India News

മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം. ഡൽഹിയിൽ ഇടത് വിദ്യാർഥി സംഘടനകളും എസ്ഐആർ വിരുദ്ധ മുന്നണിയും പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് നടത്തും. അതിനിടെ ഈ മാസം 28 ന് ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യ മുന്നണി ഒരുങ്ങുകയാണ്.

നടൻ പ്രകാശ് രാജും പ്രശാന്ത് ഭൂഷണും ഇടത് സംഘടനകളും സംയുക്തമായി രൂപീകരിച്ച പീപ്പിൾസ് എഗെയ്ൻസ്റ്റ് എസ്ഐആർ എന്ന കൂട്ടായ്മയുടെ പേരിലാണ് ഇന്നത്തെ പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിൽ പങ്കെടുക്കുണ്ട്. സിജെപി നേതാക്കൾക്കും നേഹ ബോറയ്ക്കും ക്ഷണമുണ്ടെങ്കിലും പങ്കെടുത്തേക്കില്ല. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകർ പ്രതിഷേധത്തിൻ്റെ ഭാഗമാകും.

ചെന്നൈ എഗ്മോറിൽ പോലീസ് നടപടിയ്ക്ക് ശേഷവും യുവജന വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. അടുത്തമാസം ഒന്നിന് നിശ്ചയിച്ച സംയുക്ത റാലിക്ക് മുന്നോടിയായി പിന്തുണ വർധിപ്പിക്കുന്നതിന് ഈമാസം 28 ന് ഇന്ത്യ മുന്നണി ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്മെൻ്റിന് ഒരുങ്ങുകയാണ്. പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും വിദ്യാർഥി പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമാകും. അതിനിടെ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിനെതിരെ നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷിയും സുഖ്ബീർ സിങ് സന്ധുവും ക്യാബിനറ്റ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. നടപടി എടുക്കുന്നത് , അനുചിതവും സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിൻറെ പ്രവർത്തനത്തിൽ കൈകടത്തുന്നതായി കണക്കാക്കുന്നതും ആകും എന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. വിവരാകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.