സ്വാഗതപാനീയം, കുശാലായ ഉച്ചഭക്ഷണം, നാലുമണിക്കുള്ള കാപ്പി കടി, മ്യൂസിങ്ങളിലെ പ്രവേശന ഫീസ്, യാത്രയിൽ ഉടനീളം ഗൈഡ് എന്നിവ അടങ്ങിയ പാക്കേജാണ് ഞങ്ങൾ മുസരിസ് വിനോദയാത്രക്കായ് തെരഞ്ഞെടുത്തത്. ഈ യാത്രയുടെ ആരംഭവും അവസാനവും ഒന്നുകിൽ വടക്കൻ പറവൂർ ജെട്ടിയിൽ നിന്നോ അല്ലെങ്കിൽ കോട്ടപ്പുറം ജെട്ടിയിൽ നിന്നോ ആകാം. ഏത് ജെട്ടിയിൽ നിന്ന് യാത്ര ആരംഭിക്കണമെന്നത് സഞ്ചാരികളുടെ ഇഷ്ടം. ഈ യാത്രയിലെ രസകരമായ പല കാഴ്ചകളും ഇതിനു മുൻപേ പലഭാഗങ്ങളായി പങ്കുവച്ചിരുന്നു.
പെരിയാറിന്റെ അഴിമുഖവും, കോട്ടപ്പുറംകോട്ടയും, സഹോദരൻ അയ്യപ്പൻ സ്മാരകവും കണ്ടു കഴിഞ്ഞപ്പോൾ സമയം ഉച്ചയായി. ഇനി അന്നവിചാരം മുന്നവിചാരം. പിന്നെ വിചാരം കാര്യവിചാരം. ഈ യാത്രയിലെ മറ്റൊരു ഹൈലൈറ്റാണ് സേവ്യർചേട്ടന്റെ ലഞ്ച്. റെസ്റ്റോറന്റിന്റെ പുഴയോര ആമ്പിയൻസും ഫുഡും അതി വിശിഷ്ടം. സേവ്യർചേട്ടന്റെ വീട്ടിൽ തയ്യാറാക്കുന്ന ഫുഡ് അതിഥികൾക്ക് സ്നേഹത്തിൽ ചാലിച്ച് സ്വന്തം കൈയ്യ് കൊണ്ട് വിളമ്പി, അടുത്തിരുന്ന് ഊട്ടുമ്പോൾ ഭക്ഷണത്തിന് എന്തോ പ്രത്യേക സ്വാദാണ്. ടൂർ ഓപ്പറേറ്റേഴ്സ് തന്നിരിക്കുന്ന മെനുവിന് പുറത്ത് സ്പെഷ്യലായി എന്തെങ്കിലും ഐറ്റം വേണമെങ്കിൽ തലേദിവസം നേരേത്തേ വിളിച്ച് പറഞ്ഞാൽ സേവ്യറേട്ടൻ തയ്യാറാക്കിത്തരും. അതിന്റെ മാത്രം ചാർജ് വേറെ കൊടുത്താൽമതി. കോട്ടപ്പുറം ജട്ടിയും പരിസരങ്ങളും നല്ല വൃത്തിയോടെ പരിപാലിക്കുന്നുണ്ടെന്ന് കണ്ടാലറിയാം. ഊണുകഴിഞ്ഞ് ഞങ്ങൾ നേരേ പോയത് പള്ളിപ്പുറത്തേക്കാണ്.
പള്ളിപ്പുറം പള്ളിയോട് അടുക്കുമ്പോൾ കടവിൽ ഒരു ബോട്ട് വെഞ്ചിരിക്കുന്നു. വെള്ളത്തിൽ കിടക്കുന്ന ബോട്ടിനെ വെള്ളം തളിച്ച് ആശീർവദിക്കുന്നത് ആദ്യമായി കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. കേരളത്തിലെ എട്ടാമത്തെ കത്തോലിക്ക ബസിലിക്കയാണ് പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയം. 1503 ൽ പോർച്ചുഗീസുകാർ സാമൂതിരിയുടെ ആക്രമണത്തെ തടയാൻ വേണ്ടി അയക്കോട്ട എന്ന പേരിൽ കോട്ട നിർമ്മിച്ചു. ആ കോട്ടയ്ക്ക് തെക്കു ഭാഗത്തായി പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു ദേവാലയവും സ്ഥാപിച്ചതോടെയാണ് ഈ പ്രദേശത്തിന് പള്ളിപ്പുറം എന്ന പേരു കിട്ടിയതെന്ന് കരുതപ്പെടുന്നു.
ഈ പള്ളി മഞ്ഞുമാതാവിന്റെ പള്ളി എന്ന പേരിൽ അറിപ്പെടാൻ തുടങ്ങിയതിന് പിന്നിൽ നൂറ്റാണ്ടുകളായി ഈ ദേശത്തുകാർ വിശ്വസിച്ചുപോരുന്ന ഒരു സത്യമുണ്ട്. 1790 ൽ കോട്ടപ്പുറംകോട്ടയും, കുര്യാപ്പിള്ളി കോട്ടയും തകർത്ത് കൊച്ചിയുടെ അതിർത്തി കടന്ന് ടിപ്പുവും സൈന്യവും കൊടുങ്ങല്ലൂർ തുറമുഖത്ത് എത്തി. ടിപ്പുവിന്റെ പടയുടെ മൃഗീയമായ കൊള്ളയും കൊലയും, ബലാൽക്കാരങ്ങളും, ഒന്നും അവശേഷിപ്പിക്കാതെയുള്ള തച്ചുതകർക്കലും ഭയന്ന് ഗ്രാമവാസികളെല്ലാം സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ച് പള്ളിപ്പുറത്തെ മാതാവിന്റെ ദേവാലയത്തിൽ അഭയംതേടി. ഊണും ഉറക്കവും ഉപേക്ഷിച്ച് അവർ മുട്ടിപ്പായി മാതാവിനോട് അപേക്ഷിച്ചു. മുന്നോട്ടുള്ള തന്റെ പടയോട്ടത്തിന് വിലങ്ങുതടിയായി നിലകൊള്ളുന്ന പള്ളിപ്പുറം പള്ളിയും കോട്ടയും തകർക്കുവാൻ ടിപ്പുവും തീരുമാനിച്ചു.
വിശ്വാസികളായ തന്റെ മക്കളുടെ കൂട്ടക്കരച്ചിലും പ്രാർത്ഥനയും കേട്ട് സ്നേഹനിധിയായ ദൈവമാതാവ് അവരെ സംരക്ഷിക്കുന്നതിനായി പള്ളിപ്പുറംപള്ളിയും കോട്ടയും ആ പ്രദേശമാകെയും മൂടൽ മഞ്ഞിനാൽ മൂടി അദൃശ്യമാക്കി. അകലെ അറബിക്കടലിൽ നങ്കൂരമിട്ട പടക്കപ്പലുകളിലെ സൈനികരെ ഇത് വല്ലാതെ അമ്പരപ്പിച്ചു. മഞ്ഞുമറ മാറി കിട്ടാൻ അവർ ദിവസങ്ങൾ കാത്തിരുന്നിട്ടും ഫലമില്ലാതായപ്പോൾ അലക്ഷ്യമായി തുരുതുരെ വെടികളുതീർത്ത് നിരാശയോടെ ടിപ്പുവും സൈന്യവും മടങ്ങിപ്പോയി. മഞ്ഞുപുതപ്പിനാൽ മൂടി ടിപ്പുവിന്റെ ക്രൂരതയിൽ നിന്നും തങ്ങളേയും നാടിനേയും രക്ഷിച്ച മാതാവിനെ അന്നു മുതൽ മഞ്ഞുമാതാവ് എന്നു വിളിക്കാൻ തുടങ്ങി. ഇന്നും നാനാജാതി മതസ്ഥാരായ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ മദ്ധ്യസ്ഥയും അഭയകേന്ദ്രവുമാണ് പള്ളിപ്പുറത്തെ പരിശുദ്ധ മഞ്ഞുമാതാവ്.
അങ്ങ് അകലേയ്ക്ക് കൈയ്ചൂണ്ടി ഗൈഡ് വൈശാഖ് പറഞ്ഞു; ദാ ആ കാണുന്നതാണ് യേശുക്രിസ്തുവിന്റെ ശിഷ്യൻമാരിൽ ഒരാളായ സെന്റ്. തോമസ് കേരളത്തിൽ നിർമ്മിച്ച ഏഴരപള്ളികളിൽ ആദ്യത്തെ പള്ളി. ഇന്ത്യയിൽ ക്രിസ്തുമതത്തിന്റെ ഉത്ഭവം ഇവിടെ നിന്നാണ് എന്നാണ് വിശ്വാസം.
യൂറോപ്യൻരീതിയിലാണ് പള്ളിയുടെ നിർമ്മിതി. തൃശ്ശൂർ ജില്ലയിലെ അഴീക്കോട് സ്ഥിതി ചെയ്യുന്ന ഈ പള്ളി ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ഈ ദേവാലയത്തിൽ തോമാശ്ലീഹായുടെ വലതുകരത്തിന്റെ അസ്ഥി പ്രതിഷ്ഠിച്ചുണ്ട്. ജാതിമതഭേദമന്യേ ധാരാളം ആളുകൾ സന്ദർശിക്കുന്ന ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ് അഴിക്കോട്ടെ ഈ മാർത്തോമ്മ ദേവാലയം.
തൃശ്ശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴിക്കോട് മുനമ്പം ജങ്കാറും കടന്ന് ഞങ്ങൾ പാലിയം കൊട്ടാരം ലക്ഷ്യമാക്കി നീങ്ങി. പാലിയം ജട്ടിയിൽ ഇറങ്ങി. സിനിമിയിലൊക്കെ കാണുന്നപോലത്തെ ഒരുപാലവും കടന്ന് നാട്ടുവഴികളിലൂടെ അല്പം നടന്നാൽ കൊട്ടാരത്തിൽ എത്താം. കൊട്ടാരവും പരിസരപ്രദേശങ്ങളും ചുറ്റികണ്ടു. എല്ലാം നല്ല വൃത്തിയോടെ പരിപാലിക്കുന്നുണ്ട്. ഒരു കുഴപ്പം മാത്രം കൊട്ടരത്തിനകത്ത് വീഡിയോ, ഫോട്ടോയോ എടുക്കാൻ അനുവദിക്കില്ല. എന്താ കാരണം എന്ന് അവർക്കും വ്യക്തമല്ല.
മടക്കയാത്രയിൽ 88- ഓളം കുടുംബങ്ങൾ താമസിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും ചെറിയ ദ്വീപായ സത്താർ ഐലന്റും, പിന്നെ ഗോതുരുത്ത്, പനമ്പിള്ളി തുരുത്ത്, വലിയ പണിക്കൻ തുരുത്ത് അങ്ങനെ കുറെ തുരുത്തുകൾക്കിടയിലൂടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ കൈവഴികളിലൂടെയുള്ള മുസിരിസ് യാത്ര എന്റെ കേരളം എത്ര സുന്ദരമാണെന്നും കേരളപ്പഴമയുടെ പെരുമ എത്ര വലുതാണെന്നും നേരിട്ട് കണ്ട് മനസ്സിലാക്കുവാൻ ഞങ്ങൾക്കായി.
മുസിരിസ് യാത്രക്ക് ബന്ധപ്പെടുവാൻ:
+91 90208 64649
9745964649
muziris@keralatourism.org