എഴുപത് എൺപത് കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ, മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിറ്റ്സർലാന്റിലെ പത്ത് പേർ ചേർന്ന് എഴുതിയ ഓർമ്മകളുടെ പുസ്തകമാണ് “മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ”…
നിരവധി പ്രഗത്ഭർ ആശംസകൾ അർപ്പിച്ച ഈ കഥാസമാഹാരം കഴിഞ്ഞ ഇരുപത്തിയഞ്ചാം തിയതി പ്രശസ്ത സാഹിത്യകാരൻ ശ്രീ സക്കറിയ ഓൺലൈനിലൂടെ പ്രകാശനം ചെയ്തു …പുസ്തകം ആമസോൺ വെബിലൂടെയും കഥാകൃത്തുക്കളിൽ നിന്നും പോസ്റ്റിലൂടെയും ലഭിക്കും ..
കഥാസമാഹാരത്തിലേക്കും കഥാകൃത്തുക്കളിലേക്കുമൊരെത്തിനോട്ടം –
കഥാസമാഹാരത്തെക്കുറിച്ചു ഡോ: സുനിൽ പി. ഇളയിടത്തിന്റെ വാക്കുകളിലൂടെ – ഓർമ്മകളുടെ പുസ്തകമാണിത്. കാലത്തിന്റേയും ജീവിതത്തിന്റേയും ഒരറ്റത്ത് നിലയുറപ്പിച്ചുകൊണ്ട് മറ്റൊരറ്റത്തിലേക്കുള്ള കാലത്തിലേക്കുള്ള നോട്ടങ്ങൾ. വ്യക്തിജീവിതവും വികാരാനുഭൂതികളും ചരിത്രവും എല്ലാം അതിൽ കൂടിക്കലർന്നിട്ടുണ്ട്. പൊയ്‌പ്പോയ കാലത്തെ തേടിയുള്ള സഞ്ചാരങ്ങളാണവ. ഓർമ്മകൾ കൊണ്ട് അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ. ഓർമ്മയായിത്തെളിയുന്ന ചരിത്രം. ഈ ഓർമ്മകൾ എല്ലാം ചേർത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോട് പറയുന്നത്? ഇതിലെ ഓരോ രചനയും പല പല അനുപാതത്തിൽ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്‌ക്കാരങ്ങളാണ്. അതിനപ്പുറം അവയ്‌ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതു പോലെ അവയെല്ലാം അതിജീവനത്തിന്റെ വഴികൾ കൂടിയാണ്. ആഹ്ലാദവും വിഷാദവും യാതനയും കണ്ണുനീരും കലർന്ന ആ വാക്കുകൾക്കിടയിൽ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളിൽ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം ഇതിനപ്പുറമല്ലല്ലൊ ..
1. ബോധമില്ലാത്തവരുടെ ബോധക്കേട് ★★
★★ Writer – John Kurinjirappalli ★★
ജോൺ കുറിഞ്ഞിരപ്പിള്ളിയുടെ “ബോധമില്ലാത്തവരുടെ ബോധക്കേട്’ എന്ന ഓർമ്മക്കുറിപ്പ് തന്റെ വിദ്യാലയാനുഭവങ്ങളിലേക്കുള്ള മടക്കമാണ്. കേരളത്തിലെ വിദ്യാലയങ്ങളിൽ സർവ്വപ്രതാപികളായി വാണ മർദ്ദകവീരൻമാരായ അധ്യാപകരുടെയും അവർക്കു മുന്നിൽ ഭയപ്പാടുകളോടെ മാത്രം കഴിയേണ്ടിവന്ന കുട്ടികളുടെയും അവരുടെ അതിജീവനതന്ത്രങ്ങളുടെയും മനോഹരമായ വിവരണം. നമ്മുടെ വിദ്യാലയങ്ങളിൽ നിന്നും ഇപ്പോഴും പൂർണ്ണമായി പിൻവാങ്ങിയിട്ടില്ലാത്ത അധ്യാപകസങ്കല്പമാണത്. ഒരുദിവസം ആരെയും അടിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ ദുഃഖിതരായിത്തീരുന്ന അധ്യാപകർ. അത്തരം അധ്യാപകരുടെ വിഹാരകേന്ദ്രമായി വിദ്യാലയങ്ങൾ മാറിയിരുന്ന ഒരു കാലത്തിന്റെ സജീവദൃശ്യം ഈ കുറിപ്പിലുണ്ട്. ഒപ്പംതന്നെ ഏതു പ്രതിസന്ധിയേയും മറികടക്കാൻ കഴിയുന്ന വിദ്യാർത്ഥികളുടെ, സർഗ്ഗാത്മകം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, വിപദിധൈര്യത്തിന്റേയും.-ഡോ: സുനിൽ പി. ഇളയിടം
2 അതിജീവനത്തിന്റെ രാപകലുകൾ ★★
★★ Writer – Jojo Vichattu ★★
ജോജോ വിചാട്ടിന്റെ “അതിജീവനത്തിന്റെ രാപ്പകലുകൾ’ അക്ഷരാർത്ഥത്തിൽ ഒരു അതിജീവനത്തിന്റെ കഥയാണ്. മരണമുനമ്പിൽ ചെന്നുമടങ്ങിയ ഒരനുഭവത്തിന്റെ വിശദമായ അനുസ്മരണം. തുടക്കത്തിൽ പറഞ്ഞതുപോലെ, വേദനാഭരിതവും യാതനാഭരിതവുമായ ഓർമ്മകൾ അതിജീവനത്തിന്റെ വഴികളായിത്തീരുന്നതിന്റെ മാതൃകയാണ് ഈ അനുഭവക്കുറിപ്പ്. തനിക്കും മകനും നാട്ടിൽവച്ചുണ്ടായ മാരകമായ ഒരപകടത്തിന്റെയും അതിൽനിന്നുള്ള, അൽഭുതകരം എന്നുതന്നെ പറയാവുന്ന, മടങ്ങിവരവിന്റെയും കഥയാണ് ജോജോ എഴുതുന്നത്. മരണവുമായി അത്രയും അടുത്ത് ചെന്ന് സംസാരിച്ച് തിരിച്ചെത്തിയ ജോജോയുടെ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോൾ, സ്വിസ് യാത്രാവേളയിൽ റൈൻ നദിയുടെ പ്രഭവത്തിൽ ജോജോയോടൊപ്പം നിന്ന നിമിഷങ്ങൾ ഞാനോർക്കുകയായിരുന്നു. ജീവിതം എത്രമേൽ അതുല്യമായ വിസ്മയങ്ങളുടേതു കൂടിയാണ് എന്നുകൂടി അതെന്നെ ബോധ്യപ്പെടുത്തി.-ഡോ: സുനിൽ പി. ഇളയിടം
3 ശ്രുതി മീട്ടും സ്മ്രിതികൾ ★★
★★ Writer – Tom Kulangara ★★
ടോം കുളങ്ങരയുടെ “ശ്രുതിമീട്ടും സ്മൃതികൾ’ പൂത്തുപടർന്ന ഒരു പുഷ്പവൃക്ഷം പോലെ തന്റെ ഗ്രാമജീവിതത്തിൽ വേരാഴ്ത്തിനിൽക്കുന്നു. “ഇവിടെ ജീവിക്കാൻ ഇവിടെയാശിക്കാൻ/ഇവിടെ ദുഃഖിപ്പാൻ കഴിവതേ സുഖം’ എന്ന് വൈലോപ്പിള്ളി “ആസാംപണിക്കാരി’ൽ എഴുതിയതുപോലെ അദ്ദേഹവും ലോകമെമ്പാടുമുള്ള തന്റെ സഞ്ചാരങ്ങൾക്കു ശേഷം നാട്ടിടവഴിയുടെ പച്ചപ്പിലേക്കും സുഗന്ധങ്ങളിലേക്കും ശിരസ്സുപൂഴ്ത്തുന്നു. തന്റെ ഗ്രാമജീവിതത്തിന്റെ പല പല അടരുകളിലൂടെ കടന്നുപോകുന്ന ഓർമ്മകളാണ് ടോമിന്റെ ലേഖനം. അത് ഒരു അനുഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് പടർന്നുപോകുന്നു. ബാല്യകാലത്തെ സർപ്പഭയം മുതൽ പ്രവാസിയായതിനു ശേഷം മടങ്ങിയെത്തിയപ്പോൾ സർക്കിൾ ഇൻസ്പെക്ടറായി കണ്ടുമുട്ടിയ പഴയ കൂട്ടുകാരനെക്കുറിച്ചുള്ള ഓർമ്മകൾ വരെയായി പല പടവുകൾ പിന്നിടുന്ന സ്മൃതിസഞ്ചയമാണ് ടോമിന്റെ ലേഖനം.-ഡോ: സുനിൽ പി. ഇളയിടം
4 ഉല്ലാസയാത്ര ★★
★★ Writer – Jacob Maliekal ★★
ജേക്കബ്ബ് മാളിയേക്കലിന്റെ “ഉല്ലാസയാത്ര’ എന്ന ഓർമ്മക്കുറിപ്പാണ് ഈ സമാഹാരത്തിലെ ഏറ്റവും ചെറിയ ലേഖനം. അതേസമയം ഇതിലെ ഏറ്റവും അനുഭവസാന്ദ്രമായ കുറിപ്പും അതാണ്. പടിഞ്ഞാറൻ സിനിമകളിലെ അഭിനയസമ്പ്രദായത്തെക്കുറിച്ച് എഴുതുമ്പോൾ, സത്യജിത്ത് റായ്, അവിടെ വികാരങ്ങൾ നിശബ്ദമാവുന്നു (feelings are muted) എന്നുപറയുന്നുണ്ട്. അതുപോലെ, അത്യന്തം തീവ്രമായിരിക്കുമ്പോഴും നിസ്സംഗമായാണ് ജേക്കബ്ബ് തന്റെ ജീവിതാനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നത്. അത്രമേൽ ഹ്രസ്വമായും. ഒൻപതാം ക്ലാസ്സിലെ വേനലവധിക്കാലത്ത് വീടുവിട്ടിറങ്ങി ബോംബെയിലേക്ക് ഒളിച്ചോടാൻ ശ്രമിച്ച്, പട്ടിണിയുടെ പല ദിവസങ്ങൾ താണ്ടി മടങ്ങിയെത്തിയതിന്റെ കഥയാണത്. പരമമായ ദാരിദ്ര്യത്തിന്റെ അനുഭവതീവ്രതയിൽനിന്ന് പുറപ്പെടുന്ന വാക്കുകളാണവ. കടലിരമ്പം പോലെ അതിന്റെ ആഴത്തിൽ മുഴക്കമുണ്ട്; പുറമേ പ്രശാന്തമായിരിക്കുമ്പോഴും.-ഡോ: സുനിൽ പി. ഇളയിടം
5. പേരിൽ പതുങ്ങിയിരിക്കുന്ന നേരുകൾ ★★
★★ Writer – Baby Kakkassery ★★
ബേബി കാക്കശ്ശേരിയിൽ എപ്പോഴും ഒരു ചിരി അലതല്ലുന്നുണ്ടാവും. സ്വിറ്റ്സർലന്റിൽ വച്ച് അദ്ദേഹത്തിന്റെ കവിതകളിലൂടെയും കഥനത്തിലൂടെയും കടന്നുപോന്നപ്പോഴൊക്കെ അത് ഞാൻ അനുഭവിച്ചതാണ്. മിക്കവാറും തന്നെത്തന്നെ നോക്കിയുള്ള ചിരി. സ്വയം ഒരു പരിഹാസപാത്രമായി നടിച്ച് ലോകത്തിന് സന്തോഷം പകരുന്ന ചിരി. “പേരിൽ പതുങ്ങിയിരിക്കുന്ന നേരുകൾ’ എന്ന ഈ സമാഹാരത്തിലെ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിലും ആ ചിരി തുടരുന്നു. “ബോബി’ എന്നപേരിലെ സ്ത്രീപ്രതീതി നൽകിയ വിചിത്രവും ആഹ്ലാദഭരിതവുമായ ജീവിതാനുഭവങ്ങളിലൂടെയാണ് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. അതേസമയം തന്നെ ആ കൗതുകവർത്തമാനങ്ങൾ തന്റെ ജീവിതത്തിന്റെ പല പല പടവുകളിലൂടെയുള്ള യാത്രയുമായി അദ്ദേഹം കൂട്ടിയിണക്കുകയും ചെയ്യുന്നു. കൗതുകങ്ങളും നിർദോഷമായ ഫലിതവും ജീവിതപാഠങ്ങളും അത്യന്തം ഹൃദയഹാരിയായി കൈകോർത്തുനിൽക്കുന്ന ഒരു ലോകത്തെ നമുക്കു കുറിപ്പിൽ കാണാം.-ഡോ: സുനിൽ പി. ഇളയിടം
6 മരണത്തിന്റെ ഗന്ധം ★★
★★ Writer – Suraj Kocheril ★★
മനുഷ്യരുടെ ഓർമ്മകളിൽ അത്യപൂർവ്വമായി മാത്രമേ ആത്മഹത്യയുടെ ഒാർമ്മകൾ ഉണ്ടാവൂ. സൂരജ് കോച്ചേരിയുടേത് അത്തരമൊരു ഓർമ്മക്കുറിപ്പാണ്. സ്വിസ് സുഹൃത്തുക്കൾ കുട്ടൻ ചേട്ടൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന സൂരജ് കോച്ചേരിയുടെ “മരണത്തിന്റെ ഗന്ധം’ എന്ന കുറിപ്പാണ് ഈ സമാഹാരത്തിലെ ഏറ്റവും തീവ്രമായ ഓർമ്മ. കൗമാരത്തിന്റെ പടിവാതിലിൽ വച്ച് ആത്മഹത്യയിലേക്ക് നടന്നുചെന്ന് യാദൃശ്ചികമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മയാണത്. ബാല്യ-കൗമാരങ്ങളിൽ നേർക്കുനേർ കണ്ട ജീവിതസംഘർഷങ്ങളുടെ ആഴവും, ആ അനുഭവങ്ങളെ അത്രതന്നെ സത്യസന്ധമായും തീവ്രമായും പകർന്നുവയ്ക്കുന്ന ഭാഷയും ചേർന്ന് കുട്ടൻ ചേട്ടന്റെ ഈ ഓർമ്മക്കുറിപ്പിനെ അത്യസാധാരണമായ ഒരനുഭവമാക്കി മാറ്റുന്നുണ്ട്. ഇന്ന് സ്വിറ്റ്സർലന്റിലെ പ്രശസ്തമായ കേരള റസ്റ്റോറന്റിന്റെ ഉടമസ്ഥനായി കഴിയുന്ന ഈ മനുഷ്യൻ തിരമാലകൾക്കിടയിൽ നിന്ന് ജീവിതത്തിലേക്ക് ആരാലോ വലിച്ചുകയറ്റപ്പെട്ടതിന്റെ കഥയിലൂടെ കടന്നുപോകുമ്പോൾ ജീവിതം അതിന്റെ അനന്ത വൈചിത്ര്യം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല.-ഡോ: സുനിൽ പി. ഇളയിടം
7 ഒരു യാത്രയുടെ തുടക്കം ★★
★★ Writer – Antony Panakal ★★
ആന്റണി പനയ്ക്കലിന്റെ “ഒരു യാത്രയുടെ തുടക്കം’ സ്വപ്നസന്നിഭമായ ഒരോർമ്മക്കുറിപ്പാണ്. ജീവിതത്തിന്റെ രണ്ടാം പകുതിയിലെ ഒരു വഴിത്തിരിവിന്റെ കഥയെ ഓർമ്മയും ജീവിതവുമായി കൂട്ടിയിണക്കി അദ്ദേഹം എഴുതുന്നു. ജീവിതത്തിന്റെ ഉയർന്ന പടവുകളിലൂടെ സഞ്ചരിക്കുമ്പോഴും മനുഷ്യരെ വലയം ചെയ്യുന്ന ഏകാന്തതയുടെയും അർത്ഥമില്ലായ്മയുടെയും അനുഭവലോകങ്ങളുടെ കഥ കൂടിയാണത്. അതിനെ മറികടക്കാനുള്ള ശ്രമങ്ങളുടെയും. സ്വപ്നവും യാഥാർത്ഥ്യവും കൂട്ടിയിണക്കപ്പെട്ട ഭാഷയിൽ എഴുതപ്പെട്ട ഈ കുറിപ്പ് ആ നിലയിൽ തന്നെ ഈ സമാഹാരത്തിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്.-ഡോ: സുനിൽ പി. ഇളയിടം
8 വെറുതെ ഒരു കാത്തിരിപ്പ് ★★
★★ Writer – James Thekkemuriyil ★★
ജെയിംസ് തെക്കേമുറിയുടെ “വെറുതെ ഒരു കാത്തിരിപ്പ്’ എന്ന രചനയ്ക്കും ഈ പ്രകൃതമുണ്ട്. ഓർമ്മ എന്നതിലേറെ കഥനത്തിന്റെ ഭാഷയോട് ചേർന്നുപോകുന്ന ഒന്നാണത്. അനുഭവങ്ങളേയും അതേക്കുറിച്ചുള്ള ഓർമ്മകളേയും ചേർത്തിണക്കി ഒരു കഥാഖ്യാനത്തിന്റെ വഴിയിലേക്ക് അദ്ദേഹം കടന്നുചെല്ലുന്നു. നാട്ടിൻപുറത്തിന്റെ ദരിദ്രമായ ജീവിതാനുഭവങ്ങളിൽ നിന്ന് ജീവിതവിജയങ്ങളുടെ സ്വർണ്ണപ്രഭയിലേക്കും അവിടെ നിന്ന് ഏകാന്തതയുടേയും കയ്യൊഴിയപ്പെടലിന്റേയും ലോകത്തേക്കുമുള്ള ജോണിക്കുട്ടിയുടെ സഞ്ചാരത്തിന്റെ കഥയാണ് ജെയിംസ് തെക്കേമുറി എഴുതുന്നത്. കഥയും ഓർമ്മയും അനുഭവങ്ങളും അതിൽ കൈകോർത്തുനിൽക്കുന്നു; വേർപിരിക്കാനാവാതെ.-ഡോ: സുനിൽ പി. ഇളയിടം
9 പാഠം ഒന്ന്, എന്റെ വിന്റർ സ്പോർട്സ്★★
★★ Writer – Augustine Parani ★★
അഗസ്റ്റിൻ പാറാണികുളങ്ങരയുടെ “എന്റെ വിന്റർ സ്പോർട്ട്സ്’ എന്ന ഓർമ്മക്കുറിപ്പ് ജീവിതോത്സാഹത്തിന്റെ തുടിപ്പ് നിറഞ്ഞതാണ്. ജീവിതത്തെ തന്റെ ഊർജ്ജം കൊണ്ട് പ്രസാദപൂർണ്ണമാക്കുന്ന ആളാണ് അഗസ്റ്റിൻ പാറാണിക്കുളങ്ങര. യാത്രയിലും സ്പോർട്ട്സിലും വീഡിയോഗ്രാഫിയിലും മറ്റും പുലർത്തുന്ന നിരന്തരതാത്പര്യം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അനിവാര്യഭാഗമാണ്. ഈ ജീവിതോത്സാഹത്തിന്റെ പടവുകളിലൊന്നിലൂടെയുള്ള തന്റെ യാത്രയെ ഓർത്തെടുക്കുന്ന കുറിപ്പാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും സ്വിറ്റ്സർലന്റിലെത്തി അവിടത്തെ കായികകലയിൽ പരശീലനം നേടിയതിന്റെ വിവരണം. ജീവിതരേഖകളെ ഉത്സാഹപൂർവ്വം അഭിമുഖീകരിക്കുന്ന ഒരാളുടെ അനുഭവലോകമാണത്.-ഡോ: സുനിൽ പി. ഇളയിടം
10 വിസ ബംഗ്ലാവ് ★★
★★ Writer – Faisel Kachappilly ★★
ഫൈസൽ കാച്ചപ്പള്ളിയുടെ “വിസ ബംഗ്ലാവ്’ എന്ന കുറിപ്പിന് പല സവിശേഷതകളുണ്ട്. ഈ സമാഹാരത്തിലെ ഏറ്റവും ദൈർഘ്യമേറിയ കുറിപ്പാണത്. അതെഴുതിയ ഫൈസലാകട്ടെ ഈ സമാഹാരത്തിലെ രചയിതാക്കളിൽ ഏറ്റവും പ്രായംകുറഞ്ഞ ആളുമാണ്. ചാലക്കുടിക്ക് അടുത്തുള്ള സാമ്പാളൂർ എന്ന ഗ്രാമത്തിൽ നിന്ന് ബോംബെയിലേക്കും സ്വിറ്റ്സർലന്റിലേക്കുമുള്ള തന്റെ ജീവിതയാത്രയുടെ കഥയാണ് ഫൈസൽ പറയുന്നത്. പല പല പടവുകളായി പടരുന്ന കഥനം. ഗാർഹികലോകവും ബോംബെ മഹാനഗരവും സ്വിസ് യാത്രയുടെ ഭാഗധേയങ്ങളും എല്ലാം കൂടിക്കലരുന്ന ചെറിയ ചെറിയ ഖണ്ഡങ്ങളിലൂടെ ഫൈസൽ നമ്മെ സ്വന്തം ജീവിതത്തിന്റെ ഇടവഴികളിലേക്ക് അനായാസം കൊണ്ടുപോകുന്നു. ജീവിതോത്സാഹത്തിന്റെ തിരയിളക്കം നമുക്ക് ഏറ്റവുമധികം കാണാവുന്ന ഇടങ്ങളിലൊന്നാണ് ആ കുറിപ്പ്.-ഡോ: സുനിൽ പി. ഇളയിടം
പുസ്തകം ഇവിടെ ലഭ്യമാകും -> https://www.indulekha.com/manjil-virinja-ormakal-memoirs