കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട്ട് തീരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഫലപ്രദമായ ക്യാംപയിന്‍ ഇപ്പോള്‍ മലയാളത്തിലെ യുവ താരങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ യുവ താരങ്ങളായ പൃഥിരാജ്, ടോവിനോ, സണ്ണി വെയ്ന്‍ എന്നിവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുന്‍പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് ആലപ്പാട് സമരം ചെയ്യുന്ന സമരസമിതിയുടെ ആവശ്യം. ഖനനത്തിനെതിരെയുള്ള സമരം 68 ദിവസം പിന്നിട്ടിട്ടുണ്ട്.
കൊല്ലം ആലപ്പാട്ടെ ജനത നടത്തുന്ന സമരം കാണാതിരിക്കാനാവില്ലെന്ന് ടോവിനോ തോമസ് പറഞ്ഞു. കേരളം ഈ വിഷയം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ആലപ്പാടിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹാഷ് ടാഗുകള്‍ കണ്ടു. ഇത് കേരളത്തിന്റെ മുഖ്യധാരാ പ്രശ്‌നമായി കാണേണ്ടതുണ്ടെന്നും ടോവിനോ പറഞ്ഞു. കൊല്ലത്തു നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ആലപ്പാടിനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ടോവിനോ പറഞ്ഞത്.
ടോവിനോയ്ക്ക് പിന്നാലെ തന്നെ നടന്‍ സണ്ണി വെയ്‌നും പിന്തുണയറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ആലപ്പാടിനെ സംരക്ഷിക്കാന്‍ വീഡിയോയിലൂടെയാണ് സണ്ണി പിന്തുണ അറിയിച്ചത്. ആലപ്പാടിനെ രക്ഷിക്കാനുള്ള ക്യാംപയ്‌നില്‍ താനും പങ്കുചേരുന്നുവെന്ന് അറിയിച്ചാണ് സണ്ണി വീഡിയോ പങ്കുവെച്ചത്.
‘പ്രളയത്തില്‍പ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിത്തിരിച്ചവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. പ്രത്യേകിച്ച് ആലപ്പാട് തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളികള്‍. ഇന്ന് ആ തീരദേശ ഗ്രാമം വലിയൊരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നമ്മളെല്ലാവരുടെയും ശബ്ദം അവര്‍ക്കുവേണ്ടി ഉയര്‍ത്തേണ്ടിയിരിക്കുന്നു. ഞാന്‍ അവരോടൊപ്പം ചേരുന്നു. നിങ്ങളുമുണ്ടാകുന്നുവെന്ന് പ്രതീക്ഷിക്കുന്നു, കരിമണല്‍ ഖനനം നിര്‍ത്തി വെച്ച് ആലപ്പാടിനെ രക്ഷിക്കൂ’; സണ്ണി വെയ്ന്‍ പറഞ്ഞു.