ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള സ്റ്റേറ്റ് പ്രെസിഡെന്റുമായ ഡോക്ടർ ലാലിന് സെപ്തംബര് ഇരുപത്തിയഞ്ചാം തിയതി സൂറിച്ചിൽ വെച്ച് സ്വിറ്റസർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പ്രഥമ പൊതുയോഗത്തിൽ വെച്ച് സ്വീകരണം നൽകി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പുതിയ പ്രെസിഡന്റായി ചുമതലയേറ്റ ശ്രീ ജോയ് കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .ഐ ഓ സി തമിഴ്നാടിനെ പ്രതിനിധീകരിച്ചു ശ്രീ അരുൺ അമൃതം യോഗത്തിനു സ്വാഗതമേകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനരീതിയും , എല്ലാ സംസ്ഥാനങ്ങളുടെയും കമ്മിറ്റി രൂപീകരണത്തെക്കുറിച്ചും,ഓവർസീസ് കോൺഗ്രസ് ഇന്ത്യക്കു പുറത്തു പാർട്ടിക്ക് കരുത്തായി നിലകൊള്ളുമെന്നും , വ്യത്യസ്ത ഭാഷകളും, സംസ്കാരങ്ങളും, ജീവിത രീതികളും നില നിൽക്കുന്ന ഇന്ത്യയിൽ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമെ സാധിക്കുകയുള്ളൂവെന്നും ഐ ഓ സി സ്വിസ്സ് പ്രെസിഡന്റായ ജോയ് കൊച്ചാട്ട് തൻറെ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.
നിരവധി വികസ്വര – അവികസിത രാജ്യങ്ങളിൽ രോഗ നിയന്ത്രണ പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനും, നടത്തിപ്പിനും, നേതൃത്വം നൽകിയിട്ടുള്ള ഡോക്ടർ ലാലിന്, ഇപ്പോൾ ലോകം മുഴുവനും പടർന്നു പിടിച്ചിട്ടുള്ള മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളും, പ്രായോഗികമായ നിർദേശങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
ചൈനയിൽ നിന്നും വളരെ ദൂരെയായ കേരളത്തിൽ കോവിഡ് പടർന്നു പിടിക്കുന്നതിനു സമയമെടുത്തപ്പോൾ കേരള ഗവർമെന്റ് അവരുടെ പ്രതിരോധ മികവായി കൊട്ടിഘോഷിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ടു. കേരളം ഒന്നാമൻ, ഒന്നാമൻ എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്ന് കേരളം ഏതിലാണ് ഒന്നാമനെന്ന് മനസിലാക്കണമെന്നും ,ആരോഗ്യ വകുപ്പും കേരള സർക്കാരും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധത്തിലെ വീഴ്ചകളും ഡോക്ടർ ലാൽ തന്റെ മറുപടി പ്രസംഗത്തിൽ ചൂണ്ടികാട്ടി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ ശ്രീ സാം പിത്രോഡ രചിച്ച “റീ ഡിസൈൻ ദി വേൾഡ് ” എന്ന പുസ്തകം തദവസരത്തിൽ പ്രസിഡന്റ് ശ്രീ ജോയ് കൊച്ചാട്ടു ഡോക്റ്റർ ലാലിന് സമർപ്പിച്ചു .
ഓവർസീസ് കോൺഗ്രസ്സിന്റെ ചുമതലയുള്ള AICC സെക്രട്ടറി ഹിമാനുഷ് വ്യാസ് വീഡിയോ മെസ്സേജിലൂടെ ഡോക്ടർ ലാലിനും, ഐ ഓ സി യുടെ പ്രധമ പൊതുയോഗത്തിനും ആശംസകൾ നൽകി.ആന്ധ്രാ പ്രദേശ്, തെലുങ്കാന, വെസ്റ്റ് ബംഗാൾ , പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ്സ് വക്താക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു സംസാരിച്ചു .തുടർന്നു നടന്ന ചർച്ചക്ക് ഐ ഓ സി യൂറോപ്പ് സെക്രട്ടറി ടോമി തൊണ്ടാംകുഴി നേതൃത്വം നൽകി. യുവാക്കൾ സജീവമായി പങ്കെടുത്ത് ഡോകടർ ലാലുമായി ചർച്ചയിൽ പങ്കെടുത്തത് ശ്രദ്ധേയമായി.ഐ ഒ സി സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ സെക്രട്ടറി ശ്രീ ടോമി വിരുത്തിയേൽ യോഗത്തിനു നന്ദി പറഞ്ഞു