സൂറിക്ക് : സ്വിറ്റസർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പ്രോജക്ട് ആയ കിൻഡർ ഫോർ കിൻഡറിന്റെ നേതൃത്വത്തിൽ സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി.
കിൻഡർ ഫോർ കിൻഡർ എല്ലാ വർഷവും നടത്തി വന്നിരുന്ന ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആണ് ഫുഡ് ഫെസ്റ്റിവൽ. കൊറോണ എപ്പിഡമി കാരണം കഴിഞ്ഞ മൂന്ന് വർഷം ചാരിറ്റി പ്രോഗ്രാം നടത്തുവാൻ സാധിച്ചിരുന്നില്ല. സൂറിക്ക് ഹോർഗൻ ഹാളിൽ നടത്തിയ പരിപാടിയിൽ നിരവധി തദ്ദേശീയർ പങ്കെടുത്തു. കേരളത്തിന്റെ തനതു വിഭവങ്ങളായ അപ്പവും സ്റ്റൂവും, മസാലദോശയും മുതൽ വടക്കേ ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാളുകൾ വരെ ഉണ്ടായിരുന്നു. വിവിധങ്ങളായ ഇന്ത്യൻ നൃത്തങ്ങളും സ്റ്റേജിൽ അരങ്ങേറി. രുചിഭേദങ്ങളുടെ കലവറ നിരത്തിയത് കേളിയുടെ വോളണ്ടീയർസ് തന്നെ ആയിരുന്നു. കേളിയുടെ രജത ജൂബിലി വർഷത്തിലെ ആദ്യ പ്രോഗ്രാമിന് മികച്ച പിന്തുണയായിരുന്നു ഹാൾ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം നൽകിയത്.
കേളിയുടെ രണ്ടാം തലമുറയിൽ പെട്ട ഇരുപതോളം യുവതീയുവാക്കളാണ് കിൻഡർ ഫോർ കിൻഡർ പ്രോജക്ടിന്റെ നടത്തിപ്പുകാർ. മാർച്ച് 25 ന് ശനിയാഴ്ച വൈകുന്നേരം 4 മുതൽ 10 മണി വരെ ആയിരുന്നു ഫുഡ് ഫെസ്റ്റിവലും ബസാറും നടത്തിയത്. വിവിധ ഇന്ത്യൻ സാധനങ്ങളുടെ ബസാറും മൈലാഞ്ചി സ്റ്റാളും സംഘാടകർ ഒരുക്കിയിരുന്നു.
കാൽ നൂറ്റാണ്ടിന് മുമ്പ് സാമൂഹ്യപ്രതിബദ്ധതയോടെ സോഷ്യൽ വർക്ക് കൂടി ലക്ഷ്യമാക്കി തുടങ്ങിയ സാമൂഹ്യ സാംസ്കാരിക സംഘടനയാണ് കേളി. സ്വിസിലെ പഠിതേക്കളായ മലയാളി കുട്ടികൾ ചാരിറ്റിക്ക് സമാഹരിക്കുന്ന തുക സമപ്രായക്കാരായ ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിൽ സഹായിക്കുന്ന പദ്ധതിയാണ് കിൻഡർ ഫോർ കിൻഡർ. കഴിഞ്ഞ പതിനേഴ് വർഷങ്ങളായി കുട്ടികൾ കോടികളുടെ ധനസഹായം ചെയ്തുവരുന്നു. വിദ്യാഭ്യാസസഹായപദ്ധതികളായ സ്പോൺസർഷിപ്പ്, സ്കോളർഷിപ്പുകൾ, മൈക്രോ ക്രെഡിറ്റ് ( ഉന്നത വിദ്യാഭ്യാസം) എന്നി പദ്ധതികളാണ് വിജയകരമായി ചെയ്തുവരുന്നത്. കേരളത്തിൽ രാജഗിരി ഔട്ട് റീച്ചുമായി സഹകരിച്ചാണ് കിൻഡർ ഫോർ കിൻഡർ പ്രവർത്തിക്കുന്നത്.
പയസ് പാലാത്രക്കടവിൽ
സോഷ്യൽ സർവീസ് കോർഡിനേറ്റർ