ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും ലോകത്തിനു തന്നെയും മാതൃകയായി മാറിയ നാടാണ് കേരളം . കേരളത്തിന്റെ കോവിഡ് പ്രതിരോധശൈലി കേന്ദ്രസർക്കാരും , ഇതര സർക്കാരുകളും പഠനവിഷയമാക്കിയ ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കോവിഡ് പ്രതിരോധത്തിൽ സകല വേലിക്കെട്ടുകളും പൊട്ടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ സർക്കാർ പകച്ച് നിൽക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. കൃത്യമായി നടക്കുന്ന ഒരു കാര്യം മുഖ്യ മന്ത്രിയുടെ വീമ്പു പറച്ചിൽ മാത്രമാണ്. രോഗം കൂടിയാലും കുഴപ്പമില്ല മറിച്ച് മരണം കുറവാണ് എന്നാണ് മുഖ്യമന്ത്രിയുടെ ആശ്വാസം. ഇത് പക്ഷേ സർക്കാരിന്റെ നേട്ടമാണെന്ന് പറയാൻ കഴിയില്ല. കേരളത്തിലെ ജനങ്ങളുടെ വിവേചനശക്തിയും , സംസ്കാരവും തന്നെയാണ് മരണനിരക്ക് കുറയാൻ കാരണം.
ഇന്ന് വർത്തമാന പത്രങ്ങളിലും ചാനലുകളിലും നാം കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ഭൂഷണമല്ല. കോവിഡ് ചികിത്സയ്ക്കായി ബന്ധുക്കൾ വിശ്വസിച്ച് ഏൽപ്പിച്ച വൃദ്ധനായ പിതാവിനെ ദേഹമാസകലം പുഴുവരിച്ച അവസ്ഥയിൽ തിരികെ ഏൽപ്പിച്ചത് ഡൽഹിയിലോ തമിഴ്നാട്ടിലോ ഒന്നും അല്ല മറിച്ച് സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. അഡ്മിറ്റ് ചെയ്ത സമയത്ത് ശരീരത്തിലുണ്ടായിരുന്ന ഡയപ്പർ പോലും മാറ്റാതെയാണ് ഈപിതാവിനെ പതിനാല് ദിവസത്തിനുശേഷം തിരികെ ഏൽപ്പിച്ചത്എന്നോർക്കുമ്പോൾ നാണം കെട്ട് തല കുനിക്കേണ്ടി വരും. ഇതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. ആരോഗ്യപ്രവർത്തകരുടെ സംഘടനാശക്തിക്കുമുൻപിൽ സർക്കാരിന് തല കുനിക്കേണ്ടി വന്നു.
ചികിത്സാ പിഴവിന് പേരെടുത്ത ആശുപത്രിയായി കളമശേരി മെഡിക്കൽ കോളേജ് മാറി കഴിഞ്ഞു. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഓക്സിജൻ നൽകാതെ ഒരാൾ പിടഞ്ഞു മരിക്കേണ്ടി വന്ന സാഹചര്യം ഒരിക്കലും പൊറുക്കാനാവില്ല. സത്യാവസ്ഥ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ ഡോ.നജ്മയെ അവഹേളിക്കുന്നതിനും പ്രതിയാക്കി ചിത്രീകരിക്കുവാനുമാണ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ആളുകൾ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ ഒറ്റപ്പെട്ട സംഭവം അല്ല. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മക്കൾ വിശ്വസിച്ച് ഏൽപ്പിച്ച ഉപ്പയുടെ രോഗവിവരം അന്വേഷിക്കുമ്പോൾ ഭേദമായി എന്ന് മറുപടി നൽകുകയും അത് വിശ്വസിച്ച മക്കൾ കണ്ടത് അകലെയുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഞ്ജാത മൃതദേഹമായി കിടക്കുന്ന ഉപ്പയെ ആണ്.
മഞ്ചേരി മെഡിക്കൽ കോളേജിൽ അധികൃതരുടെ അനാസ്ഥകൊണ്ട് ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകയുടെ ഇടനെഞ്ച് പൊട്ടിയുള്ള കരച്ചിൽ പ്രബുദ്ധകേരളത്തിനേറ്റ കനത്ത മുറിവ് തന്നെയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാറിപോകുന്ന അവസ്ഥ പല തവണ കേരളത്തിലുണ്ടായി. ദഹിപ്പിച്ചുവെന്ന് അധികൃതരിൽ നിന്നും അറിയിപ്പ് കിട്ടിയയാളുടെ ഭാര്യ മതാചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തീകരിക്കുമ്പോഴാണ് മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ ഇരിക്കുന്നുവെന്ന് അറിയിക്കുന്നത്. ഇതിന്റെ പേരല്ലേ അനാസ്ഥ.
കൃത്യമായി രോഗികളുടെയും രോഗം ഭേദമായവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ ശേഖരിക്കുകയും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറി പോകാതെ യഥാർത്ഥ ഉടമസ്ഥരെ ഏൽപ്പിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമായി കാണാൻ കഴിയില്ല. അതിനുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കേരളത്തിലുണ്ട്. അത് ചെയ്യാനുള്ള ആർജ്ജവമാണ് വേണ്ടത്. മനുഷ്യർ വോട്ടുചെയ്യാനുള്ള വെറും ഒരു ഉപകരണമാണെന്നുള്ള ചിന്തയാണ് രാഷ്ട്രീയക്കാർ മാറ്റേണ്ടത്. പൗരനെ ബഹുമാനിക്കുവാനും അവന്റെ അവകാശങ്ങൾ അംഗീകരിക്കുവാനും കഴിയണം. വെറുതെ വീമ്പു പറഞ്ഞിട്ട് കാര്യമില്ല പ്രവർത്തിയിലാക്കുകയാണ് വേണ്ടത് മാതൃകാപരവും ദീർഘവീക്ഷണവുമുള്ള പ്രവർത്തനമേ നാടിനെ മുന്നോട്ട് നയിക്കൂ…!!!