International

വോട്ടെടുപ്പിന് ഇനി 8 ദിവസം കൂടി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 8 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തിയവരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉള്‍പ്പെടും.

നവംബര്‍ മൂന്നാണ് അമേരിക്കയില്‍ വോട്ടെടുപ്പ് തിയതി. പക്ഷേ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ വോട്ടു ചെയ്യാനുള്ള നിയമമുണ്ട്. ഓരോ സംസ്ഥാനത്തും നേരത്തെയുള്ള വോട്ടിന് വ്യത്യസ്ത നിബന്ധനകളാണുള്ളത്. തപാല്‍ വോട്ടും സാധാരണ വോട്ടും മിക്ക സംസ്ഥാനങ്ങളും അംഗീകരിക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങളില്‍ സെപ്തംബറില്‍ തന്നെ വോട്ടെടുപ്പ് തുടങ്ങി. നവംബറില്‍ മാത്രം തുടങ്ങുന്ന സംസ്ഥാനങ്ങളുമുണ്ട്. അമേരിക്കയില്‍ ഇത്തവണ 15 കോടി പേര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മൂന്നിലൊന്നിലധികം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. ഏകദേശം 6 കോടിയോളം പേര്‍. 2016ല്‍ നേരത്തെ വോട്ട് ചെയ്ത ആകെ എണ്ണത്തെ ഇപ്പോള്‍ തന്നെ മറികടന്നു.

ഇനിയുള്ള ദിവസങ്ങളില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടും. കോവിഡ് ഭീതി തന്നെയാണ് നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടാനുള്ള കാരണം. നവംബര്‍ മൂന്നിലെ തിരക്കൊഴിവാക്കുകയാണ് ലക്ഷ്യം. 65 വയസിനു മുകളിലുള്ള 63% പേര്‍ നവംബര്‍ മൂന്നിനു മുന്‍പ് വോട്ട് ചെയ്യും. തപാല്‍ വോട്ടുകളടക്കം വര്‍ധിക്കുന്നത് തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ ഇടയാക്കുമെന്ന ആശങ്ക നിലവിലുണ്ട്. പോസ്റ്റല്‍ ബാലറ്റുകളില്‍ വിശ്വാസമില്ലെന്ന് ട്രംപ് പല തവണ പറയുകയും ചെയ്തിരുന്നു.