Association Europe Pravasi Switzerland

ജീവകാരുണ്യവീഥിയിൽ വെളിച്ചം വിതറി സ്വിറ്റ്‌സർലൻറ്ലെ ലൈറ്റ് ഇൻ ലൈഫ്. Annual-Report -2021

അശരണർക്കും ആലംബഹീനർക്കും കരുത്തും കരുതലുമായി, കാരുണ്യവീഥിയിൽ പ്രകാശമായി, പത്താം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് സ്വിറ്റ്സർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്.
2013 ൽ എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച സംഘടന, ഒൻപതു വർഷങ്ങൾ പിന്നിടുമ്പോൾ തികച്ചും അഭിമാനകരമായ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു.

സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ പ്രാദേശിക പരിധികളോ ജാതി മത വിത്യാസങ്ങളോ നോക്കാതെ ഏറ്റെടുക്കുകയും, സമയ ബന്ധിതമായി നടപ്പാക്കുകയാണ് LIGHT in LIFE ചെയ്യുന്നത്. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി, കേരളത്തിലെ വിവിധ ജില്ലകളിലായി നൂറുകണക്കിന് കുട്ടികൾക്ക് സഹായമെത്തിക്കുവാൻ സാധിച്ചു. കൂടാതെ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളില്‍ സ്‌കൂളുകൾ നിർമ്മിച്ച് നൽകുക വഴി ഓരോ വർഷവും ആയിരത്തിൽപരം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള വഴി തുറക്കുകയായിരുന്നു. അനാഥർക്കും ആലംബഹീനർക്കും അടച്ചുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകുവാൻ സംഘടനക്ക് സാധിച്ചു. ലൈറ്റ് ഇൻ ലൈഫിന്റെ ഭവനപദ്ധതിയിൽ ഇതിനോടകം 111 നിർദ്ധന കുടുംബങ്ങൾക്കാണ് സ്വന്തമായി ഭവനം ലഭിച്ചത്.

ഇക്കഴിഞ്ഞ ഡിസംബർമാസത്തിൽ, സ്വിറ്റ്‌സർലന്റിലെ ആൽപ്‌സ് താഴ്വരയിലുള്ള ഒരു അഭയാർത്ഥി ക്യാംപിലെ അന്തേവാസികൾക്ക്, ശീതകാലത്ത് ആവശ്യമായ മുഴുവൻ വസ്ത്രങ്ങളും സംഘടനാ പ്രവർത്തകർ സമാഹരിച്ചു നൽകിയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയോടെ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറോളം കുട്ടികൾക്ക് ഉപരിവിദ്യാഭ്യാസ സഹായങ്ങൾ എത്തിക്കുവാൻ സാധിച്ചതും, ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ മഡഗാസ്‌ക്കറിൽ പുതിയ മൂന്ന്‌ ക്ലാസ്സ്മുറികൾ പണിത് ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചതും സംഘടനയുടെ ഈവർഷത്തെ പ്രവർത്തനങ്ങളിൽ എടുത്തുപറയേണ്ടതാണ്. തങ്ങളുടെ കുട്ടികൾക്ക് “സുരക്ഷിതമായി പഠിക്കുവാൻവേണ്ടി ഒരു പുതിയ സ്കൂൾകെട്ടിടം” എന്ന ദ്വീപുവാസികളുടെ ആവശ്യം സംഘടനയുടെ സജീവ പരിഗണനയിലാണ്.

“വെളിച്ചമാകുക – വെളിച്ചമേകുക” എന്ന ആപ്തവാക്യം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് സംഘടനയിൽ അംഗബലം പതിനഞ്ച് കുടുംബങ്ങൾ മാത്രമാണെങ്കിലും, അനുഭാവികളും അഭ്യുദയാകാംഷികളുമായി നിരവധി സുമനസ്സുകൾ അണിചേരുന്നത് പ്രതികൂല സാഹചര്യങ്ങളിലും കരുത്തു പകരുന്നു. തികച്ചും സുതാര്യമായി പ്രവർത്തിക്കുന്ന സംഘടനയുടെ കഴിഞ്ഞ വർഷത്തെ (2021) Financial statement അടക്കം വിശദമായ റിപ്പോർട്ട് സംഘടനയുടെ വെബ്സൈറ്റിൽ ലഭ്യമാകും.

..