International

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു

ലങ്കയില്‍ നടന്ന സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന അറിയിച്ചു . കൊളംബോ ഷാങ്ഗ്രി ലാ ഹോട്ടലിലെ ‌സ്ഫോടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 253 ആണെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ്യ സൂത്ര ധാരനും നാഷണല്‍ തൗഹീദ് ജമാ അത്ത് തലവനുമായ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ട വിവരം പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് പുറത്തുവിട്ടത്. കൊളംബോയിലെ ഷാങ്ഗ്രി ലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് ചാവേറായെത്തിയ സഹ്രാന്‍ ഹാഷിം കൊല്ലപ്പട്ടത്. മൃതദേഹം തിരിച്ചറിഞ്ഞ ശേഷമാണ് ശ്രീലങ്കന്‍ സര്‍ക്കാറിന്‍റെ പ്രഖ്യാപനം.

സ്ഫോടനത്തിന് പിന്നില്‍ സഹ്രാന്‍ ഹാഷിം ഉള്‍പ്പെട്ട സംഘമാണെന്ന വീഡിയോ ഐ.എസ് നേരത്തെ പുറത്തുവിട്ടിരുന്നു. സ്ഫോടനത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരണസഖ്യ 359 ആണെന്നായിരുന്നു ഇതുവരെയുള്ള കണക്ക്, ഇത് കണക്കുകളിലുണ്ടായ പിഴവ് മൂലമാണെന്ന് മൈത്രിപാല സിരിസേന വ്യക്തമാക്കി. രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരകള്‍ക്ക് ശേഷം ഇന്‍റലിജന്‍സ്, മിലിട്ടറി വിഭാഗങ്ങള്‍ വിചാരണ നേരിടുകയാണ്. സംഭവത്തില്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന് വീഴ്ചയുണ്ടാതായി സിരിസേന ആവര്‍ത്തിച്ചു. വീഴ്ച ഏറ്റെടുത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ പുജിത് ജയസുന്ദര രാജിവെച്ചു. പ്രതിരോധ സെക്രട്ടറി ഹെമാസിരി ഫെര്‍ണാഡോ കഴിഞ്ഞ ദിവസം പദവിയൊഴിഞ്ഞിരുന്നു.