സ്വിറ്റ്സർലണ്ടിലെ ആറാവു പ്രവിശ്യയിലുള്ള മലയാളി കാത്തലിക് കമ്മ്യൂണിറ്റി, എല്ലാവർഷവും നടത്തിവരുന്ന നിത്യ സഹായ മാതാവിന്റെ തിരുനാൾ, ഈ വർഷവും ഭക്ത്യാദരപൂർവ്വം ആചരിച്ചു. ആറാവ് നഗരത്തിന് അടുത്തുള്ള ബുക്സ് സെൻറ്. യോഹന്നാസ് ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്.
മെയ് മാസം 8 ന് ഞായറാഴ്ച വൈകുന്നേരം 5നു ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരുന്നു. ഫാദർ സിറിൾ മലമാക്കലും , ഫാദർ ബിൻറ്റോ കോയിക്കരയും തിരുനാൾ തിരുക്കർമ്മ ശുശ്രൂഷകളിൽ കാർമ്മികരായിരുന്നു.ഫാദർ ബിൻറ്റോ കോയിക്കര തിരുനാൾ സന്ദേശം നൽകി. പരിശുദ്ധ അമ്മയുടെ തിരുനാളും ലോക മാതൃദിനവും സംയുക്തമായി ആഘോഷമാക്കുന്നതിലൂടെ മാതൃസ്നേഹത്തിൻ്റെ ഉദാത്തമായ പ്രതിഫലനമാണ് നാം കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
സാമുവൽ കണ്ണൂക്കാടൻ്റെ നേതൃത്വത്തിൽ ഗായകസംഘം ഗാനങ്ങൾ ആലപിച്ചപ്പോൾ പുതുതലമുറയിൽ നിന്നും ജോസഫ് കണ്ണൂക്കാടൻ മനോഹരമായി കീ ബോർഡ് കൈകാര്യം ചെയ്തത് ശ്രദ്ധേയമായി. മാതൃദിനത്തിന്റെ ഭാഗമായി എല്ലാ അമ്മമാരേയും പൂക്കൾ നൽകി ആദരിച്ചതിനൊപ്പം രുചികരവും വിഭവസമൃദ്ധവുമായ ചായ സൽക്കാരവും ഒരുക്കിയിരുന്നു. റീത്തുകളും ആരാധനാ ക്രമങ്ങളും അതിർവരമ്പുകൾ സൃഷ്ടിക്കാതെ ആറാവ് മലയാളി കാത്തലിക്ക് കമ്മ്യൂണിറ്റി 29 വര്ഷം പിന്നിടുമ്പോൾ പ്രാദേശിക വിശ്വാസ സമൂഹങ്ങൾക്കും മാതൃക ആകുകയാണ്.