിശ്വസിച്ചിരുന്നത്, അതുകൊണ്ട് അവർക്ക് അരിശം വന്നിരിക്കുന്ന സന്നർഭങ്ങളിൽ ആരും അവരുടെ അടുത്തേയ്ക്കു ചെല്ലാൻ ധൈര്യപ്പെടാറില്ല
ബില്ലെറ്റിനോടടുക്കും തോറും തെറിവിളി ശബ്ദം മാത്തനെ കൂടുതൽ കൂടുതൽ അസ്വാലോസരപ്പെടുത്തിആരാന്റെ അമ്മയെയും പെങ്ങളെയും തെറി വിളിക്കുന്നതിന്റെ കൂടെ
ഇടയ്ക്കിടയ്ക്കുള്ള “കോയീ ഹേ ഇഥർ “
അതു മാത്രം മാത്തനു സഹിയ്ക്കുന്നില്ല
തന്റെ അഭിമാനത്തെയും അസ്തിത്വത്തെയും ചോദ്യം ചെയ്യുന്ന ഒരു പ്രയോഗമായി, അതു, മലയാളിയായ മാത്തനു തോന്നിയെങ്കിൽ, സാധാരണം മാത്രംഅതു തോന്നാത്തവനെ മലയാളിയായി കുട്ടേണ്ടതുമില്ല
പിന്നെ അമർഷമുണ്ടായാലും ഇങ്ങനത്തെ സാഹചര്യങ്ങളിൽ ആരും പ്രതികരിക്കാൻ നില്കരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളതുകൊണ്ട് സാധാരണക്കാർ മൈൻഡ് ചെയ്യാതെ അങ്ങ് പൊയ്ക്കളയുമെന്നു മാത്രം,
റോഡപകടങ്ങളിൽ പെട്ടു ഗുരുതരാവസ്ഥയിൽ കിടക്കുന്നവരെ കണ്ടാലും അവരെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ടു നിസ്സംഗതയോടെ കടന്നു പോകുന്നവരെപ്പോലെ.
മാത്തൻ ബില്ലെറ്റിന്റെ വരാന്തയിലെത്തി. ബെൻസിലാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ട് തെറി വിളി
തുടരുകയാണ്മുകളിലേക്കുള്ള സ്റ്റെയർകേസ് രണ്ടു സ്റ്റെപ് വച്ച മാത്തൻ പെട്ടെന്ന് തിരിച്ചു നടന്നുബെൻസിലാലിന്റെ
മുറിയിലെ ത്തി
വെറും കിശുവായി മാത്രമേ ബെന്സിലാൽ മാത്തനെ ഇന്നേവരെ കണ്ടിട്ടുള്ളുതിരിഞ്ഞു നടന്നു കൊണ്ട് വീണ്ടും അവൻ അലറി “കോയി ഹേ ഇഥർ, മാ കി ച്ചൂ ത്ത്”
മാത്തനു നിയന്ത്രണം നഷ്ടപ്പെട്ടുപെട്ടന്ന് നടന്നടുത്ത മാത്തൻ ബൻസിലാലിന്റെ കവിളിൽ ആഞ്ഞടിച്ചു.
അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ബെൻസിലാൽ തരിച്ചു നിൽക്കെ
` ഹം ഹേ ഇഥർ, സാലെ, ച്ചൂത്തിയെ `
ഹിന്ദിയിലെ അറിയാവുന്ന നല്ല ഒരു തെറി തിരിച്ചുവിളിച്ചു കൊണ്ട് മാത്തൻ അവിടെ നിന്നും ഓടി
മുകളിലത്തെ നിലയിൽ മാത്തനു കൂട്ട് ഒരു ബോക്സിങ് താരമായിരുന്നു
ബെൻസിലാൽ തൽക്കാലം മുകളിലേയ്ക്കു വരാൻ ധൈര്യപ്പെടില്ലെന്നു തീർച്ചയുള്ള മാത്തൻ തന്റെ കിടക്കയിലേക്ക് ചാഞ്ഞു
ഓർമക്കുറിപ്പുകൾ ( 2 )
സുർജിത് സിംഗിന്റെ മരണം
ബറേലി കാലത്തെ, നൊമ്പരപ്പെടുത്തുന്ന ഓർമയായി ഇന്നും അവശേഷിക്കുന്നു, സുബേദാർ മേജർ സുർജിത് സിംഗിന്റെ മരണം.
50 വയസ്സോളം പ്രായമുള്ള ,മൂന്ന് പെൺമക്കളുടെ പിതാവായ സുർജിത്, അയാളുടെ കീഴിലുണ്ടായിരുന്ന ജവാന്മാർക്കെല്ലാം പിതൃതുല്യനായിരുന്നു.
ജവാന്മാരെ അനാവശ്യമായി ശിക്ഷിക്കുകയോ ദ്രോഹിക്കുകയോ ചെയ്യാതെ അവരുടെ കാര്യങ്ങളിൽ ഇടപെട്ടിരുന്ന അദ്ദേഹത്തിന് സാധാരണ ഒരു സുബേദാർ മെജോറിനു ണ്ടാവാറുള്ള അധികാര ധാർഷ്ട്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും പ്രിയപ്പെട്ടവൻ.
എന്നാൽ ആകുലതകൾ പ്രകടമാക്കിയിരുന്ന മുഖം അയാളെ എന്തോ അലട്ടുന്നുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു
എന്റെ പോസ്റ്റിങ്ങ് A O P (Army Out Post )യിലായിരുന്നു. എയർ ഫോഴ്സുകാരും ആർമിക്കാരും കൂടി ഒന്നിച്ചു ഓപ്പറേററ് ചെയ്യുന്ന ഒരു യൂണിറ്റാണത്. നിരീക്ഷണത്തിനും, രക്ഷാദൗത്യത്തിനും പരിശീലനപറക്കലിനുമായി ഹെലികോപ്റ്ററുകളുണ്ടാവും; അവയുടെ മെയിന്റനൻസും സെർവീസിംഗും എയർ ഫോഴ്സുകാരും, കോപ്ടർ പറത്തുന്നത് ആർമി പൈലറ്റ് സും.
കമാൻഡിങ്, ആർമി യുടെ കീഴിലാണെങ്കിലും ഞങ്ങളുടെ അഡ്മിനിസ്ട്രേഷൻ എയർയർ ഫോഴ്സ് ചട്ടങ്ങളനുസരിച്ചായിരിക്കും, എല്ലാ രണ്ടു വർഷങ്ങളും കുടുമ്പോഴുള്ള, രണ്ടു മൂന്നാഴ്ച്ചകൾ വരെ നീണ്ടു നിൽക്കുന്ന എക്സർസൈസ് കാലത്തൊഴിച്ച്
AOP പോസ്റ്റിങ്ങ് എയർ ഫോഴ്സു കാർക്കു പഥ്യമല്ലെങ്കിലും ആർമിക്കാർക്ക് അവരുടെ സാധാരണ ദിനചര്യകളിൽ ഇളവുകളുള്ളതിനാൽ, അവർ സന്തുഷ്ടരാണ്
കമാൻഡിങ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഒരു സർദാർജിയായിരുന്നു. മുഖത്തെ ഗൗരവഭാവവും ധാർഷ്ട്യവും, സാധാരണ ജവാന്മാരിൽ ഭീതി ജനിപ്പിക്കും.
സുബേദാർ മേജർ സുർജിത്താണ് ജവാന്മാരുടെ പ്രശ്നങ്ങൾ തീർപ്പാക്കാൻ കമാൻഡിങ് ഓഫീസറടിയടുത്തെത്തിക്കുന്നത്. മാനുഷിക പരിഗ ണന പോലും നൽകാതെ അവരുടെ ആവശ്യങ്ങൾ നിരസിക്കപപ്പെടുന്നത് സുർജിത്തിനെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നു
തന്റെ രണ്ടാമത്തെ മകളുടെ കല്യാണത്തിനു വേണ്ടി അവധിക്കും ലോണിനുള്ള അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമൊന്നും പറഞ്ഞിട്ടില്ല
തീരുമാനമറിയാൻ താമസിക്കുന്നതു തന്റെ പിടിപ്പുകേടായി കണ്ട് ഭാര്യ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
പ്ലാൻ ചെയ്തിരുന്നതനുസരിച്ച് 0730 നു തന്നെ രണ്ടു കോപ്റ്ററുകൾ ഹാങ്ങറിൽ നിന്നും പുറത്തു കൊണ്ട് വന്നു ടെസ്റ്റിംഗുകളെല്ലാം തീർത്തു റെഡിയാക്കി നിറുത്തിയിരിക്കയാണ്.
ഹവിൽദാർ രാംദാസ് ഓടി വന്ന് അന്നത്തെ പ്രോഗ്രാമുകൾ ക്യാൻസൽ ചെയ്തെന്നും അയാളോടൊപ്പം ചെല്ലണമെന്നും C O അറിയിക്കുന്നതായി പറഞ്ഞു.
എന്തെങ്കിലും തക്കതായ കാരണങ്ങളില്ലാതെ ഫ്ലയിങ് പ്രോഗ്ഗ്രാമുകൾ ക്യാൻസൽ ചെയ്യാറില്ല
സ്റ്റാർട് ചെയ്തു നിറുത്തിയിരുന്ന ജീപ്പിൽ കയറി ഞങ്ങൾ രാംദാസിനോടൊപ്പം പോയി.പോകുന്ന വഴിയ്ക്കു സുർജിത്തിന്റെ വീട്ടിൽ നിന്നും പുക ഉയരുന്ന വിവരം രാംദാസിൽ നിന്നും അറിയാൻ സാധിച്ചു.
ഫയർ ഫൈറ്റിങ് കോഴ്സുകളിൽ നിന്നും തീ അണയ്ക്കുന്നതിനു കിട്ടിയിട്ടുള്ള പരിശീലനങ്ങൾ ഓർത്തെടുത്തു, ആവശ്യം വന്നാൽ
പ്രവർത്തനനിരതനാവാൻ മനസ്സും ശരീരവും സജ്ജമാക്കി വച്ചു.
സുർജിത്തു താമസിക്കുന്നത് രണ്ടാം നിലയിലാണ്. ആണുങ്ങളെല്ലാവരും തന്നെ രാവിലെ ഡ്യൂട്ടിക്കു പോയിരുന്നതിനാൽ കുറച്ചു പെണ്ണുങ്ങൾ മാത്രം വഴിയിൽ കുടി നിൽക്കുന്നുണ്ട്
ഞങ്ങൾ ഓടി മുകളിലെത്തിയപ്പോളേക്കും ഫയർ എൻജിനുമെത്തി
കത്തി തീർന്നുകൊണ്ടിരിക്കുന്ന സുർ ജിത്തിന്റെ ശരീര ഭാഗങ്ങളിൽ നിന്നും കുഞ്ഞു കുഞ്ഞു തീ ഗോളങ്ങൾ താഴേയ്ക്കു വീഴുന്നുണ്ട്
വസ്ത്രത്തിലെ തീ മാംസത്തിലേയ്ക് പകർന്നാൽ പിന്നെ അങ്ങിനെയാണ്, ശരീരത്തിലെ കൊഴുപ്പും കൂടിയിട്ട് സ്വയം ഇന്ധനമായി കത്തി തീരും
ആർക്കും അധികമൊന്നും ചെയ്യുവാനില്ലായിരുന്നു.
കെട്ടിടത്തിലേയ്ക്കു തീ പടരാതിരിക്കുവാനായി ഫയർ സെൿഷൻകാർ മുൻകരുതലുകളെടുത്തു
മരവിച്ച മനസ്സുമായി ആരോടൊക്കെയോ ഉള്ള അമർഷവും പേറി ഞങ്ങൾ തിരിച്ചു പോന്നു
സുബേദാർ മേജർ സുർജിത് സിംഗ്, ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു, സ്വയം തീ കൊളുത്തുകയായിരുന്നു
അദ്ദേഹത്തിന്റെ ആത്മഹത്യക്ക് ആരെങ്കിലും ഉത്തരവാദികളായിരുന്നോ എന്നത് ഒരിക്കലും അന്വേഷണവിധേയമായില്ല
ഓർമക്കുറിപ്പുകൾ ( 3 )
ഒരു ഹെലികോപ്റ്റർ ദുര..
ഹെലികോപ്ടറുകൾ അപകടത്തിൽപ്പെടുവാനുള്ള സാധ്യത സാധാരണ ഗതിയിൽ കുറവാണെന്നു പറയാം, അപ്രതീക്ഷിതമായി പ്രകൃതിക്ഷോഭങ്ങളിലകപ്പെട്ടാലല്ലാതെ.
ഒറ്റ എൻജിൻ ഉപയോഗിച്ചു മാത്രം പറക്കുന്ന ഹെലികോപ്റ്ററിലെ എൻജിൻ കേടായാൽ പോലും ഓട്ടോ റൊട്ടേഷനിൽ (എൻജിനും കറങ്ങുന്ന ബ്ലെയ്ഡുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം) സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കും.
ഞങ്ങളുടെ കമാൻഡിങ് ഓഫീസർ ലെഫ്റ്റനെന്റ് കേണൽ D സിംഗ്, ആർമിയിലെ അതിസമർത്ഥനായ ഒരു കോപ്റ്റർ പൈലറ്റ് ആയിരുന്നു. പൂവിനെ നോവിക്കാതെ തുമ്പപ്പൂവിനു മുകളിൽ പരന്നിരിക്കുന്ന, ഒരു തുമ്പിയുടെയത്ര ലാഘവത്തോടെ കോപ്റ്റർ ലാൻഡ് ചെയ്യുവാനും, നിശ്ചലമായി അന്തരീക്ഷത്തിൽ പറന്നു നില്കുവാനുമൊക്കെയുള്ള അയാളുടെ നിപുണത പ്രശംസനീയ൦.
രക്ഷാദൗത്യങ്ങളിൽ ഏറ്റവും ആവശ്യമായി വരുന്നതും ഈ രണ്ടു ടാസ്കുകളാണ്.
മറ്റു വിമാനങ്ങളിലെന്നപോലെ സമയ ബന്ധിതമായി നടത്തേണ്ട സെർവിസിങ്ങും മെയിന്റനൻസുമൊക്കെ ഹെലികോപ്റ്ററുകൾക്കും ബാധകമാണ്. കാലാവധി പൂർത്തിയാവുന്ന കംപോണന്റുകൾ മാറ്റി പുതിയവ ഫിക്സ് ചെയ്യുന്നതു മുതൽ വിശദമായ പരിശോധനകൾക്കു ശേഷമാണു ഓരോ സെർവീസിങ്ങും കഴിഞ്ഞാൽ പറക്കാനുള്ള ക്ലിയറൻസ് കൊടുക്കുന്നത്. ടെക്നിക്കൽ ക്ലിയറൻസ് നല്കിക്കഴിയുമ്പോൾ ഗ്രൗണ്ട് ടെസ്റ്റിംഗും കഴിഞ്ഞു മാത്രമേ കോപ്റ്ററുകൾ പരന്നയരുകയുള്ളു.
ഒരു മേജർ സെർവീസിങ് കഴിഞ്ഞ കോപ്റ്റർ അന്ന് ടെസ്റ്റ് ചെയ്യേണ്ടിയിരുന്നു. എൻജിൻ, നാവിഗേഷൻ,കമ്മ്യൂണിക്കേഷൻ അങ്ങനെ എല്ലാ ടെക്നീഷ്യന്മാരും സെർവീസിങ് കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും പൂർത്തിയാക്കിയെന്ന് ലോഗ് ബുക്കിൽ രേഖപ്പെടുത്തി ഒപ്പു വച്ച് ഗ്രൗണ്ട് ടെസ്റ്റിംഗിനായി C O യുടെ വരവും കാത്തു നിന്നു.
പ്ലാൻ ചെയ്തിരുന്നതു പോലെ കൃത്യം 0845 നു തന്നെ അദ്ദേഹമെത്തി.
പതിവു പോലെ കോപ്റ്ററിന്റെ ചുറ്റും നടന്നു ചെയ്യേണ്ട പരിശോധനകൾ നടത്തിയ ശേഷം, കോക്ക്പിറ്റിൽ കയറി വാതിലടച്ചു. സീറ്റിൽ സ്വസ്ഥമായിരുന്നു ശേഷം സീറ്റു ബെൽറ്റു ധരിച്ചു.
റേഡിയോ ഓൺ ചെയ്തു A T Cയിൽ നിന്നും ഗ്രൗണ്ട് ടെസ്റ്റിംഗിനുള്ള അനുവാദം വാങ്ങിയ ശേഷം മോണിറ്ററിങ് സംവിധാനങ്ങളും മീറ്ററുകളുമെല്ലാം പ്രവർത്തനക്ഷമമെന്നു ഉറപ്പു വരുത്തി.എൻജിൻ സ്റ്റാർട്ട് ചെയ്തു.
ബ്ലേഡുകളുമായി എൻഗേജ് ചെയ്യേണ്ട വേഗത ആർജിച്ചപ്പോൾ എൻജിനും ബ്ലേഡുകളുമായി കണക്ട് ചെയ്തു.
പിന്നീടവിടെ നടന്നതെല്ലാം അപ്രതീക്ഷിതവും നാടകീയവുമായിരുന്നു.
ഇതു പോലത്തെ ആദ്യത്തേതും, ഒരു പക്ഷെ അവസാനത്തേതുമായ ഒരു സംഭവത്തിനാണ് പിന്നെ ഞങ്ങളവിടെ സാക്ഷ്യം വഹിച്ചത്.
കോപ്റ്റർ നിന്ന നിൽപ്പിൽ പമ്പരം കറങ്ങുന്നതുപോലെ വട്ടം കറങ്ങാൻ തുടങ്ങി.
ഞങ്ങളെല്ലാം ടാർമെക്കിൽ നിന്നും ഓടി മാറി.
നിലത്തു നിന്നു കോപ്റ്റർ കറങ്ങിക്കൊണ്ടിരിക്കയാണ്,
അതു- മറിയാം, ബ്ലേഡുകൾ പ്രതലത്തിൽ തട്ടിയാൽ ഒടിഞ്ഞു ചിതറാം, നിറഞ്ഞ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാം.
അങ്ങനെ സംഭവിച്ചാൽ ഒരു മഹാ ദുരന്തത്തിനാവും സാക്ഷ്യം വഹിക്കേണ്ടി വരുക.
ചെവിയടപ്പിക്കുന്ന ശബ്ദവും നിലത്തു കറങ്ങിക്കൊണ്ടിരിക്കുന്ന കോപ്ടറും.
അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൈലറ്റ് .
ഭയചകിതരായി എന്തുചെയ്യണമെന്നറിയാതെ നോക്കി നിൽക്കെ, ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കോപ്റ്ററിന്റെ കറക്കം മന്ദഗതിയിലായി
അതു ഗ്രൗണ്ടിൽ നിശ്ചലമായി നിന്നു.
കോപ്റ്ററിനടുത്തേയ്ക് ഞങ്ങൾ ഓടിയടുത്തു.
നെഞ്ചിൽ കൈ വച്ചു കണ്ണുകളടച്ചി രിക്കുന്ന ഞങ്ങളുടെ കമാൻഡിങ് ഓഫീസർ.
അദ്ദേഹത്തിന്റെ മുഖത്തു നിന്നും ഭയം വിട്ടു മാറിയിരുന്നു.
വിയർപ്പിൽ കുതിർന്ന യൂണിഫോമിൽ, ഡോർ തുറന്നു പുറത്തിറങ്ങി, ഉറച്ച കാൽവയ്പുകളോടെ അദ്ദേഹം ഓഫീസിലേയ്ക്ക് തിരിച്ചു നടന്നു.
സംഭവിക്കാമായിരുന്ന വലിയ അപകടം ഒഴിവായത് അദ്ദേഹത്തിന്റെ അപാരമായ മനസ്സാന്നിധ്യം ഒന്നുകൊണ്ടു മാത്രം.
കറങ്ങിക്കൊണ്ടിരുന്ന കോപ്റ്റർ നിലത്തുനിന്നും അല്പമെങ്കിലും ലിഫ്റ്റ് ചെയ്തു പോയിരുന്നെങ്കിൽ പിന്നെ നിയന്ത്രിക്കുക അസാധ്യമായേനെ.
അമിതമായ ആത്മ വിശ്വാസവും നൈമിഷികമായ ശ്രദ്ധക്കുറവും വരുത്തിയ വിന,
എഞ്ചിനുമായി കണക്ട് ചെയ്യുമ്പോൾ ഒരേ ദിശയിൽ കറങ്ങേണ്ടുന്ന ബ്ലേഡുകൾ വിപരീത ദിശയിലാണു കറങ്ങിയത്.
റിവേഴ്സായി കണക്ട് ചെയ്ത ഒരു കേബിൾ, ഒന്നിലധികം സൂപ്പർവൈസറികളുടെ കണ്ണിൽപ്പെടാതെ പോയ ഒരു പിഴവ്.
മരണത്തെ മുഖാമുഖം കണ്ടിട്ടുള്ളവരുടെ ബാക്കി ജവിതം തികച്ചും വ്യത്യസ്തമായിരിക്കും.
ഞങ്ങളുടെ കമാൻഡിങ് ഓഫീസർക്കും മാറ്റങ്ങൾ സംഭവിച്ചു.
തന്റെ കീഴിലുള്ള ജവാന്മാരുടെ പ്രശ്നങ്ങൾ അതീവ ശ്രദ്ധയോടെ പരിഹരിക്കുവാൻ ഏതു തിരക്കി നിടയിലും അയാൾ സമയം കണ്ടെത്തി.
ഓർമക്കുറിപ്പുകൾ (4 )
Airforce Station Jalahalli, Bangalore 1976, പരിശീലനത്തിന്റെ രണ്ടാം ഘട്ടം.
ദ്വന്ദ യുദ്ധം
പട്ടാള ക്യാംപുകളിലെ സൗന്ദര്യപിണക്കങ്ങൾ സാധാരണ നാലു തെറി വിളികളിൽ തീരുകയാണു പതിവ്.
അഥവാ, പ്രശ്നം തല്ലി തീർക്കേണ്ടത്ര സങ്കീർണമെങ്കിൽ അടുത്തു വരുന്ന Bar day യിലാവും ( പട്ടാളക്കാർക്ക്, ആഴ്ചയിൽ പ്രത്യേകദിവസങ്ങളിൽ ബാർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ) അതു നടക്കുക. അന്നാവുമ്പോൾ കേസുണ്ടായാലും വലിയ ശിക്ഷ കിട്ടുകയില്ല. `under the influence of liquor, പ്രതി മദ്യത്തിന്റെ സ്വാധീനത്തിൽ ആയിരുന്നതിനാൽ`, എന്ന ഒരു വകുപ്പ് കുറ്റപത്രത്തിൽ എഴുതി ചേർക്കും.
ജവാന്റെ രക്തം ചുടാക്കി അവനെ ഉദ്ധീപിപ്പിച്ചു നിറുത്തേണ്ടത് സംവിധാനത്തിന്റെ ആവശ്യമായതിനാൽ , ബാറിൽ നിന്നും കള്ളു കുടിച്ച ശേഷമുണ്ടാക്കുന്ന ബഹളങ്ങൾക്കെല്ലാം ഒരുപരിധിവരെ സംവിധാനവും ഉത്തരവാദിത്വമേൽക്കുന്നു.
അതാണല്ലോ അതിന്റെ ന്യായവും.
( നാടു നീളെ ബിവറേജുകളും ബാറുകളും തുറന്നു പൊതുജനത്തിനു കള്ളൂ നൽകിയിട്ട്, സർക്കാർ അനുവദിച്ചു കൊടുത്ത കള്ളൂകുടിച്ചൊന്നു പൂസായിപ്പോയാൽ, കേസാക്കുന്ന പരിപാടിയോട് പൂർണ വിയോജിപ്പ് ).
മാരകായുധങ്ങൾ ഉപയോഗിച്ചാൽ വകുപ്പു മാറും, കരുതിക്കൂട്ടി, പ്ലാൻ ചെയ്ത്, എന്നൊക്കെ വരുമ്പോൾ ചിലപ്പോൾ ക്വാർട്ടർമാർഷൽ ചെയ്തു ശിക്ഷിക്കയും,ശേഷം പറഞ്ഞു വിടുകയും ചെയ്യും. ശിക്ഷ കഴിഞ്ഞു പുറത്തു വന്നാൽ പിന്നീടൊരു ജോലി കിട്ടുക ബുദ്ധിമുട്ടാവും.
ഇനി, ഒരു തല്ലു നടന്നാലും അതിന്റെ മാറ്റൊലികൾ അടുത്ത രണ്ടാഴ്ചകൾക്കുള്ളിൽ അവസാനിക്കും. അടുത്ത ബാറുള്ള ദിവസം തിരിച്ചു തല്ലാം. പക്ഷെ ഡ്യൂട്ടി ഓഫീസറും, പോലീസുമൊക്കെ ഇടയ്ക്കു വന്നു പോകുമ്പോൾ പകപോക്കലൊന്നും എപ്പോളും നടക്കില്ല.
സ്ഥിരമായി വിദ്വേഷം വച്ചുകൊണ്ടിരിക്കാൻ പട്ടാളകാർക്കൊട്ടാവാതുമില്ല, എപ്പോൾ ആരുടെ സഹായമാണ് തുണയാവേണ്ടന്നതെന്നു നിശ്ച്വയമില്ലാത്ത ജീവിതമല്ലേ
ഇനി ദ്വന്ദ യുദ്ധത്തെ പറ്റി
ജസ്റ്റിൻ പെരേസും, ശിവകുമാറുമാണ് യോദ്ധാക്കൾ
ഒരേ ടീമിൽ നിന്ന് സുന്ദരമായി ഫുട് ബോൾ കളിക്കുന്ന ഇരുവരും, ടീമിലെ ഏറ്റവും നല്ല കളിക്കാരിൽപ്പെടും.
ബാർ ദിവസങ്ങളിൽ ഒന്നിച്ചു കള്ളടിയ്കും, ആരെങ്കിലുമായി വഴക്കുണ്ടായാൽ ഒന്നിച്ചു നിന്നെതിർക്കും, ബാംഗ്ളൂരിലെ നിറമുള്ള തെരുവുകളിൽ ഒരുമിച്ചു സവാരി നടത്തും.
മറ്റൊരു സഹചാരിയായി ഒരു രവീന്ദ്രനും കുടെയുണ്ടെങ്കിലും വഴക്കിനൊന്നും അയാൾ കൂടെ നിൽക്കില്ല.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ എരിവുകേറ്റിക്കൊടുക്കാൻ മിടുക്കൻ.
ഏതു സൗഹൃദങ്ങളിലും സംഭവിക്കാവുന്നതുപോലെ ഇവർക്കിടയിലും എന്തോ പ്രശ്നമുണ്ടായി.
എത്ര പറഞ്ഞിട്ടും തീർക്കാൻ പറ്റാത്ത അവസ്ഥ
രണ്ടു പേരും തങ്ങളുടെ ശരികളിൽ മുറുകെപ്പിടിച്ചു. ആരും വിട്ടുകൊടുക്കാൻ തയാറായില്ല.
സുഹൃദ്ബന്ധത്തിന് ഉലച്ചിൽ തട്ടുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങിയപ്പോൾ, ജസ്റ്റിൻ ഒരു നിർദ്ദേശം വച്ചു;
നമുക്ക് തല്ലി തീർക്കാം.
ശിവകുമാറിനു ജസ്റ്റിൻ പറഞ്ഞതു പിടി കിട്ടിയില്ല
ജസ്റ്റിൻ ആവർത്തിച്ചു , അതെ നമ്മളീ പ്രശ്നം തല്ലി തീർക്കുന്നു.
വീഴുന്നവൻ തെറ്റു സമ്മതിക്കണം
പല സന്നർഭങ്ങളിലും ഒന്നിച്ചു നിന്ന് എതിരാളിയെ വീഴ്ത്തിയിട്ടുള്ള രണ്ടു പേർക്കും മറ്റവന്റെ ബലഹീനതകളും കരുത്തും നന്നായറിയാം.
അല്പസമയത്തെ മൗനത്തിനുശേഷം ശിവകുമാർ സമ്മതിച്ചു, അങ്ങിനെയെങ്കിൽ അങ്ങനെ
യുദ്ധത്തിനുള്ള സ്ഥലവും, സമയവും തീരുമാനിച്ചു. നിബന്ധനകളും നിശ്ച്വയിച്ചു.
അടുത്ത ശനിയാഴ്ച വൈകിട്ട് 9 മണിയ്ക്ക് ഫുഡ് ബോൾ ഗ്രൗണ്ടിൽ. ഞായറാഴ്ച ക്ലാസ്സില്ലാത്തതുകൊണ്ടു രാവിലെ താമസിച്ചെഴുന്നേറ്റാലും കുഴപ്പമില്ല
മാരകായുധങ്ങൾ ഉപയോഗിക്കരുത്,
തോൽവി സമ്മതിക്കുകയോ ഒരുത്തൻ വീഴുകയോ ചെയ്യുമ്പോൾ വിജയി നിശ്ച്വയിക്കപ്പെടും
വീഴുന്നവനെ മറ്റവൻ തിരിച്ചു കൊണ്ടു പോരണം
ഇത്രയുമായിരുന്നു നിബന്ധനകൾ.
സന്തത സഹചാരിയായ രവീന്ദ്രനെപോലും കൂടെ കൂട്ടുന്നില്ല.
അങ്ങനെ ആ ശനിയാഴ്ചയെത്തി
നേരത്തെ അല്പം അകത്താക്കിയിട്ട് ലഘു ഭക്ഷണവും കഴിച്ചു രണ്ടു പേരും തയാറായി
കൃത്യം 9 മണിക്ക് തന്നെ രണ്ടു പേരും ഗ്രൗണ്ടിലെത്തി,
നല്ല നിലാവുള്ള രാത്രിയായിരുന്നു.
തല്ലു നിയന്ത്രിക്കാൻ റെഫറിയില്ലാതെ, ആവേശം പകരാൻ കാണികളില്ലാത്ത, വിജനമായ ഗാലറിയെ സാക്ഷി നിറുത്തി, അവർ യുദ്ധം ചെയ്തു.
ആ രാത്രിയിൽ രണ്ടു പേർക്കും നടന്നു തിരിച്ചു പോരാൻ പറ്റിയില്ല, അവിടെ കിടന്നുറങ്ങി.
ജയിച്ചതാരെന്ന അവകാശവാദങ്ങളൊന്നുമില്ലാതെ പിറ്റേന്ന് രാവിലെ രണ്ടു പേരും തിരിച്ചെത്തി.
രണ്ടു പെഗ് അകത്താക്കി കിടന്നുറങ്ങി.
ശരീരത്തിൽ അവിടിവിടെയും, മുഖത്തും കണ്ട ചതവുകളും, നടക്കാൻ കാട്ടിയ ബുദ്ധിമുട്ടുമല്ലാതെ അവർക്കിടയിൽ പ്രത്യേകിച്ചെന്തെങ്കിലും സംഭവിച്ചതായി ആർക്കും തോന്നിയില്ല.
അടുത്ത ബാറിലും അവർ ഒന്നിച്ചിരുന്നു കള്ളടിച്ചു.
( കാഴ്ചക്കാരില്ലാഞ്ഞ ഈ യുദ്ധത്തിന്റെ കമെന്ററി, ജസ്റ്റിന്റെ വിവരണത്തിൽ നിന്ന് )
തുടരും