Europe National Pravasi Switzerland

കേരളത്തിലും വടക്കുകിഴക്കൻ ഇന്ത്യയിലും കാരുണ്യസ്പർശവുമായി ലൈറ്റ് ഇൻ ലൈഫ് .

സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ ആറംഗപ്രധിനിധി സംഘം 2019 ജനുവരി 16 മുതൽ രണ്ടാഴ്ചക്കാലം ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസാം , മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങൾ നേരിട്ട് സന്ദര്ശിക്കുകയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌തു . കഴിഞ്ഞ നാല് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളും ഗ്രാമവാസികളുമായുള്ള ഒത്തുചേരലും അവരുടെ സ്നേഹാദരങ്ങളും വിവരണങ്ങൾക്കപ്പുറം ആഹ്ളാദകരമായിരുന്നതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു . ഷാജി – ലാലി എടത്തല, മാത്യു – ലില്ലി തെക്കോട്ടിൽ , സണ്ണി – ലീലാമ്മ ചിറ്റേഴത്ത് എന്നിവരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

ഈ യാത്രയിലെ ആദ്യത്തെ പരിപാടിയിൽ ആസാമിലെ പാൻബറി എന്ന ഗോത്ര വർഗ്ഗ ഗ്രാമത്തിൽ ഒരു പുതിയ സ്കൂൾ സമുച്ചയത്തിന്റെ ആദ്യഭാഗ ഉത്‌ഘാടനം ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്റ് ശ്രീ ഷാജി എടത്തല നിർവഹിച്ചു. 170 ഓളം കുട്ടികൾ ഇപ്പോൾ അവിടെ പഠിക്കുന്നു. ഈ പദ്ധതിക്കായി 52 ലക്ഷം രൂപയാണ് ലൈറ്റ് ഇൻ ലൈഫ് നൽകിയത്. ഈ മേഖലയിൽ വിദ്യാഭ്യാസ രംഗത്തു സജീവമായി പ്രവർത്തിക്കുന്ന MSFS സൊസൈറ്റിയുടെ ഭാഗമായ ഫേസ് (FAsCE ) ഇന്ത്യയുമായി സഹകരിച്ചാണ് ലൈറ്റ് ഇൻ ലൈഫ് ഈ പദ്ധതി നടപ്പാക്കുന്നത്. മേഘാലയയിലെ സോമാൻപാറയിൽ ലൈറ്റ് ഇൻ ലൈഫിന്റെ സഹായത്തോടെ നിർമ്മിച്ച സ്‌കൂളിന്റെ ഒന്നാംഘട്ടത്തിന്റെ പ്രവർത്തനം കഴിഞ്ഞ വര്ഷം ആരംഭിച്ചിരുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടമായ സ്‌കൂൾ കെട്ടിടത്തിന്റെ, രണ്ടാം നിലയുടെ ഉത്‌ഘാടനം ലൈറ്റ് ഇൻ ലൈഫിന്റെ പ്രതിനിധികളുടേയും നൂറുകണക്കിന് ഗ്രാമവാസികളുടേയും സാന്നിധ്യത്തിൽ സ്ഥലം ആർച് ബിഷപ്പ് റൈറ്റ്.റവ.ഡോ. ആൻഡ്രൂ മാറക്കും ശ്രീ ഷാജി എടത്തലയും കൂടി നിർവഹിച്ചു. 550 കുട്ടികൾക്ക് പഠിക്കാൻ സൗകര്യമുള്ള സ്‌കൂളിൽ ഇപ്പോൾ പത്താം ക്ലാസ് വരെയാണ് ഉള്ളത്. അടുത്ത വർഷങ്ങളിൽ പ്ലസ് ടൂ വരെയുള്ള ക്ലാസുകൾ ആരംഭിക്കും. ഇത് കൂടാതെ പത്തുലക്ഷം രൂപ മുടക്കി ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും നിർമ്മിച്ച് നൽകുവാൻ ലൈറ്റ് ഇൻ ലൈഫിന് സാധിച്ചു. ഇവിടെ നിന്നും മറ്റൊരു ഡിസ്പെൻസറി യിലോ പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിലോ എത്തുവാൻ 35 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ ആണ് നിലവിൽ ഉള്ളത്.

വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്രവംശജരായ, തീർത്തും നിർധനരായ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയുള്ള ഒരു പുതിയ പദ്ധതിക്ക് കഴിഞ്ഞ വര്ഷം തുടക്കം കുറിച്ചിരുന്നു.. ഗതാഗത സൗകര്യങ്ങൾ വിരളമായ ഗോത്ര ഗ്രാമങ്ങളിൽ നിന്നും സ്കൂളിൽ എത്തുക തികച്ചും ദുഷ്കരമാണ്. അങ്ങനെ വരുന്ന കുട്ടികൾക്ക് ഒരു വര്ഷം താമസസൗകര്യത്തോടുകൂടി പഠിക്കുവാനും, ആവശ്യമായ പഠനോപകരണങ്ങളും യൂണിഫോം, ഭക്ഷണം എന്നിവയും ലഭ്യമാക്കാൻ വേണ്ടി CHF 300 .- ന്റെ ഒരു പ്രോജക്ടും, ദിവസവും സ്‌കൂളിൽ വന്നുപഠിക്കുന്ന കുട്ടികൾക്ക്ലൈ താമസസൗകര്യം ഒഴികെ മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനായി CHF 150 .- ന്റെ മറ്റൊരു പ്രോജക്ടുമാണ് കഴിഞ്ഞ വര്ഷം ആരംഭിച്ചത്. ലൈറ്റ് ഫോർ ചൈൽഡ് ( Light 4 Child ) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലെ ആദ്യത്തെ 100 കുട്ടികൾക്ക് ഈ മാസം മുതൽ സഹായം ലഭിച്ചു തുടങ്ങി. ഇതിലേക്കായി 15 ലക്ഷം രൂപയുടെ ചെക്ക് ജനുവരി 23 നു, ഗോഹട്ടിയിൽ വച്ച് നടന്ന ലളിതമായ ഒരു ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്റ് ശ്രീ ഷാജി എടത്തല ഫേസ് ഇന്ത്യയുടെ ഡയറക്ടർ ഡോ.സജി ജോർജിന്റെ സാന്നിധ്യത്തിൽ, പ്രൊവിൻഷ്യൽ ജനറൽ റവ.ഡോ. ജോർജ് പന്തന്മാക്കലിന് കൈമാറിയിരുന്നു.

പ്രളയ ദുരന്തത്തിൽപെട്ടവർക്കു ആശ്വാസമായി “പുനർജ്ജനി”

ഇക്കഴിഞ്ഞ വർഷത്തെ പ്രളയ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഇടുക്കി ജില്ലയിലെ 7 കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കാനുളള “പുനർജ്ജനി” പദ്ധതി മുൻ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി പദ്ധതി ഉത്‌ഘാടനം ചെയ്തു. ലൈറ്റ് ഇൻ ലൈഫിന്റെ പ്രവർത്തനങ്ങളെ ശ്‌ളാഘിച്ച അദ്ദേഹം, ഇതുപോലുള്ള പദ്ധതികൾ പ്രവാസികൾ മാതൃക ആക്കേണ്ടതാണ് എന്ന് പറഞ്ഞു . ലൈറ്റ് ഇൻ ലൈഫിനോടൊപ്പം മറ്റു പ്രവാസി സംഘടനകളും സുമനസ്സുകളും കൈകോർക്കുന്ന ” പുനർജ്ജനി ” പദ്ധതി ജൂലൈ മാസത്തോടെ പൂർത്തിയാക്കാനാവും എന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ഇതോടൊപ്പം ഇടുക്കി ജില്ലയിൽ മറ്റു നാല് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുവാനുള്ള സാമ്പത്തിക സഹായവും കൈമാറി.

പ്രളയത്തിൽ, കിടപ്പാടം പോലും നഷ്ട്ടപ്പെട്ട, നിരാലംബയായ മാളയിലെ കൊടുവത്തുകുന്ന് വൈന്തോട് ശാന്തമ്മക്ക് ഒരു വീടുനിർമ്മിച്ചു കൊടുക്കുവാൻ, സ്വിറ്റസർലണ്ടിലെ ഇൻഡോ – സ്വിസ് സ്പോർട്സ് ക്ളബ്ബു്മായി സഹകരിച്ചതാണ് ലൈറ്റ് ഇൻ ലൈഫിന്റെ ഈ വർഷത്തെ മറ്റൊരു സദ്‌വാർത്ത. ഇതിലേക്ക് 3 ലക്ഷം രൂപയാണ് ലൈറ്റ് ഇൻ ലൈഫ് നൽകിയത്. ഫെബ്രുവരി 10 നു മാളയിൽ വച്ച് ശ്രീ വർഗീസ് എടാട്ടുകാരന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു. www.lightinlife.org