International

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷത്തിലേക്ക്; ആഫ്രിക്കയില്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷത്തിലേക്ക്. മരണം രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞു.

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷത്തിലേക്ക്. മരണം രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞു. 13 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായി. അതേസമയം ആഫ്രിക്കയില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം പേര്‍ കോവിഡ് ബാധിച്ച് മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

കോവിഡ് ഏറെ രൂക്ഷമായ അമേരിക്കയില്‍ രോഗികളുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രണ്ടായിരത്തിലേറെ പുതിയ മരണം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കക്ക് വെന്റിലേറ്ററുകള്‍ നല്‍കാമെന്ന് റഷ്യ സമ്മതിച്ചുവെന്ന് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് അറിയിച്ചു. ഒരു സമയത്ത് രോഗവ്യാപനം കൂടുതലുണ്ടായിരുന്ന സ്പെയിന്‍ അതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. 213 മരണം മാത്രമാണ് ഒടുവില്‍ സംഭവിച്ചത്. എന്നാല്‍ ബ്രിട്ടണിലും ബ്രസീലിലും അഞ്ഞൂറിലേറെ പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ചു.

റഷ്യയില്‍ പതിനൊന്നായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ജര്‍മനിയില്‍ കോവി‍ഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അതേസമയം ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുകളാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്നത്. ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം പേര്‍ ആഫ്രിക്കയില്‍ മാത്രം ഈ വര്‍ഷം കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് കണ്ടെത്തല്‍. 44 ലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അതിനിടെ വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയാണ്. മെയ് 12 മുതല്‍ പൊതു കൂടിച്ചേരലുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ലാത്വിയ ഇളവ് അനുവദിക്കും. ഡെന്മാര്‍ക്കില്‍ ചില്ലറ വ്യാപാര മേഖല തുറക്കാന്‍ ഒരുങ്ങുകയാണ്. പാകിസ്താനും നാളെ മുതല്‍ ലോക്ഡൗണില്‍ ഇളവ് നല്‍കും.