കോവിഡ് പ്രതിരോധരംഗത്ത് ഇന്ത്യയും യു എ ഇയും കൈകോർക്കുന്നു. കോവിഡ് വാക്സിനുകൾ എല്ലാരാജ്യങ്ങൾക്കും ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ ന്യൂഡൽഹിയിൽ ചർച്ച നടത്തി.
ഇന്ത്യ സന്ദർശിക്കുന്ന യു എ ഇ വിദേശകാര്യന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും തമ്മിലാണ് കോവിഡ് പ്രതിരോധരംഗത്ത് ഇരു രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയത്. കോവിഡിനെ നേരിടാൻ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതോടൊപ്പം എല്ലാ രാജ്യങ്ങൾക്കും കോവിഡ് വാക്സിൻ എത്തിക്കുന്നതിനും ഇന്ത്യയും യു എ ഇ ഒന്നിച്ച് പ്രവർത്തിക്കും.
യു എ ഇയും ഇന്ത്യയും തമ്മിൽ ദീഘകാലമായി നിലനിൽക്കുന്ന സൗഹൃദവും സഹകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും വിദേശകാര്യമന്ത്രി സംസാരിച്ചു. ഇന്ത്യക്കാരുടെയും യു എ ഇ ജനതയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് യു എ ഇ കൂടുതൽ ശ്രദ്ധപുലർത്തുമെന്ന് യു എ ഇ വിദേശകാര്യന്ത്രി ശൈഖ് അബ്ദുല്ല പറഞ്ഞു. ഡോ. ജയശങ്കർ ഒരുക്കിയ വിരുന്നിലും ശൈഖ് അബ്ദുല്ല പങ്കെടുത്തു. ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്നയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.