Movies

പ്രഭാസിന്‍റെ സാഹോ തമിഴ് റോക്കേഴ്സ് ചോര്‍ത്തി ഇന്‍റര്‍നെറ്റിലിട്ടു

ബാഹുബലിക്ക് ശേഷം തിയേറ്ററിലെത്തിയ പ്രഭാസിന്‍റെ ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രം നിമിഷങ്ങള്‍ക്കകം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. തമിഴ് റോക്കേഴ്‌സാണ് ചിത്രം ചോര്‍ത്തിയത്.

സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ പൈറസിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടും തമിഴ് റോക്കേഴ്സ് സിനിമ ചോര്‍ത്തല്‍ തുടരുകയാണ്. ഓണ്‍ലൈന്‍ പൈറസി നിയന്ത്രിക്കാന്‍ കഴിയാത്തത് വലിയ വെല്ലുവിളിയായാണ് സിനിമാ പ്രവര്‍ത്തകര്‍ കാണുന്നത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് സാഹോ പുറത്തിറങ്ങിയത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. ശ്രദ്ധാ കപൂറാണ് ചിത്രത്തിലെ നായിക. ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുജിത്താണ് സംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചത്.