ഓണം …..🥀
ഓണപ്പാട്ടും ഓണത്തപ്പനും പൂക്കളവും പൂവിളികളും കൈ കൊട്ടിക്കളിയും വള്ളം കളികളും എല്ലാം ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില പ്രത്യേക ആചാരങ്ങൾ ആയി മാറിക്കഴിഞ്ഞു.ഒരു പക്ഷെ
പ്രകൃതി പോലും ആ രൂപഭാവങ്ങൾ ഓർത്തെടുക്കാൻ ഇന്ന് ഇഷ്ടപ്പെടാതായി.
പൂക്കളില്ല, കിളികളില്ല ,സമൃദ്ധിയില്ല ,സന്തോഷവുമില്ല. മാവേലി പോലും വരാറുണ്ടോ ആവോ?
എന്നാലും ഓണം ഇന്നും കാലക്രമത്തിൽ വന്നു പോകുന്നു.ഒരു പക്ഷെ ഓർമ്മകളിൽ പോലും ഓണം ഇന്ന് ,അവിശ്വസനീയമായ ഒരവസ്ഥയായി മാറിക്കഴിഞ്ഞു.മാനുഷ്യരെല്ലാം ഒന്നുപോലെ…കള്ളവുമില്ല ചതിയുമില്ല… അങ്ങനെ പോകുന്നു ഓണക്കാലത്തിൻ്റെ വർണ്ണ ഭംഗികൾ …
ഇതേത് നാട് …എന്തൊരു നാട് …എന്നൊക്കെ ചിന്തിച്ചു പോകുമ്പോൾ മുത്തശ്ശിമാർ പറയും … പണ്ട്…. പണ്ട് …പണ്ട് ….. പണ്ട് …എല്ലാം അങ്ങനെ ആയിരുന്നു. പ്രകൃതിയും മനുഷ്യനും ഒന്നിച്ചുണ്ടുറങ്ങി കഴിഞ്ഞ കാലം .
രാജാവും പ്രജയും ഒരു പോലെ സുഖമായുറങ്ങിയ കാലം.അങ്ങനെയൊരു കാലം ഇന്ന് കുട്ടിക്കഥകളിൽ പോലും കാണാനോ കേൾക്കാനോ ഇല്ലാതായിരിക്കുന്നു.
എന്നാലും ഓണം വരുന്നു… വന്നേ പറ്റൂ..ഓർമ്മയിൽ ആണെങ്കിലും ഓണക്കാലം കുളിരുള്ള ഓർമ്മയാണ്.
മാവേലി വരവ് എന്നേ നിർത്തി എന്നും ,ഓണനിലാവ് എന്നേ മാഞ്ഞ് പോയെന്നും ,ഓണക്കൊലുസുകൾ എന്നേ നിശ്ചലമായെന്നും ,ഓണത്തുമ്പികൾ നല്ല നാടുകൾ തേടി എന്നേ നാടുവിട്ടെന്നും ,ഓണപ്പാട്ടും പാണന്മാരും എന്നേ പോയ്മറഞ്ഞെന്നും ,ഇന്നും മനസ്സിലാവാത്തത് മലയാളിക്കു മാത്രമാവും.
കഴിഞ്ഞു പോയ നല്ല നാളിൻ്റെ ,ഓണനാളിൻ്റെ ഓർമ്മകളിൽ ,മലയാളക്കരയുടെ ആത്മാവ് നോവുന്നു … ആ നൊമ്പരങ്ങൾ വഴിയോരങ്ങളിൽ മുഴങ്ങുന്ന ഓണപ്പാട്ടുകൾ ഏറ്റുപ്പാടുന്നു….
ഇനിയൊരു ഓണക്കാലം എന്ന് സാധ്യമാവും ?ഓരോ പരിഷ്ക്കാരവും ഓരോ നന്മകളെ കൊന്നു തള്ളുകയാണോ എന്ന് ചിന്തിക്കുന്നത് ഞാൻ മാത്രമാണോ എന്നറിയില്ല.നന്മ മരങ്ങൾ പൂക്കാതെയും,
ഹൃദയങ്ങളിൽ സ്നേഹവർണ്ണങ്ങൾ നിറയാതെയും ,രാജ്യത്ത് നീതി സൂര്യൻ ഉദിക്കാതെയും ,മാനുഷ്യരെല്ലാം
അന്യരായ് മാറിയും ,ഇനിയും നമ്മൾ എത്ര ഓണമുണ്ണും?അപ്പോഴും പുറത്തെവിടെയോ കേൾക്കാം ….
ചിങ്ങം പുലർന്നേ…ഓണം വന്നേ …മാനുഷ്യരെല്ലാരും ഒന്നുപോലെ…