International

ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്ക് പുറമെ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങളിൽ വാക്‌സിന്റെ ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ വരെയെങ്കിലും ബൂസ്റ്റർ ഡോസ് വിതരണം നിർത്തി വയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. മരുന്നുകമ്പനികൾ സന്പന്നരാഷ്ടങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകുന്നത് നിയന്ത്രിക്കണമെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

“ഡെൽറ്റ വേരിയന്റിൽ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടെയും ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, വാക്സിനുകളുടെ ആഗോള വിതരണത്തിൽ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങൾ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല,” ടെഡ്രോസ് കൂട്ടിച്ചേർത്തു. വാക്സീൻ ഡോസുകൾ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച്, ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ മെയ് മാസത്തിൽ ഓരോ 100 ആളുകൾക്കും 50 ഡോസുകൾ നൽകി, അതിനുശേഷം ആ എണ്ണം ഇരട്ടിയായി. എന്നാൽ വാക്‌സിനുകളുടെ വിതരണത്തിന്റെ അഭാവം മൂലം, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് ഓരോ 100 ആളുകൾക്കും 1.5 ഡോസുകൾ മാത്രമേ നൽകാൻ കഴിയൂ.

ഡെൽറ്റ വേരിയന്റിന്റെ വ്യാപനം തടയാൻ, അധിക ഷോട്ടുകൾ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ശാസ്ത്രജ്ഞർ ചർച്ച ചെയ്യുമ്പോഴും ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കാൻ തുടങ്ങി.

രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് സെപ്റ്റംബർ മുതൽ വീണ്ടും ബൂസ്റ്റർ വാക്സീൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റർ വാക്സീൻ നൽകുമെന്ന് യു.എ.ഇ.യും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് കൊവിഡ് വാക്സിന്റെ മൂന്നാമത്തെ ഷോട്ട് ലഭിച്ചു, രാജ്യത്ത് 60 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള പ്രചാരണവും അവർ ആരംഭിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.