ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും , ജനീവ യു എന്നിലെ മുൻ ഉദ്യോഗസ്ഥനും ഓൾ ഇൻഡ്യാ പ്രൊഫഷണൽ കോൺഗ്രസ് കേരളാ സംസ്‌ഥാന പ്രെസിഡന്റുമായ ഡോക്ടർ എസ് എസ് ലാലിന് സ്വീകരണവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പ്രഥമ മീറ്റിങ്ങും ഈ ശനിയാഴ്ച്ച മൂന്നുമണിക്ക് സൂറിച്ചിൽ. എല്ലാ ജനാധിപത്യ വിശ്വാസികൾക്കും സ്വാഗതം…
DATE : SATURDAY,SEPTEMBER 25, 2021
TIME : 15.00 PM
VENUE : NAMASTE,POSTSTRASSE 7 ,8805 RICHTERSWIL,ZURICH
ORGNAIZED BY INDIAN OVERSEAS CONGRESS SWITZERLAND
അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പൊതുജനോരോഗ്യ വിദഗ്ധനാണ് ഡോ. എസ് എസ് ലാൽ . ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളില് ലോകാരോഗ്യ സംഘടനയുടെയും മറ്റു ചില അന്താരാഷ്ട്ര സംഘടനകളുടെയും ഉയര്ന്ന ഉദ്യോഗസ്ഥനായി പ്രവര്ത്തിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഗ്ലോബൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്ത്തിൽ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പ്രൊഫസറും തലവനുമാണ്. ലോകാരോഗ്യ സംഘടനയുടെ ഒരു ആഗോള സമിതിയുടെ വൈസ് ചെയര്മാനും മറ്റു പല സമിതികളില് അംഗവുമാണ്. മെഡികൽ ബിരുദം കൂടാതെ എംപിഎച്ച്, എംബിഎ, പിഎച്ച്ഡി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകളും ഉണ്ട്.
നിരവധി വികസ്വര-അവികസിത രാജ്യങ്ങളില് രോഗനിയന്ത്രണ പദ്ധതികള്ക്ക് രൂപം കൊടുക്കുന്നതിനും നടത്തിപ്പിനും നേതൃത്വം നല്കിയിട്ടുണ്ട്. ക്ഷയരോഗത്തില് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ലോകാരോഗ്യസംഘടനയുടെ അന്തര്ദേശീയ സമിതിയുടെ ഉപാദ്ധ്യക്ഷനാണ്. ക്ഷയരോഗ രംഗത്ത് ആഗോള തലത്തില് ലോകാരോഗ്യ സംഘടന നേതൃത്വം നല്കുന്ന നിരവധി ഉപദേശക സമിതികളിലും നയങ്ങള് രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളിലും അംഗമാണ്. ഈ രംഗത്ത് ഇത്രയധികം സമിതികളില് അംഗമാകാൻ കഴിഞ്ഞ അപൂർവ്വം ഇന്ത്യക്കാരിൽ ഒരാളും ആദ്യ മലയാളിയുമാണ് ശ്രീ ലാൽ
ജനീവയിലെയും അമേരിക്കയിലെയും അന്തര്ദേശീയ ഉദ്യോഗങ്ങളില് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക ഭൂഖണ്ഡങ്ങളിലായി വിവിധ രാജ്യങ്ങളിലെ ക്ഷയം, എയിഡ്സ്, മലമ്പനി രോഗങ്ങളുടെ നിയന്ത്രണത്തിന്റെ നേതൃത്വത്തിലാണ് കൂടുതലും പ്രവര്ത്തിച്ചിരുന്നത്. ഗ്ലോബല് ഫണ്ട്, ഗേറ്റ്സ് ഫൌണ്ടേഷന് തുടങ്ങിയ അന്തര്ദേശീയ ഫണ്ടിംഗ് ഏജന്സികളുടെയും അമേരിക്ക, ബ്രിട്ടന്, കാനഡ മുതലായ രാജ്യങ്ങളുടെ ഗവന്മെന്റുകളുടെയും ധനസഹായത്തോടെ വിവിധ രാജ്യങ്ങളിലെ ക്ഷയരോഗ – എയ്ഡ്സ് നിയന്ത്രണ പദ്ധതികള്ക്കാണ് പ്രധാനമായും നേതൃത്വം കൊടുത്തത്. അന്തര്ദേശീയ തലത്തിലുള്ള ജോലികള് നിര്വഹിക്കുമ്പോഴും ഇന്ത്യയിലേയ്ക്ക് വലിയ അളവിലുള്ള ധനസഹായം എത്തിക്കുന്നതില് പ്രധാന പങ്ക് വഹിച്ചിരുന്നു.
1999 ല് ആണ് ലോകാരോഗ്യസംഘടനയിലെ ആദ്യത്തെ ഉദ്യോഗം ലഭിക്കുന്നത്. രാജ്യത്തെ ക്ഷയരോഗ പദ്ധതിയ്ക്ക് സാങ്കേതിക സഹായം നല്കാന് ലോകാരോഗ്യ സംഘടന ഉണ്ടാക്കിയ സംവിധാനത്തില് ഉദ്യോഗസ്ഥനായി. പില്ക്കാലത്ത് ന്യൂയോര്ക്ക് ഹെല്ത്ത് കമ്മീഷണര് ആയും അമേരിക്കന് സിഡിസി യുടെ ഡയറക്ടറും ആയ ഡോക്ടര് തോമസ് ആര് ഫ്രീഡന്റെ ആദ്യത്തെ പതിനാറ് അംഗ ടീമിലേയ്ക്ക് ഡോക്ടര് ലാല് തെരഞ്ഞെടുക്കപ്പെട്ടു. കേരളം, തെക്കന് തമിഴ്നാട്, ലക്ഷദ്വീപ് പ്രദേശങ്ങളുടെ ഉത്തരവാദിത്വമായിരുന്നു തുടക്കത്തില് ലാലിന്. ഈ പ്രദേശങ്ങളില് ക്ഷയരോഗ പരിപാടി നടപ്പാക്കാന് സര്ക്കാരുകളെ സഹായിക്കുകയായിരുന്നു ചുമതല.
ലോകാരോഗ്യ സംഘടനയുടെ നിര്ദ്ദേശാനുസരണം പുതിയ ദേശീയ ക്ഷയരോഗ പരിപാടി എല്ലാ ജില്ലയിലും നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതിനു പിന്നില് ഡോക്ടര് ലാലിന്റെ സംഭാവന ലോകാരോഗ്യ സംഘടന ശ്രദ്ധിച്ചു. 1999 മുതല് 2003 വരെ ലോകാരോഗ്യസംഘടനയുടെ ഈ ഉദ്യോഗത്തില് ഇരിക്കുമ്പോള് ക്ഷയരോഗ നിയന്ത്രണരംഗത്ത് സ്വകാര്യാശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി നടത്തിയ പ്രവര്ത്തനങ്ങളിലൂടെയാണ് ആഗോള തലത്തില് ലാല് ശ്രദ്ധ നേടിയത്.
അതുവരെ കേരളത്തില് പ്രത്യേകിച്ചും രാജ്യത്ത് പൊതുവെയും കീറാമുട്ടിയായിരുന്ന ഈ പ്രശ്നത്തിന് ഡോക്ടര്മാരുടെ സംഘടനയായ ഐ.എം.എ -യുടെ സഹായത്തോടെ നടപ്പാക്കിയ പ്രായോഗിക പദ്ധതികള് ലോകാരോഗ്യ സംഘടനയുടെയും ഉത്തരവാദപ്പെട്ട മറ്റ് അന്തര്ദേശീയ ഏജന്സികളുടെയും ശ്രദ്ധയില് പെടുകയായിരുന്നു. ഈ പദ്ധതികള് ദേശീയ തലത്തില് വികസിപ്പിക്കാന് ലോകാരോഗ്യ സംഘടന ഒരു ദേശീയ ഓഫീസറുടെ തസ്തിക ഉണ്ടാക്കിയപ്പോള് 2003-ല് ഡോക്ടര് ലാല് നാഷണല് പ്രൊഫഷണല് ഓഫീസറായി നിയമിതനായി. അങ്ങനെ ഡെല്ഹി ആസ്ഥാനമാക്കി പ്രവര്ത്തിയ്ക്കുമ്പോള് ക്ഷയരോഗ രംഗത്ത് ദേശീയ തലത്തില് സ്വകാര്യമേഖലയുടെയും മറ്റു സര്ക്കാര് വകുപ്പുകളുടെയും ഏകോപനത്തിന് ഡോക്ടര് ലാല് നേതൃത്വം നല്കി. ഡോക്ടര് ലാലിന്റെ സംഭാവനകള് കണക്കിലെടുത്ത് അദ്ദേഹത്തെ ലോകാരോഗ്യ സംഘടനകളുടെ ആഗോള സമിതികളില് അംഗമാക്കി.
ഡല്ഹിയിലെ ജോലിയില് നാലുവര്ഷത്തെ സേവനം പൂര്ത്തിയാക്കുമ്പോള് ലോകാരോഗ്യസംഘടനയുടെ ഒരു അന്തദേശീയ ഉദ്യോഗത്തിന് ഡോക്ടര് ലാല് തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കാന് തിമോറില് ആയിരുന്നു പുതിയ ഉദ്യോഗം. അവിടെ ക്ഷയരോഗം, എയ്ഡ്സ്, മലമ്പനി തുടങ്ങിയ രോഗങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നു. കിഴക്കന് തിമോറിലെ പ്രവര്ത്തനങ്ങളും അന്തര്ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗത്തെ നിയന്ത്രിക്കാനുള്ള പദ്ധതി അതിവേഗം നടപ്പാക്കിയ രാജ്യമെന്ന ഖ്യാതി അക്കാലത്തെ ഏറ്റവും അവികസിത രാജ്യമായ കിഴക്കന് തിമോറിന് ലഭിക്കുന്നതില് ഡോക്ടര് ലാല് പ്രധാന പങ്കുവഹിച്ചു.
കിഴക്കന് തിമോറില് പ്രവര്ത്തിക്കുമ്പോള് ജനീവയില് ലോകാരോഗ്യ സംഘടനയുടെ ഭാഗമായിരുന്ന ഗ്ലോബല് ഫണ്ടില് ഡോക്ടര് ലാലിന് നിയമനം ലഭിച്ചു. അന്തര്ദേശീയ തെരഞ്ഞെടുപ്പിലൂടെ ഗ്ലോബല് ഫണ്ടില് നിയമിതനായ അപൂര്വം ഇന്ത്യക്കാരില് ഒരാളായിരുന്നു ലാല്. ക്ഷയരോഗം എയ്ഡ്സ്, മലമ്പനി തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണത്തിനായി രാജ്യങ്ങള്ക്ക് ഫണ്ട് നല്കുന്ന സ്ഥാപനമാണ് ഗ്ലോബല് ഫണ്ട്. രാജ്യങ്ങള് പദ്ധതികള് നടപ്പാക്കുന്നതിലും ഫണ്ട് വിനിയോഗിക്കുന്നതിലും നടത്തുന്ന പ്രവര്ത്തനങ്ങളുടെ അവലോകനം നടത്തുന്ന ടീമിന്റെ നേതൃത്വം ലാലിന് ലഭിച്ചു. ഇരുപത്തഞ്ചില് അധികം രാജ്യങ്ങളുടെ ടീമില് അംഗമായിരുന്നു ലാല്. ജോലിയിലെ അതിശയകരമായ പ്രകടനത്തിന് പ്രത്യേക പ്രശംസ നേടിയ ചുരുക്കം പേരില് ഒരാളായി മാറിയ ലാല് തുടര്ന്ന് ഗ്ലോബല് ഫണ്ടിലെ പോര്ട്ട്ഫോളിയോ മാനേജര് ആയി. അങ്ങനെ കമ്പോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചുമതല ലാലിന് ലഭിച്ചു. ഗ്ലോബല് ഫണ്ടിലെ അഞ്ചുവര്ഷത്തെ പ്രവര്ത്തനാം പൂര്ത്തിയാക്കുമ്പോള് അമേരിക്കയില് പുതിയ ജോലി ലഭിച്ചു.
ക്ഷയരോഗ രംഗത്ത് സ്വകാര്യ ചികിത്സാ മേഖലയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് അന്തര്ദേശീയ പ്രസിദ്ധീകരണങ്ങള്ക്കായി ലാല് രചിച്ച ലേഖനങ്ങള് ലോകപ്രസിദ്ധമാണ്. നിരവധി അന്തര്ദേശീയ സമ്മേളനങ്ങളില് ലാല് ശ്രദ്ധേയമായ പ്രബന്ധങ്ങള് അവതരിപ്പിച്ചിട്ടുണ്ട്. ആഗോള തലത്തില് ഈ രംഗത്ത് ഏറ്റവും അറിയപ്പെടുന്ന വിദഗ്ദ്ധരില് ഒരാളാണ് ലാല്. ടോക്കിയോവിലെ അന്തര്ദേശീയ ക്ഷയരോഗ റിസര്ച്ച് ഇന്സ്ടിട്യൂട്ട് ഉള്പ്പെടെ നിരവധി അന്തര്ദേശീയ ഗവേഷണ സ്ഥാപനങ്ങളിലും സര്വകലാശാലകളിലും വിസിറ്റിംഗ് ഫാക്കല്റ്റിയാണ് ലാല്. തിരുവനന്തപുരത്തെ ഗ്ലോബല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്ത്തില് അഡ്ജങ്ക്റ്റ് പ്രോഫസറാണ്. ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിന്, ബ്രിട്ടീഷ് മെഡിക്കല് ജേര്ണല് തുടങ്ങിയ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുടെ പരിശോധകന് ആണ്.
ഇന്ത്യന് ടെലിവിഷന് രംഗത്ത് ആദ്യമായി ഒരു തുടര് ആരോഗ്യ പരിപാടി അവതരിപ്പിച്ച ഡോക്ടറാണ് ലാല്. ‘പള്സ് ‘ എന്ന പേരില് എഷ്യാനെറ്റ് ചാനലിന്റെ തുടക്കം മുതല് സംപ്രേഷണം ചെയ്ത ഈ പ്രതിവാര ആരോഗ്യപരിപാടി പെട്ടെന്ന് ജനശ്രദ്ധ ആകര്ഷിച്ചു. 1993 ല് തുടങ്ങിയ ഈ പരിപാടിയില് 2003 വരെ ലാല് തുടര്ച്ചയായി അഞ്ഞൂറോളം എപ്പിസോഡുകള് അവതരിപ്പിക്കുകയും ചെയ്തു. പള്സ് പരിപാടിയാണ് പില്ക്കാലത്ത് ടെലിവിഷന് ആരോഗ്യപരിപാടികള്ക്ക് ഒരു അനുകരണീയ മാതൃക സൃഷ്ടിച്ചത്. ആകാശവാണിയിലും ആരോഗ്യപരിപാടിക്ക് സ്ഥിരമായ ക്ഷണിതാവായിരുന്നു.
നിരവധി ആരോഗ്യമാസികകള്, പത്രങ്ങള് എന്നിവയില് വിവിധ കാലഘട്ടങ്ങളില് കോളമിസ്റ്റ് ആയിരുന്നു. മാതൃഭൂമി ആരോഗ്യമാസികയുടെ 1997 -ലെ ആദ്യ പതിപ്പുമുതല് കോളമിസ്റ്റായിരുന്നു. മനോരമ പത്രത്തിന്റെ ദല്ഹി പതിപ്പില് 2004 മുതല് നീണ്ടകാലം കോളമിസ്റ്റ് ആയിരുന്നു. ഐ.എം.എ. യുടെ ആരോഗ്യമാസികയായ ‘നമ്മുടെ ആരോഗ്യ’ത്തിന്റെ എഡിറ്ററായും കോളമിസ്റ്റായും നീണ്ടകാലം പ്രവര്ത്തിച്ചു. ഇപ്പോഴും മാസികയുടെ ഉപദേശകസമിതി അംഗമാണ്. കേരള കൗമുദി പത്രത്തില് ‘റൌണ്ട്സ് ‘ എന്ന കോളം കൈകാര്യം ചെയ്യുന്നു. മെഡിക്കല് ജേര്ണലുകളിലും മറ്റാനുകാലിക ആരോഗ്യ പ്രസിദ്ധീകരണങ്ങളിലും എഴുത്ത് തുടരുന്നു. നാനൂറിലധികം ശാസ്ത്ര ലേഖനങ്ങല് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പേട്ടയിലെ സര്ക്കാര് സ്കൂളില് പ്രാഥമിക വിദ്യാഭ്യാസവും സെയിന്റ് ജോസഫ്സ് സ്കൂളില് ഹൈസ്കൂള് വിദ്യാഭ്യാസവും പൂര്ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല് കോളേജില് നിന്ന് എംബിബിഎസ് ബിരുദവും ശ്രീചിത്ര ദേശീയ ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് പോതുജനരോഗ്യത്തില് മാസ്റര് (എംപിഎച്ച്) ബിരുദവും കൂടാതെ ങആഅ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. നെതര്ലണ്ട്സിലെ ലോക പ്രശസ്ത ലെയ്ഡന് യൂണിവേഴ്സിറ്റിയില് നിന്നാണ് പിഎച്ഡി നേടിയത്. നാനൂറ്റി നാല്പത്തി നാലാം വര്ഷം ആചരിക്കുന്ന വര്ഷം ലെയ്ഡന് യൂണിവേഴ്സിറ്റിയില് നിന്ന് മെഡിസിനില് ആണ് ഡോക്ടറേറ്റ്. സ്കൂള് കാലം മുതല് സംസ്ഥാനതല സാഹിത്യ മത്സരങ്ങളില് സ്ഥിരമായി സമ്മാനങ്ങള് നേടിയിരുന്നു. പില്ക്കാലത്ത് പ്രസിദ്ധമായ ആനുകാലികങ്ങളില് രണ്ട് നോവലുകളും നിരവധി കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയെഴുത്ത് തുടരുന്നു.
വിദ്യാഭ്യാസ കാലം മുതല് നേതൃത്വ രംഗത്തും സാമൂഹ്യരംഗത്തും സജീവമായിരുന്നു. തിരുവനന്തപുരത്തെ യൂണിവേര്സിറ്റി കോളേജിലും മെഡിക്കല് കോളേജിലും വിദ്യാര്ത്ഥികളുടെ ചെയര്മാന് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള യൂണിവേര്സിറ്റിയുടെ സെനറ്റ് അംഗമായും പ്രവര്ത്തിച്ചിട്ടുണ്ട്. കേരള മെഡിക്കോസ് അസോസിയേഷന്റെ സെക്രട്ടറിയായും കേരള ഹൗസ് സര്ജന്സ്സ് അസോസിയേഷന്റെ പ്രസിഡന്റ്റ് ആയും പ്രവര്ത്തിച്ചു. കേരള ജൂനിയര് ഡോക്ടര്സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും കോണ്ഫഡറെഷന് ഓഫ് മെഡിക്കോസ് ആന്ഡ് ജൂനിയര് ഡോക്ട്ടേര്സ്-ന്റെ സ്ഥാപക ചെയര്മാനും ആയിരുന്നു. ഐഎംഎയുടെ സംസ്ഥാന ദേശീയ തലങ്ങളില് നേതൃത്വ രംഗത്ത് പ്രവര്ത്തിച്ചു.
ഐഎംഎ യുടെ സംസ്ഥാന തല ഡോക്ടേഴ്സ് ക്ലബ്ബും ഐഎംഎ യുടെ വനിതാ വിങ്ങും (ഡബ്ല്യൂഐഎംഎ) സ്ഥാപിച്ചത് ലാല് ആണ്. കേരള ഡോക്ടേഴ്സ് ട്രസ്ടിന്റെയും ഡോക്ടേഴ്സ് വില്ലേജിന്റെയും സ്ഥാപക സെക്രട്ടറിയാണ്. തിരുവനന്തപുരത്ത് ഐഎംഎ യുടെ സെക്രട്ടറി ആയിരുന്ന വര്ഷങ്ങളില് നിരവധി ആരോഗ്യ പദ്ധതികള്ക്ക് തുടക്കം കുറിച്ചു. റോഡപകടത്തില്പെടുന്നവരെ പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിലെത്തിക്കാന് ടാക്സി-ഓട്ടോറിക്ഷ ഡ്രൈവര്മാരെ പരിശീലിപ്പിച്ച ‘ആക്ട് ഫോഴ്സ്’ ഇതില് പ്രധാനമാണ്. റോഡപകടത്തില്പ്പെട്ട ആയിരക്കണക്കിന് പൊതുജനങ്ങള്ക്ക് ഈ പദ്ധതി സഹായമായി. ഈ മാതൃക പിന്നീട് രാജ്യത്തിന്റ വിവിധ ഭാഗങ്ങളില് വിജയകരമായി ആവര്ത്തിക്കപ്പെട്ടു.
1996-ല് ചാരായ നിരോധനത്തെ തുടര്ന്ന് മദ്യപാനികളിലെ ‘വിത്ത്ട്രായല് സിന്ഡ്രോം’ ഒഴിവാക്കാനായി സംസ്ഥാനതലത്തില് പദ്ധതി രൂപീകരിച്ചു നടപ്പാക്കി. തൊണ്ണൂറുകളില് തിരുവനന്തപുരത്തെ ജനറല് ആശുപത്രി, മാനസിക രോഗാശുപത്രി, സബ് ജയില് എന്നിവിടങ്ങളില് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്ക്കായി ചികിത്സ നടത്തിയിരുന്നു. ഡോക്ടര്മാരുടെ സംഘടനകളുടെ സഹായത്തോടെ പല ഗ്രാമങ്ങളും വൃദ്ധസദനങ്ങളും ദത്തെടുത്തു. നിരവധി മെഡിക്കല് വിദ്യാര്ത്ഥികള് മലയൊഴുക്കില്പ്പെട്ടു മരിച്ച ദിവസം മറ്റു കുറെ വിദ്യാര്ത്ഥികളെ രക്ഷപ്പെടുത്തിയ കല്ലാര് ഗ്രാമത്തെ ഇത്തരത്തില് ദത്തെടുത്തിരുന്നു. തിരുവനന്തപുരത്തെ ചാക്കയിലെ വൃദ്ധ സദനവും ദത്തെടുത്തിരുന്നു.
പ്രധാന അവാര്ഡുകള്: തിരുവനന്തപുരത്ത് ഐഎംഎ യുടെ സെക്രട്ടറി ആയിരുന്നപ്പോള് ആരോഗ്യപദ്ധതികളുടെ നടത്തിപ്പിന്റെ അടിസ്ഥാനത്തില് 1995-ല് രാജ്യത്തെ ഏറ്റവും നല്ല പ്രകടനം കാഴ്ചവചതിന് ദേശീയ അവാര്ഡ് ലഭിച്ചു. 2005 -ല് ഐഎംഎ യുടെ ഏറ്റവും പ്രധാനപ്പെട്ട ‘രാന്ബാക്സി – ഐഎംഎ അവാര്ഡ്’ ലഭിച്ചു. രാജ്യത്തെ ക്ഷയരോഗ നിയന്ത്രണത്തില് വഹിച്ച പങ്കിനെ മാനിച്ചായിരുന്നു ഈ അവാര്ഡ്. 2012-ല് ഐ.എം.എ യുടെ തന്നെ ‘ഡോ: മേന്ദ മേമോറിയല് അവാര്ഡ്’ ലഭിച്ചു. അന്തര്ദേശീയതലത്തില് ആരോഗ്യരംഗത്ത് നടത്തുന്ന പ്രവര്ത്തനങ്ങളെ പരിഗണിച്ചായിരുന്നു ഈ അവാര്ഡ്. 2001-ല് ഏറ്റവും നല്ല ടെലിവിഷന് ആരോഗ്യപരിപാടിയുടെ അവതാരകനുള്ള അവാര്ഡ് ലഭിച്ചിരുന്നു. പോളിയോ രോഗ നിര്മാര്ജന രംഗത്തെ പ്രവര്ത്തനങ്ങള്ക്ക് 1998 -ല് റോട്ടറിയുടെ അവാര്ഡ് ലഭിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ അന്തര്ദേശീയ പ്രവര്ത്തനങ്ങളുടെ ഭാഗമായി എണ്പതിലധികം രാജ്യങ്ങള്സന്ദര്ശിച്ചിട്ടുണ്ട്.
ഡോക്ടര് ലാല് നിരവധി ചെറുകഥകളും രണ്ടു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥയുടെ സമാഹാരം ‘ടിറ്റോണി’ പ്രസിദ്ധീകരിച്ചത് ഡി.സി. ബുക്ക്സ് ആണ്. എഴുത്തിലൂടെ ഫേസ്ബുക്കില് നിരന്തരം ഇടപെടല് നടത്തുന്ന ലാല് ബ്ലോഗറും ഫോട്ടോഗ്രാഫറും ആണ്. കഴിഞ്ഞ വര്ഷം വരെ അമേരിക്കന് തലസ്ഥാനമായ വാഷിങ്ടണ് ഡിസിയില് അമേരിക്കന് അന്താരാഷ്ട്ര ആരോഗ്യ സംഘടനയായ ഫാമിലി ഹെല്ത്ത് ഇന്റര്നാഷണലില് ക്ഷയരോഗ വിഭാഗത്തിന്റെ ചുമതലയുള്ള സാംക്രമിക രോഗ വിഭാഗം ഡയറക്ടര് ആയിരുന്നു. 2013 മുതല് 2018 വരെ അമേരിക്കയില് പാത്ത് എന്ന അന്തര്ദേശീയ സംഘടനയുടെ ക്ഷയരോഗവിഭാഗം ആഗോള ഡയറക്ടര് ആയിരുന്നു. 2013 -ല് അമേരിക്കയില് എത്തും മുന്പ് അഞ്ചുകൊല്ലം സ്വിറ്റ്സര്ലണ്ടിലെ ജനീവയില് ഗ്ലോബല് ഫണ്ട് ഉദ്യോഗസ്ഥനായിരുന്നു.
അതിന് മുമ്പ് പത്ത് വര്ഷം ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായിരുന്നു. കിഴക്കന് തിമോറിലും ഇന്ത്യയിലും ആണ് ലോകാരോഗ്യസംഘടനയുടെ വലിയ ഉത്തരവാദിത്വങ്ങള് ഉള്ള ഉദ്യോഗങ്ങളില് പ്രവര്ത്തിച്ചിരുന്നത്. ഭാര്യ ഡോ. എസ് സന്ധ്യ പൊതുജനാരോഗ്യ വിദഗ്ധയാണ്. യുഎന്ന്റെ ഭക്ഷ്യ-കാര്ഷിക സംഘടന, ലോക ബാങ്ക്, ലോകാരോഗ്യ സംഘടനാ തുടങ്ങിയ പ്രസ്ഥാനങ്ങളില് ദീര്ഘകാലം കന്സല്ട്ടന്റ് ആയിരുന്നു. മക്കളായ മിഥുന് ലാലും മനീഷ് ലാലും ഐടി രംഗത്ത് ജോലി ചെയ്യുന്നു. അച്ഛന് പരേതനായ വി സദാശിവന് (ചിറയിന്കീഴ് സ്വദേശി) ഹൈകോടതി അഭിഭാഷകനും അറിയപെടുന്ന സര്വീസ് സംഘടന നേതാവും നിരവധി പ്രമുഖ സംഘടനകളുടെ സ്ഥാപകനും ആയിരുന്നു. അമ്മ കെ ശ്രീമതി (ചിറതറ സ്വദേശിനി) ആരോഗ്യവകുപ്പില് ഉദ്യോഗസ്ഥയായിരുന്നു. സഹോദരി പരേതയായ അഭിഭാഷക എസ് എസ് ലാലി.
വിദ്യാഭ്യാസകാലഘട്ടം മുതലേ കോൺഗ്രസ് അനുഭാവിയും ,വിദ്യാർത്ഥി നേതാവുമായിരുന്നു ..കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി ആയിരുന്നു ..ഐയ്ക്യമുന്നണിയുടെയും ലാലിന്റെയും പരാജയത്തിൽ കേരളത്തിന് ശക്തനായ ഒരു ആരോഗ്യമന്ത്രിയെയാണ് നഷ്ടപ്പെട്ടത് ..ഇപ്പോൾ ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രെസിന്റെ സംസ്ഥാന പ്രെസിഡന്റായി പ്രവർത്തിക്കുന്നു .
മലയാളിക്കും ,പ്രത്യേകിച്ച് പ്രവാസി മലയാളികൾക്ക് അഭിമാനമായ ഈ ആഗോള പ്രതിഭക്കു ഈ വരുന്ന ശനിയാഴ്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് സ്വീകരണമൊരുക്കുന്നു കൂടാതെ അന്നേദിവസം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പ്രഥമ മീറ്റിങ്ങും നടത്തപ്പെടുന്നു .എല്ലാ ജനാധിപത്യ വിശ്വാസികൾക്കും സ്വാഗതം . ..