സൂറിച് : ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എയിംന ( An International Malayalee Nurses Assembly ) ഒരു ദശാബ്ദത്തിനു മുന്പാണ് തുടക്കമിട്ടത് ഇതിനോടകം ഇരുപത്തിയെട്ടു രാജ്യങ്ങളിൽ ശാഖകളായി കഴിഞ്ഞിരിക്കുന്ന എയിംനയ്ക്കു സ്വിറ്റസർലണ്ടിലും തുടക്കമായി .. സംഘടനാ ,സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചു ഇതിനോടകം സംഘാടകമികവ് തെളിയിച്ച ശ്രീമതി ജിജി പ്രിൻസാണ് സ്വിറ്റസർലണ്ടിൽ ഈ കൂട്ടായ്മക്ക് നായകത്വം വഹിക്കുന്നത് .കൂടാതെ സ്വിറ്റസർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ഏതാനും പേർ ഗ്രൂപ്പിന്റെ അഡ്മിൻമാരായും പ്രവർത്തിക്കുന്നു . വാട്ടസ്ആപ് കൂട്ടായ്മയോടെ കഴിഞ്ഞദിവസം തുടങ്ങിയ എയിംന സ്വിറ്റ്സർലൻഡ് യൂണിറ്റിന് സ്വിസ്സ് മലയാളീ നഴ്സിംഗ് സമൂഹത്തിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത് .
2012- ആഗസ്റ്റ് മാസം 27-നാണ് എയിംന ഗ്രൂപ്പിന്റെ ആരംഭം.ആൾ ഇന്ത്യ മലയാളി നഴ്സസ് അസോസിയേഷൻ എന്നായിരുന്നു എയിംനയുടെ ആദ്യ പേര് എന്നാൽ എയിംനയിൽ ലോകമെമ്പാടുമുള്ള മലയാളി നഴ്സസ് ഗ്രൂപ്പ് മെമ്പേഴ്സ് ആകുകയും അസോസിയേഷൻ എന്ന പേര് ആളുകൾ തെറ്റിദ്ദരിക്കപ്പെടാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ആൻ ഇന്റർനാഷണൽ മലയാളി നഴ്സസ് അസ്സംബ്ലി എന്ന് പുനർ നാമകരണം ചെയ്തു.
നഴ്സ്സുമാരുടെ സർഗ്ഗാത്മ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി ഡൽഹിയിൽ, നഴ്സിംഗ് ഓഫീസറായ ശ്രീ: സിനു ജോൺ കറ്റാനമാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. നഴ്സിംഗ് ഓഫീസർമാരായ ശ്രീ :ഷാനി റ്റീ മാത്യു, ശ്രീ :മാർട്ടിൻ സെബാസ്റ്റ്യൻ തയ്യിൽ എന്നിവരും അദ്ദേഹത്തോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു.ശ്രീ: മാത്യു വർഗീസ്, ശ്രീ: ജിതിൻ തോമസ് എന്നിവരുൾപ്പെടുന്ന ഉപദേശക സമിതി അംഗങ്ങളും അവർക്കൊപ്പം ഉണ്ട്.
ഈ കൂട്ടായ്മ കക്ഷി- മത- രാഷ്ട്രീയ- ഭേദമെന്യേ മുഖപക്ഷമില്ലാതെ വർത്തിക്കുന്നുവെന്നത് തികച്ചും സ്വാഗതാർഹമാണ്. സ്വാർത്ഥരഹിതമായ അർപ്പണബോധത്തോടെ, നഴ്സുമാരുടെ നന്മയും ഉന്നമനവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് കൂട്ടായ്മയ്ക്ക് ചുക്കാൻ പിടിച്ചിരിക്കുന്നത്. അവർ എയിംനയുടെ മുതൽക്കൂട്ടെന്ന് പറയാതെ വയ്യ.
നഴ്സിങ് മേഖലയിൽ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ സത്യസന്ധമായി എല്ലാ നഴ്സസിലേക്കും എത്തിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ഗ്രൂപ്പിലെ മലയാളി നഴ്സസിന്റെ കലാ സാഹിത്യ മേഖലയിലെ മികവുകൂടി പുറംലോകത്തേക്കെത്തിക്കുവാനുള്ള ശ്രെമംകൂടി ആയിരുന്നു പിന്നീട് കൂട്ടായ്മയുടെ ലക്ഷ്യം . കോളേജ് വിദ്യാഭ്യാസം കഴിഞ്ഞാൽ നഴ്സസിന് അവരുടെ കഴിവുകൾ ഉണർത്താൻ ഒരു സ്ഥിരം വേദി ഇല്ലെന്ന തിരിച്ചറിവ് എയിംനയെ അത്തരത്തിൽ മാറ്റുവാൻ എങ്ങിനെ കഴിയുമെന്ന് സംഘാടകർ ചിന്തിക്കുകയുണ്ടായി. കൂടാതെ ഡ്യൂട്ടി സ്ട്രെസിൽ നട്ടം തിരിയുന്ന മലയാളി നഴ്സസിന് മാനസിക ഉല്ലാസത്തിനുള്ള ഒരു വേദി കൂടിയാണ് എയിംനയിൽ ഒരുക്കിയത്.ആ കാരണം കൊണ്ടാകാം എയിംനയെ ലോകമെമ്പാടുമുള്ള നഴ്സസ് ഹൃദയത്തിൽ തന്നെ സ്വീകരിച്ചത്.
ഇവിടെ, സ്വിറ്റ്സർലൻഡിലെ നഴ്സുമാരുടെ ആവശ്യങ്ങൾക്കായി ഒരുമിക്കുന്നതോടൊപ്പം പിറന്ന നാടിൻ്റെ മാറ്റങ്ങൾക്കായും ആവും വിധം എയിംനയുടെ അമരക്കാരൻ സിനുവിനും മറ്റ് അംഗങ്ങൾക്കുമൊപ്പം കൈകോർക്കുവാൻ സ്വിറ്റസർലണ്ടിലെ മലയാളികളായ എല്ലാ നഴ്സുമാർക്കും തടസ്സങ്ങളൊന്നു മില്ലാതെ, തീർത്തും സൗജന്യമായി ഈ ഗ്രൂപ്പിൽ അംഗങ്ങളാകാമെന്നു ശ്രീമതി ജിജി പ്രിൻസ് അഭിപ്രായപ്പെട്ടു.എയിംനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഓരോരുത്തരുടേയും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടും, അംഗങ്ങളാകുവാൻ താല്പര്യപ്പെടുന്നവർ +41 78 914 08 87 ഈ വാട്ടസ്ആപ് നമ്പറിൽ ടെക്സ്റ്റ് ചെയ്യുകയോ ,വിളിക്കുകയോ ചെയ്യാവുന്നതാണ് ..
കൂട്ടായ്മയുടെ പൊതുവായ തീരുമാനപ്രകാരം ഇന്റർനാഷണൽ നഴ്സിംഗ് ദിനമായ മെയ് 12 നു വിപുലമായ പരിപാടികളോടെ സൂറിച്ചിൽ ഒത്തുചേരുവാനും തീരുമാനിച്ചു . .