International

ഇറാനെതിരെ കടുത്ത സമ്മർദ തന്ത്രവുമായി അമേരിക്ക

ഇറാനുമേലുള്ള യുഎന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം.

ഇറാനെതിരെ കടുത്ത സമ്മർദ തന്ത്രവുമായി ട്രംപ് ഭരണകൂടം വീണ്ടും രംഗത്ത്. ഇറാനെതിരെ ആയുധ ഉപരോധം നീട്ടാനുള്ള പ്രമേയം യുഎൻ രക്ഷാസമിതി തള്ളിയതോടെ സ്വന്തം നിലക്ക് ഉപരോധ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് വൈറ്റ് ഹൗസിന്‍റെ മുന്നറിയിപ്പ്. ആണവ കരാറിന്‍റെ ഭാവി ചർച്ച ചെയ്യാൻ സംയുക്ത സമിതി അടുത്ത മാസം ഒന്നിന് ബ്രസൽസിൽ യോഗം ചേരും.

ഇറാനുമേലുള്ള യുഎന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം. ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധം പുനഃസ്ഥാപിക്കണമെന്നാണ് യുഎസ് ആവശ്യം. ഇറാൻ 2015ലെ ആണവ കരാർ ലംഘിക്കുകയാണെന്ന് ആരോപിച്ച് അമേരിക്ക യുഎൻ രക്ഷാസമിതിക്ക് കത്ത് നൽകി. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് കത്ത് കൈമാറിയത്. ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറിന്‍റെ ലംഘനമാണെന്നാണ് അമേരിക്കയുടെ കുറ്റപ്പെടുത്തൽ.

പുതിയ കരാറിന് തയാറാകണമെന്ന ട്രംപിന്‍റെ മുന്നറിയിപ്പ് ഇറാൻ തള്ളി. ഇറാനെതിരെ ആയുധ ഉപരോധം നീട്ടുന്നതിനെ റഷ്യ, ചൈന ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ വിമർശിച്ചു. അതേസമയം പുതുതായി രണ്ട് ദീർഘദൂര മിസൈൽ പരീക്ഷണം നടത്തിയ ഇറാന്‍റെ നടപടി ഗൾഫ് രാജ്യങ്ങളിൽ ആശങ്ക വർധിപ്പിച്ചു. ഇറാന് മേലുള്ള ആയുധ ഉപരോധം അവസാനിക്കുന്നത് മേഖലയുടെ സമാധാനത്തിന് ഭീഷണിയാകുമെന്നാണ് ആറംഗ ഗൾഫ് രാജ്യങ്ങളുടെ വേദിയായ ജിസിസി നൽകുന്ന മുന്നറിയിപ്പ്.