ഡൽഹി: CJP നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
ജന്തർ മന്തറിലേക്ക് പ്രതിഷേധത്തിനായി എത്തുന്നതിനിടെ സർക്കാർ ഉത്തരവ് ലംഘിച്ചെന്ന കേസിലാണ് നടപടി. ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നേതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധം നടത്തില്ലെന്ന് ഉറപ്പുനൽകിയും മാപ്പുപറഞ്ഞുമാണ് അശുതോഷ് റാങ്കയും സൗരവ് ദാസും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇരുവരും തിഹാർ ജയിലിൽ നിന്ന് മോചിതരായത്.
ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും ഇരുവരും കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ, ജന്തർ മന്തറിന് പുറത്ത് മറ്റൊരു വേദി കണ്ടെത്തി CJP പ്രതിഷേധം തുടരുമോ എന്നതാണ് ശ്രദ്ധേയമാകുന്നത്. തുടർ സമരങ്ങളെക്കുറിച്ചുള്ള ആലോചനകൾ തുടരുകയാണെന്ന് നേതാക്കൾ അറിയിച്ചു.
