സൂറിച് ;വീസൻതാങ്ങനിൽ അരങ്ങേറിയ കേളിയുടെ 19 -ാമത് ഇൻ്റർനാഷണൽ കലാമേള വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി.6 മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിൻ്റെ ഫലമായ് മെയ് 18 , 19 തീയതികളിൽ നടന്ന 19 -ാമത് കേളി ഇൻ്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു.
രണ്ടു ദിനരാത്രങ്ങൾ വീസൻതാങ്ങനിൽ മെയ് 18, 19 തീയതികളിൽ ചിലങ്കകളുടെയും സംഗീതത്തിന്റെ യും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു.
അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന ശുഭപ്രതീക്ഷയോടെ മത്സരാർത്ഥികളും കളം വിട്ടു. ഇന്ത്യക്കു പുറത്തു നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമേളയിൽ ഈ വര്ഷം രണ്ട് വേദികളിലായി റെക്കോർഡ് പങ്കാളിത്തം ഉണ്ടായിരുന്നു.
വർഷങ്ങൾ നീണ്ട പഠനത്തിലൂടെയും പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ കലകൾ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ്വ വേദിയായി കേളി കലാമേള മാറി.നിറഞ്ഞ സദസിനുമുമ്പിൽ നടന്ന സമാപന ചടങ്ങ് പ്രസിഡൻറ് ശ്രീമതി ദീപ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ ജിജിൻ രാജഗോപാലൻ സദസിനു സ്വാഗതം ആശംസിച്ചു . നാഷണൽ കൗൺസിൽ ഓഫ് സ്വിറ്റ്സർലൻഡ് അംഗം നിക്ലൌസ്-സാമുവൽ ഗുഗ്ഗർ മുഖ്യാതിഥിയായി. കലാമേള കൺവീനർ ശ്രീ ജോസ് വെളിയത്ത് നന്ദി പ്രകാശിച്ചിപ്പിച്ചു.
എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാർത്ഥികളെ ആദരിച്ചു. കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിച്ചു വരുന്ന കുട്ടിക്ക് നൽകി വരുന്ന സൂര്യ ഇന്ത്യ കലാപ്രതിഭ ട്രോഫി ഈ വർഷം ഡാനിയേൽ കാച്ചപ്പിള്ളി കരസ്ഥമാക്കി.
നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി കുമാരി നന്ദന പ്രശാന്ത് നേടി.നൃത്യേതര ഇനങ്ങളിൽ ചാമ്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫിക്ക് കുമാരി ആര്യ മധു അർഹയായി.മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാലതാരത്തിന് നൽകുന്ന കേളി ബാലപ്രതിഭ അവാർഡ് കുമാരി മിത്ര മഹേഷ് കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സബ് ജൂനിയർ താരത്തിന് നൽകുന്ന കേളി ബാലതാരം അവാർഡ് മാധവ് നമ്പ്യാർ കരസ്ഥമാക്കി.ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജൂനിയർ താരത്തിന് നൽകുന്ന കേളി യുവപ്രതിഭ അവാർഡ് സ്വര രാമൻ നമ്പൂതിരി കരസ്ഥമാക്കി.ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സീനിയർ താരത്തിന് നൽകുന്ന കേളി യുവതാരം അവാർഡ് ശിവാനി നമ്പ്യാർ കരസ്ഥമാക്കി.
മീഡിയ ഈവന്റുകൾക്ക് (ഫോട്ടോഗ്രാഫി,ഷോർട് ഫിലിം , പെയിന്റിംഗ് ) നൽകി വരുന്ന ജനപ്രിയ അവാർഡുകൾ താഴെ പറയുന്നവർ കരസ്ഥമാക്കി.
ഫോട്ടോഗ്രാഫി : ജിൻടു ജോസ് കളത്തിൽ
ഓപ്പൺ പെയിന്റിംഗ് : മിലു രാധാകൃഷ്ണൻ
ഷോർട് ഫിലിം , റീൽസ് -ആനന്ദ് ജോർജ്
റീൽസ് : ലിസ സണ്ണി
ഈ വര്ഷം പുതുതായി കൂട്ടിച്ചേർത്ത ഇനങ്ങളായ ഗിറ്റാർ, വയലിൻ, കീബോര്ഡ് എന്നിവയ്ക്കും മുതിർന്നവർക്കുള്ള ഗ്രൂപ്പ് സോങ്ങ്, ഗ്രൂപ്പ് ഡാൻസ്, തിരുവാതിര എന്നിവയ്ക്കും മികച്ച പങ്കാളിത്തമാണ് ലഭിച്ചത്.
യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൗഡഗംഭീരമായ സദസ്സിൻ്റെ സാന്നിധ്യത്തിൽ 19 -ാമത് കേളി ഇൻറർനാഷണൽ കലാമേള മറക്കാനാവാത്ത ചരിത്ര മുഹൂർത്തമായ് ആലേഖനം ചെയ്യപ്പെട്ടു.
For results please visit https://kalamela.com/Kalamela_2024/KeliKalamela2024_Prizelist.pdf
Report – സുബി ഉള്ളാട്ടിൽ