Association Pravasi Switzerland

14 കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കിയ ലൈറ്റ് ഇൻ ലൈഫ് ,പത്താം വർഷം 9 കോടി രൂപയുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് …. ധന ശേഖരണാർത്ഥം മ്യൂസിക്കൽ മെഗാ ഷോ ഒക്‌ടോബർ 21 നു സൂറിച്ചിൽ .

മ്യൂസിക്കൽ ഷോയിൽ പങ്കെടുത്ത് കാരുണ്യപ്രവർത്തനങ്ങൾ വിജയിപ്പിക്കുവാനും, അപരൻ്റെ ജീവിതത്തിൽ ഒരു വെളിച്ചമായി മാറുവാനും ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു

പത്ത് വർഷങ്ങൾക്ക് മുൻപ് (2013 ൽ) സ്വിറ്റ്സർലണ്ടിൽ പ്രവർത്തനം ആരംഭിച്ച ഒരു ജീവകാരുണ്യ സംഘടനയാണ് ലൈറ്റ് ഇൻ ലൈഫ്. കേരളത്തിനുപുറമെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, കഴിഞ്ഞ മൂന്നുവർഷംകൊണ്ട് ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറുമാണ് സംഘടനയുടെ പ്രധാന പ്രവർത്തന മേഖല.

ദയ പാലിയേറ്റീവ് സൊസൈറ്റിയുടെ ഉപഹാരം ബിഷപ് ജേക്കബ് മുരിക്കനിൽ നിന്നും, ലൈറ്റ് ഇൻ ലൈഫ് പ്രതിനിധി ടോമിച്ചൻ തോമസ് സ്വീകരിക്കുന്നു.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ, സമൂഹത്തിൽ വിവിധങ്ങളായ കാരുണ്യപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചു എന്നുള്ള സന്തോഷത്തിലും, അതിലുപരി കൂടുതൽ പദ്ധതികൾ പ്രാവർത്തികമാക്കണമെന്നുള്ള നിശ്ചയദാർഢ്യത്തിലുമാണ് പ്രവർത്തകർ. 116 കുടുംബങ്ങൾക്ക് സ്വന്തമായി വീടുകൾ, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി 4 സ്കൂളുകൾ, 200 ലധികം അംഗപരിമിതർക്ക് വീൽ ചെയറുകൾ, കേരളത്തിലെ ആദിവാസി മേഖലയിൽ വൈദ്യുതി കണക് ഷൻ, നൂറുകണക്കിന് കുട്ടികൾക്ക് അടിസ്ഥാന – ഉപരി വിദ്യാഭ്യാസത്തിനുള്ള ധനസഹായം, 2018 ലെ പ്രളയത്തിൽ ദുരിതമനുഭവിച്ചർക്ക് സാമ്പത്തികസഹായം തുടങ്ങി, ഏതാണ്ട് 14 കോടി രൂപക്കുള്ള പ്രവർത്തനങ്ങളാണ് സംഘടന ഇതുവരെ നടപ്പാക്കിയിട്ടുള്ളത്.

ലൈറ്റ് ഇൻ ലൈഫ് സ്കോളർഷിപ്പുകൾ ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി വിതരണം ചെയ്തപ്പോൾ.

ഈ വർഷം സെപ്റ്റംബർ ആദ്യവാരത്തിൽ, മുണ്ടങ്ങാമറ്റം സഹൃദയാ കലാവേദി & ലൈബ്രറിയുമായി ചേർന്ന്, 12 വിദ്യാർഥികൾക്ക് 5,70,000 രൂപയുടെ ഉന്നത വിദ്യാഭ്യാസ സഹായനിധിയും, കോട്ടയം ജില്ലയിലെ ദയ പാലിയേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ അംഗപരിമിതരായവർക്കു വേണ്ടി 50 വീൽചെയറുകളും സംഘടന വിതരണം ചെയ്തിരുന്നു.

പത്താം ജൂബിലി ആഘോഷിക്കുന്ന ഈ വർഷം, 3 വലിയ പദ്ധതികൾ നടപ്പാക്കാൻ സംഘടന തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലും മഡഗാസ്കറിലുമായി 300 കുട്ടികൾക്ക് 5 വർഷത്തേക്കുള്ള വിദ്യാഭ്യാസ സഹായം (CHF 375000 .-), കേരളത്തിൽ 32 കുടുംബങ്ങൾക്കായി ഏകദേശം CHF 384000.- ചിലവ് പ്രതീക്ഷിക്കുന്ന ഒരുഭവന സമുച്ചയം (ഇതിനാവശ്യമായ സ്ഥലം സ്വിറ്റ്സർലൻഡ് നിവാസിയായ ഒരു മലയാളി സുമനസ്സിൽ നിന്നും സംഭാവനയായി ലഭിച്ചിട്ടുണ്ട്), മഡഗാസ്ക്കറിൽ ഒരു ഹൈസ്ക്കൂൾ നിർമ്മാണം (CHF 200000.-) തുടങ്ങി CHF 959000.- ന്റെ (ഏകദേശം ഒൻപതുകോടി രൂപ) പദ്ധതികളാണ് സംഘടന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ജൂബിലി വർഷത്തിൽ ലൈറ്റ് ഇൻ ലൈഫ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭവന സമുച്ചയം.

ഈ പദ്ധതികളുടെ ധനശേഖരണാർത്ഥം സൂറിച്ചിൽ വച്ച് ഒക്ടോബർ 21ന് ഒരു മെഗാഷോ നടത്തപ്പെടും. „മ്യൂസിക്ക് ഓഫ് ലൈഫ്“ എന്ന ഈ മ്യൂസിക്കൽഷോയിൽ, കേരളത്തിൽ നിന്നും ബിജു നാരായണൻ (പിന്നണി ഗായകൻ), രാജേഷ് ചേർത്തല (ഫ്ലൂട്ട് ), ഫ്രാൻസിസ് സേവ്യർ (വയലിൻ) എന്നിവരുടെ നേതൃത്വത്തിൽ, മലയാള സിനിമ സംഗീതരംഗത്തെ പ്രശസ്തരും പ്രഗൽഭരുമായ 10 കലാകാരന്മാരും കലാകാരികളും വേദി പങ്കിടും. മലയാള ചലച്ചിത്ര ഗാനരംഗത്ത് 30 വർഷങ്ങൾ പൂർത്തിയാക്കുന്ന അനുഗ്രഹീത ഗായകൻ ശ്രീ ബിജു നാരായണനെ വേദിയിൽ ആദരിക്കും.

ജൂബിലി പദ്ധതിയുടെ ഭാഗമായി ലൈറ്റ് ഇൻ ലൈഫ്, മഡഗാസ്‌ക്കറിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഹൈസ്ക്കൂൾ.

8542 Wiesendangen / ZH ൽ ഒക്ടോബർ 21 ന് വൈകിട്ട് 4:30 ന് പരിപാടി അരങ്ങേറും. പ്രവേശന പാസുകൾ ഇപ്പോൾ ഓൺ ലൈനിലും ലഭ്യമാണ് (https://eventfrog.ch/Lightinlife) .ജൂബിലിആഘോഷങ്ങളിൽ പങ്കെടുത്തു്, നിങ്ങളും ഞങ്ങളും ഒത്തുചേർന്ന്, ഈ കാരുണ്യപ്രവർത്തനങ്ങൾ വിജയിപ്പിക്കുവാനും, അപരൻ്റെ ജീവിതത്തിൽ ഒരു വെളിച്ചമായി മാറുവാനും ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

(32 വീടുകൾ ഉൾകൊള്ളുന്ന ഭവനസമുച്ചയത്തിൽ, ഒരു വീട് പൂർണ്ണമായോ, ഭാഗികമായോ സ്പോൺസർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ, ദയവായി സംഘടനാഭാരവാഹികളുമായി ബന്ധപ്പെടുക. പ്രോഗ്രാംദിവസം തുക സ്റ്റേജിൽവച്ചു കൈമാറാനുള്ള സൗകര്യം ഉണ്ടാകുന്നതാണ്. )

ഈ സംഘടനയിലേക്ക് നൽകുന്ന എല്ലാ സംഭാവനകളും, സ്വിറ്റ്സർലൻഡിൽ നികുതി വിമുക്തമാണ്.

CLICK BELOW LINK AND RESERVE YOUR TICKETS.

https://eventfrog.ch/Lightinlife