Local

വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി. സ്ഥിരമായി വേട്ട നടത്തി ഇടുക്കി, കോട്ടയം ജില്ലകളിൽ ഇറച്ചി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നും വനം വകുപ്പ് കണ്ടെത്തി. ( vandiperiyar four hunters under custody )

മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വേട്ടയാടിയ 120 കിലോ മ്ലാവിന്റെ ഇറച്ചി ജീപ്പിൽ കടത്താനായിരുന്നു ശ്രമം. ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടി. എരുമേലി റേഞ്ച് ഓഫീസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. നായാട്ടിനു ഉപയോഗിച്ച ആയുധങ്ങളും ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

ഒരു മാസത്തിനു മുമ്പ് വണ്ടിപ്പെരിയാർ ചപ്പാത്തിൽ മ്ലാവിനെ വെടിവെച്ച് കൊന്നതും ഈ സംഘം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേട്ടയാടുന്ന കട്ടുമൃഗത്തിന്റെ ഇറച്ചി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇവർ തന്നെ എത്തിച്ചും കൊടുത്തിരുന്നു. കാട്ടിറച്ചി വാങ്ങി ഉപയോഗിച്ച ആളുകളെ ഉൾപ്പെടെ കേസിൽ പ്രതിയാക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.