International

’20 വർഷം മുൻപുള്ളവരല്ല ഞങ്ങൾ’; കാബൂൾ തെരുവിൽ പ്രതിഷേധവുമായി സ്ത്രീകൾ

താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. (Women Kabul march rights)

അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാകയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാനെ കീഴടക്കി പഞ്ജ്ഷീർ താഴ്‌വര കീഴടക്കിയതിനു പിന്നാലെയായിരുന്നു താലിബാൻ്റെ വിജയാഘോഷം. ഇതിൻ്റെ വെടിയൊച്ചകൾ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം നങ്കർഹർ പ്രവിശ്യയിൽ കുറഞ്ഞത് 17 പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. എത്ര പേർ കൊല്ലപ്പെട്ടുവെന്നോ എത്ര പേർക്ക് പരുക്കേറ്റുവെന്നോ ഉള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ല.

അതേസമയം, പഞ്ജ്ഷീർ താഴ്‌വര കീഴടക്കി എന്ന വാർത്ത വ്യാജമാണെന്ന് നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ അറിയിച്ചു.

നേരത്തെ, താലിബാനുമായുള്ള സഹകരണം ആപത്തെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ അടിയന്തരമായി ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ഐക്യരഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണ ശേഖരം തീരും. പതിനായിരങ്ങളുടെ പട്ടിണി അകറ്റാനായി ഭക്ഷണം സമാഹരിക്കാൻ അടിയന്തര സഹായം വേണമെന്നും അതിനായി ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും അഫ്ഗാനിസ്ഥാനിലെ യു.എൻ. പ്രതിനിധി റാമിസ് അലാകബറോവ് അറിയിച്ചു.