India News

മോദിയല്ല,മോദിയുടെ പിതാവായാലും പോകേണ്ടി വരും

പട്‌ന: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വോട്ട് കൊള്ള നടത്തിയ നരേന്ദ്ര മോദി ജയിലില്‍ പോകേണ്ടി വരുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പട്‌നയില്‍ നടന്ന പൊതുപരിപാടിക്കിടെ ആയിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന. സദസ്സിലുണ്ടായിരുന്ന ബിജെപി അനുകൂലികള്‍ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുകയും മോദി എവിടെയും പോകില്ലെന്നും പറഞ്ഞു. (Mallikarjun kharge controversial statement against narendra modi)

ഇതില്‍ പ്രകോപിതനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയല്ല മോദിയുടെ അച്ഛനായാലും ജയിലില്‍ പോകേണ്ടി വരുമെന്ന് പറഞ്ഞു. ബഹളം വെച്ച ബിജെപി അനുകൂലിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സദസ്സില്‍ നിന്ന് പുറത്താക്കി. ഖാര്‍ഗെയുടെ പരാമര്‍ശത്തിന് എതിരെ ബിജെപി രംഗത്ത് എത്തി. കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഭാഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രയോഗിക്കുന്നു എന്ന് തിരിച്ചടിച്ച ബിജെപി രാഹുല്‍ ഗാന്ധി വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും മോശമായി പ്രവര്‍ത്തിക്കാറുണ്ട് എന്ന് കുറ്റപ്പെടുത്തി. സോണിയ ഗാന്ധി മോദിയെ പുറത്താക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും നടക്കാത്തത് കൊണ്ട് ഇപ്പൊള്‍ രാഹുല്‍ ഗാന്ധി ആ സ്വപ്നവുമായി ലോകം ചുറ്റുകയാണ് എന്നും ബിജെപി പരിഹസിച്ചു.

ഖാര്‍ഗെ മര്യാദകളുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുന്‍പും മോദിയ്ക്കും കുടുംബത്തിനെതിരെയും മോശമായ ഭാഷ പ്രയോഗിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മര്യാദയുടെ അതിരുകള്‍ ലംഘിക്കുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അജണ്ട അപവാദ പ്രചാരണങ്ങള്‍ക്ക് ജനം ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.